ബറേലി, ഉത്തർപ്രദേശ്- പൗരത്വനിയമത്തെ ഇന്ത്യൻ മുസ്ലിംകൾ സ്വാഗതം ചെയ്യണമെന്ന് അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി ആവശ്യപ്പെട്ടു. സി.എ.എ സംബന്ധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് ബറേൽവി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ ഗവൺമെന്റ് നടപ്പിലാക്കിയ നിയമത്തെ ഞാൻ സ്വാഗതം ചെയ്യുന്നുവെന്നും ഇത് വളരെ നേരത്തെ ചെയ്യണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമവുമായി ബന്ധപ്പെട്ട് മുസ്ലീങ്ങൾക്കിടയിൽ ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതത്തിന്റെ അടിസ്ഥാനത്തിൽ അതിക്രമങ്ങൾ നേരിടുന്ന അമുസ്‌ലിംകൾക്ക് പൗരത്വം നൽകാൻ നേരത്തെ നിയമമൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോടിക്കണക്കിന് ഇന്ത്യൻ മുസ്ലീങ്ങളെ ഈ നിയമം ബാധിക്കില്ല. ഈ നിയമം ഒരു മുസ്ലീമിന്റെയും പൗരത്വം എടുത്തുകളയാൻ പോകുന്നില്ല. കഴിഞ്ഞ വർഷങ്ങളിൽ പ്രതിഷേധങ്ങൾ ഉണ്ടായത് നാം കണ്ടതാണ്. ഇത് തെറ്റിദ്ധാരണ മൂലമാണ് സംഭവിച്ചത്. ചില രാഷ്ട്രീയക്കാർ മുസ്ലീങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ സൃഷ്ടിച്ചു. ഇന്ത്യയിലെ ഓരോ മുസ്ലിമും സി.എ.എയെ സ്വാഗതം ചെയ്യണം- അദ്ദേഹം കൂട്ടിച്ചേർത്തു.