ന്യൂഡല്‍ഹി– നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് തീരുമാനമെടുക്കാന്‍ ഗവര്‍ണർമാർക്ക് സമയം നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവിനെ വിമര്‍ശിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്രേ അര്‍ലേക്കര്‍. സുപ്രീംകോടതി അധികാര പരിധി ലംഘിച്ചുവെന്നാണ് ഗവര്‍ണർ അര്‍ലേക്കറുടെ വാദം. ഭരണഘടന മാറ്റാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണെന്നും രണ്ട് ജഡ്ജിമാര്‍ക്ക് മാറ്റിഴെയുതാനുള്ള അധികാരമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് അര്‍ലേക്കറുടെ വിമര്‍ശനം.
നിയമസഭ പാസാക്കിയ പത്തോളം ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ, തിരിച്ചയക്കുകയാണെങ്കിലോ മൂന്ന് മാസത്തിനുള്ളില്‍ ചെയ്യണെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഗവര്‍ണര്‍ക്ക് ബില്ല് പാസാക്കുന്നതില്‍ ഭരണഘടനയില്‍ സമയം നിശ്ചയിച്ചിട്ടില്ലെന്ന് ഗവര്‍ണർ പറഞ്ഞു. ഹരജി പരിഗണിച്ച ബെഞ്ച് വിഷയം ഭരണഘടന ബെഞ്ചിന് വിടണമായിരുന്നു. കോടതി നേരിട്ട് ഭരണഘടന ഭേദഗതി നടത്തുകയാണെങ്കില്‍ നിയമസഭയും പാര്‍ലമെന്റും എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഭരണഘടന ഭേദഗതിക്കുള്ള അധികാരം പാര്‍ലമെന്റിനാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ജുഡീഷ്യറി അതിരുകടന്ന് ഇടപ്പെട്ടു. ഇത് ചെയ്യാന്‍ പാടില്ലായിരുന്നെന്നും ഗവര്‍ണർ പറഞ്ഞു.