- സ്വയം പ്രഖ്യാപിത പുരോഗമന രാഷ്ട്രീയക്കാർക്കുമുള്ള മറുപടിയെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്‌ലിയ
കോഴിക്കോട്: വനിതാ പ്രാതിനിധ്യത്തിൽ വിപ്ലവകരമായ തീരുമാനവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി. സംഘടനയുടെ ശാഖാ തലം തൊട്ട് സംസ്ഥാന തലം വരെയുള്ള എല്ലാ ഘടകങ്ങളിലും പദവികളിൽ 20 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തിയാണ് യൂത്ത് ലീഗ് കാലം ആവശ്യപ്പെടുന്ന മാറ്റത്തിന് തയ്യാറായിരിക്കുന്നത്. കഴിഞ്ഞദിവസം കോഴിക്കോട് ചേർന്ന പാർട്ടി സംസ്ഥാന കൗൺസിൽ യോഗമാണ് ഭരണഘടനാ ഭേദഗതിയിലൂടെ ഇത്തരമൊരു നിർണായക തീരുമാനം കൈക്കൊണ്ടത്. ഇതനുസരിച്ച് ഈ വരുന്ന മെയ് ഒന്നു മുതൽ ആരംഭിക്കുന്ന സംഘടനയുടെ അംഗത്വ ക്യാമ്പയ്ൻ മുതൽ നിലവിൽ വരുന്ന കമ്മിറ്റികളിൽ പുതിയ തീരുമാനം നടപ്പാകുമെന്ന് കൗൺസിൽ പ്രഖ്യാപിച്ചു.
യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടിവിലും സംസ്ഥാന കൗൺസിലിലും സംസ്ഥാന സെക്രട്ടറിയും ഭരണഘടനാ സബ്കമ്മിറ്റി കൺവീനറുമായ ഗഫൂർ കോൽക്കളത്തിൽ അവതരിപ്പിച്ച ഭരണഘടന കരട് ഭേദഗതി ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. ഭരണഘടനാ പരിഷ്‌കരണ സമിതിയുടെ നിർദേശം അംഗീകരിച്ച യൂത്ത് ലീഗ് തീരുമാനത്തിന് നിറഞ്ഞ കൈയടിയും പിന്തുണയുമാണ് സംഘടനയ്ക്ക് അകത്തും പുറത്തുനിന്നും ലഭിക്കുന്നത്.
യൂത്ത് ലീഗിന്റെ വിപ്ലവകരമായ ഈ തീരുമാനം സ്വാഭാവികമായും മാതൃസംഘടനയായ മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടുമാകുമെന്നിരിക്കെ, വിദ്യാർത്ഥി-യുവജന തലങ്ങൾക്കൾപ്പുറം പാർട്ടിയിൽ സർവതല സ്പർശിയായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആസന്നമായ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇത് വലിയൊരളവിൽ ഗുണം ചെയ്യുമെന്നും തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റ് നിർണയത്തിൽ പൂർണാർത്ഥത്തിൽ ഉണ്ടായില്ലെങ്കിലും ഇതിന്റെ അനുരണനങ്ങൾ വലിയ അളവിൽ സ്വാധീനക്കിപ്പെടുമെന്നാണ് കരുതുന്നത്.
യൂത്ത് ലീഗ് തീരുമാനത്തെ ചരിത്രപരമായ തീരുമാനം എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. ലീഗിന് വനിതാ ഘടകം നിലവിലുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് പേരിനെങ്കിലും ഒരു സീറ്റിൽ മത്സരിക്കാൻ കടുത്ത സമ്മർദ്ദങ്ങൾ വേണ്ടിയിരുന്നു. പിന്നീട് മനമില്ലാ മനസ്സോടെ ലീഗ് നേതൃത്വം വനിതകൾക്ക് സീറ്റ് പതിച്ചുനൽകിയെങ്കിലും ഇതുവരെയും നിയമസഭ കാണാൻ വനിതാ നേതാക്കൾക്ക് അവസരം കൈവന്നിട്ടില്ല. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ പല വനിതാ നേതാക്കളും കരുത്തു തെളിയിക്കുകയും പാർട്ടിയുടെ വിദ്യാർത്ഥി-യുവജന നിരയിൽ ശ്രദ്ധിക്കപ്പെടുകയുമുണ്ടായി.
2012-ൽ വിദ്യാർത്ഥിനികളുടെ കൂട്ടായ്മയായി ഹരിതയുടെ രൂപീകരണത്തോടെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പിടിച്ചെടുത്തു കരുത്താർജിക്കാനും ഹരിത വിദ്യാർത്ഥിനികൾക്ക് സാധിച്ചിരുന്നു. തുടർന്ന് ഈയടുത്ത കാലയളവിൽ യൂത്ത് ലീഗിന്റെ സംസ്ഥാന കമ്മിറ്റിയിൽ വിദ്യാർത്ഥിനികൾക്കു അർഹമായ ഇടം നൽകി പൊതുധാരയോടൊപ്പം നിർത്താൻ നേതൃത്വം ശ്രദ്ധിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് നേതൃത്വം 20 ശതമാനം സംവരണവും ഉറപ്പാക്കിയിരിക്കുന്നത്. ഇത് ലീഗിനകത്തും പുറത്തും സമൂഹത്തിൽ വലിയ ചലനമുണ്ടാക്കുമെന്നാണ് പൊതുവെ കരുതുന്നത്. പുതിയ കാലവും ലോകവും സ്ത്രീ സമൂഹവും ആഗ്രഹിക്കുന്ന കാതലായ മാറ്റങ്ങൾക്കും ചലനങ്ങൾക്കും പുതിയ തീരുമാനം ഊർജം പകരുമെന്നാണ് പ്രത്യാശിക്കുന്നത്. ഭാരവാഹിത്വത്തിൽ അടക്കം ലഭിക്കുന്ന ഈ പ്രാതിനിധ്യം പാർട്ടിയുടെ നിയമസഭ സീറ്റിലും മറ്റും ഉടൻ അതേപ്പടി ലഭിക്കാൻ ഇടയില്ലെങ്കിലും സമീപ ഭാവിയിൽ വലിയ പ്രതിഫലനങ്ങളുണ്ടാക്കുമെന്നുറപ്പാണ്.
വനിതാ പ്രാതിനിധ്യം കുറഞ്ഞുവെന്നാരോപിച്ച് ലീഗിനെ ഒറ്റുതിരിഞ്ഞ് ആക്രമിക്കുന്ന പല സ്വയം പ്രഖ്യാപിത പുരോഗമന രാഷ്ട്രീയക്കാർക്കുമുള്ള മറുപടിയാണ് യൂത്ത് ലീഗ് തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്‌ലിയ പ്രതികരിച്ചു. ഈ സ്വയം പ്രഖ്യാപിത പുരോഗമനം വിളമ്പുന്നവരുടെ പൊളിറ്റ് ബ്യൂറോയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും 20 ശതമാനം വനിതാ സംവരണം ഉറപ്പാക്കാൻ സാധിക്കാത്ത സ്ഥിതിക്ക് യൂത്ത് ലീഗ് നടത്തിയ പുതിയ ചുവടുകൾ കാലവും ചരിത്രവും കൂടുതൽ മികവാർന്ന നിലയിൽ അടയാളപ്പെടുത്തുമെന്നും ഇവർ വ്യക്തമാക്കുന്നു.