മദീന: ഈ വർഷം ആദ്യ പാദത്തിൽ വിദേശത്തു നിന്നുള്ള ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ 11 ശതമാനം വർധനവുണ്ടായതായി സൗദി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 65 ലക്ഷത്തിലേറെ വിദേശ തീർത്ഥാടകർ പുണ്യഭൂമിയിലെത്തി ഉംറ നിർവഹിച്ചതായി മദീനയിൽ നടക്കുന്ന ഉംറ, സിയാറ ഫോറം ഉദ്ഘാടനം ചെയ്യവെ മന്ത്രി അറിയിച്ചു.
കഴിഞ്ഞ റമദാനിൽ ഇരു ഹറമുകളിലും എത്തിയ തീർത്ഥാടകരുടെയും സന്ദർശകരുടെയും ആരാധകരുടെയും എണ്ണം 12.2 കോടി കവിഞ്ഞു. യൂറോമോണിറ്റർ ഇന്റർനാഷണൽ 2024 റിപ്പോർട്ട് അനുസരിച്ച്, സന്ദർശകരുടെ എണ്ണത്തിൽ മക്ക ആഗോള തലത്തിൽ അഞ്ചാം സ്ഥാനത്തും ടൂറിസം പ്രകടന സൂചികയിൽ മദീന ആഗോള തലത്തിൽ ഏഴാം സ്ഥാനത്തുമെത്തി.
ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായി. 2022-ൽ 33 ലക്ഷം യാത്രക്കാരാണ് ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ സർവീസുകൾ ഉപയോഗിച്ചത്. കഴിഞ്ഞ കൊല്ലം 88 ലക്ഷം യാത്രക്കാർ മക്ക, മദീന ട്രെയിൻ സർവീസ് പ്രയോജനപ്പെടുത്തി. തീർത്ഥാടകർക്കും സന്ദർശകർക്കും നൽകുന്ന ഗതാഗത സേവനങ്ങളിലെ പുരോഗതിയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു.
തീർത്ഥാടന യാത്രയിലെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണക്കുന്നതിന്റെ ഭാഗമായി നൂറിലേറെ സേവനങ്ങൾ ഉൾപ്പെടുത്തി നുസുക് ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. നുസുക് ആപ്പിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 1.8 കോടി കവിഞ്ഞിട്ടുണ്ട്. തീർത്ഥാടകരുടെയും സന്ദർശകരുടെയും ആഗ്രഹങ്ങൾക്കും മുൻഗണനകൾക്കും അനുസരിച്ചാണ് നുസുക് ആപ്പിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയത്.
ഉംറ പെർമിറ്റ് ബുക്കിംഗ്, റൗദ ശരീഫ് സിയാറത്ത് ബുക്കിംഗ്, ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ ബുക്കിംഗ്, നുസുക് മാർക്കറ്റ് എന്നിവയാണ് നുസുക് ആപ്പ് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങൾ. തീർത്ഥാടകരുടെയും സന്ദർശകരുടെയും അനുഭവം സമ്പന്നമാക്കാനായി മക്കയിലും മദീനയിലും പുനരുദ്ധരിച്ച ചരിത്ര സ്ഥലങ്ങളുടെ എണ്ണം 55 ആയി ഉയർന്നിട്ടുണ്ട്. റൗദ ശരീഫിന്റെ പ്രതിദിന ശേഷി 52,000 ലേറെ സന്ദർശകരായി വർധിപ്പിച്ചിട്ടുണ്ട്.
ഉംറ, സിയാറത്ത് ഫോറത്തിൽ 330 സൗദി ഉംറ കമ്പനികളും ലോകമെമ്പാടുമുള്ള 8,000 ഏജന്റുമാരും പങ്കെടുക്കുന്നുണ്ട്. വിദേശ ഏജന്റുമാരുമായി സൗദി കമ്പനികൾ ഫോറത്തിനിടെ കൂടിക്കാഴ്ചകൾ നടത്തുന്നു. ഉംറ സേവന മേഖലയിൽ പ്രവർത്തിക്കുന്ന സൗദി കമ്പനികളും സ്ഥാപനങ്ങളും വിദേശ ഏജൻസികളും ഫോറത്തിനിടെ നാലായിരത്തോളം കരാറുകൾ ഒപ്പുവെക്കുമെന്നും മന്ത്രി പറഞ്ഞു.
ഫോറത്തിൽ ലോകമെമ്പാടുമുള്ള 100 പ്രദർശകർ പങ്കെടുക്കുന്നുണ്ട്. നൂറിലേറെ വിദഗ്ധർ പങ്കെടുക്കുന്ന 50 ശിൽപശാലകളും നടക്കും. 30,000 ഓളം പേർ ഫോറം സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.