ഹൈദരാബാദ്: ഐ.പി.എൽ ചരിത്രത്തിലെ രണ്ടാമത്തെ വലിയ റൺചേസിൽ പഞ്ചാബ് കിങ്‌സിനെ എട്ടു വിക്കറ്റിന് വീഴ്ത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 6 വിക്കറ്റിന് 245 റൺസെടുത്തപ്പോൾ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ 9 പന്തുകൾ ബാക്കിനിൽക്കെ ഓറഞ്ചുപട ലക്ഷ്യം കണ്ടു. ബൗളർമാരുടെ ശവപ്പറമ്പായ പിച്ചിൽ അഭിഷേക് ശർമയുടെ (55 പന്തിൽ 141) തട്ടുതകർപ്പൻ സെഞ്ച്വറിയാണ് ആതിഥേയർക്ക് സീസണിലെ രണ്ടാം ജയമൊരുക്കിയത്. 14 ബൗണ്ടറിയും 10 സിക്‌സറുമായി ഐ.പി.എല്ലിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച സ്‌കോർ സ്വന്തമാക്കിയ അഭിഷേക് തന്നെയാണ് മാൻ ഓഫ് ദി മാച്ച്.
ബൗളർമാർക്ക് ഒരു സഹായവും കിട്ടാത്ത, ബാറ്റർമാരുടെ പറുദീസയെന്ന ചീത്തപ്പേരുള്ള ഹൈദരാബാദിലെ പിച്ചിൽ പ്രിയാൻഷ് ആര്യയും (13 പന്തിൽ 36), പ്രഭ്‌സിമ്രൻ സിങ്ങും (23 പന്തിൽ 42) ചേർന്ന് പഞ്ചാബിന് മിന്നും തുടക്കം നൽകിയിരുന്നു. മൂന്ന് ഓവറിൽ 50 പിന്നിട്ട പഞ്ചാബ് പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 89 റൺസും കുറിച്ചു.
മൂന്നാം നമ്പറിലെത്തിയ നായകൻ നായകൻ ശ്രേയസ് അയ്യരുടെ 36 പന്തിൽ 82 റൺസെടുത്ത് സീസണിലെ തന്റെ ഫോം തുടർന്നപ്പോൾ മാർക്കസ് സ്റ്റോയ്‌നിസിന്റെ (11 പന്തിൽ 34 നോട്ടൗട്ട്) കാമിയോ ഇന്നിങ്‌സാണ് സ്‌കോർ 245-ലെത്തിച്ചത്. അവസാന ഓവറിൽ നാല് സിക്‌സറടക്കം 27 റൺസ് വഴങ്ങിയ മുഹമ്മദ് ഷമി മൊത്തം 75 റൺസ് വിട്ടുകൊടുത്ത് രണ്ടാമത്തെ ഏറ്റവും മോശം സ്‌പെല്ലിന് ഉടമയാവുകയും ചെയ്തു. നെഹാൽ വദ്ര (22 പന്തിൽ 27) ഭേദപ്പെട്ട സ്‌കോർ നേടിയപ്പോൾ ശശാങ്ക് സിങ്ങിനും (2) ഗ്ലെൻ മാക്‌സ്‌വെല്ലിനും (3) തിളങ്ങാൻ കഴിഞ്ഞില്ല. 42 റൺസിന് നാലു വിക്കറ്റെടുത്ത് ഹർഷൽ പട്ടേൽ ബൗളർമാരിൽ വേറിട്ടുനിന്നു.
കൂറ്റൻ സ്‌കോറിന്റെ ആത്മവിശ്വാസത്തിൽ പന്തെടുത്ത പഞ്ചാബിന് ട്രാവിസ് ഹെഡ്ഡും (37 പന്തിൽ 66) അഭിഷേക് ശർമയും (141) തമ്മിലുള്ള ഓപ്പണിങ് പാർട്ണർഷിപ്പ് തന്നെ ജീവിതത്തിന്റെ കാഠിന്യം മനസ്സിലാക്കിക്കൊടുത്തു. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ വാരിക്കൂട്ടിയത് 12.2 ഓവറിൽ 171 റൺസ്. ചഹലിന്റെ പന്തിൽ മാക്‌സ്‌വെൽ പിടിച്ച് ട്രാവിസ് ഹെഡ് മടങ്ങിയെങ്കിലും അഭിഷേക് കൂറ്റനടി തുടർന്നു. മറുവശത്ത് ഹെൻറിക് ക്ലാസൻ (21) യുവതാരത്തിന് മികച്ച പിന്തുണ നൽകി.
ബൗളർമാരെ മൈതാനത്തിന്റെ നാലു ഭാഗത്തേക്കും പ്രഹരിച്ചു മടുത്ത അഭിഷേക് 16.2 ഓവറിൽ മടങ്ങുമ്പോഴേക്ക് സ്‌കോർ 222 റൺസിൽ എത്തിയിരുന്നു. ശേഷിച്ച ജോലി ക്ലാസനും ഇഷാൻ കിഷനും (9) ചേർന്ന് തീർത്തതോടെ ഹൈദരാബാദിന്റെ വിജയക്ഷാമം അവസാനിച്ചു.