അബുദാബി – യു.എ.ഇ മധ്യസ്ഥതയില്‍ റഷ്യയും അമേരിക്കയും അബുദാബിയില്‍ വെച്ച് തടവുകാരെ പരസ്പരം കൈമാറി. ഒരു അമേരിക്കന്‍ പൗരന് പകരം ഒരു റഷ്യന്‍ പൗരനെ കൈമാറാന്‍ യു.എ.ഇ വിദേശ മന്ത്രാലയം സൗകര്യമൊരുക്കി. തടവുകാരുടെ കൈമാറ്റ ചടങ്ങില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. തടവുകാരുടെ കൈമാറ്റ പ്രക്രിയക്കുള്ള സ്ഥലമായി അബുദാബിയെ നിശ്ചയിച്ച് അമേരിക്കന്‍, റഷ്യന്‍ ഗവണ്‍മെന്റുകള്‍ യു.എ.ഇയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് വിദേശ മന്ത്രാലയം നന്ദി പ്രകടിപ്പിച്ചു.
തടവുകാരുടെ കൈമാറ്റ പ്രക്രിയക്കായി അബുദാബി തെരഞ്ഞെടുത്തത് യു.എ.ഇയുമായുള്ള ഇരു രാജ്യങ്ങളുടെയും അടുത്ത സൗഹൃദബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായും വിദേശ മന്ത്രാലയം പറഞ്ഞു. ഈ ശ്രമങ്ങള്‍ സംഘര്‍ഷങ്ങള്‍ കുറക്കുമെന്നും സംവാദം വര്‍ധിപ്പിക്കുമെന്നും പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷക്കും സ്ഥിരതക്കും സഹായിക്കുമെന്നും യു.എ.ഇ പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറഞ്ഞു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിനു ശേഷം അമേരിക്കയും റഷ്യയും തമ്മില്‍ നടത്തുന്ന രണ്ടാമത്തെ തടവുകാരുടെ കൈമാറ്റമാണിത്. ട്രംപ് വീണ്ടും അധികാരമേറ്റതോടെ റഷ്യയും അമേരിക്കയും അടുത്ത ബന്ധത്തിനായി ശ്രമിച്ചുവരികയാണ്. രാജ്യദ്രോഹക്കുറ്റത്തിന് 12 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട യു.എസ്-റഷ്യന്‍ ബാലെ നര്‍ത്തകി സെനിയ കരേലിനയെയാണ് റഷ്യ വിട്ടയച്ചത്. പകരമായി, കയറ്റുമതി നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് അമേരിക്കന്‍ ജയിലില്‍ കഴിയുകയായിരുന്ന റഷ്യന്‍-ജര്‍മന്‍ പൗരനായ ആര്‍തര്‍ പെട്രോവിനെ അമേരിക്കയും വിട്ടയച്ചു. സെന്‍സിറ്റീവ് മൈക്രോഇലക്ട്രോണിക്സ് കയറ്റുമതി ചെയ്തതിന് അമേരിക്കയുടെ അഭ്യര്‍ഥന പ്രകാരം 2023 ല്‍ സൈപ്രസില്‍ വെച്ചാണ് ആര്‍തര്‍ പെട്രോവ് അറസ്റ്റിലായത്.
അബുദാബി വിമാനത്താവളത്തില്‍ ഇന്ന് നടന്ന കൈമാറ്റത്തിനിടെ സി.ഐ.എ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് സന്നിഹിതനായിരുന്നുവെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. നമ്മുടെ ഉഭയകക്ഷി ബന്ധത്തില്‍ ആഴത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടെങ്കിലും റഷ്യയുമായുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ തുറന്നിടേണ്ടതിന്റെ പ്രാധാന്യം തടവുകാരുടെ കൈമാറ്റം കാണിക്കുന്നതായി സി.ഐ.എ വക്താവ് വാള്‍ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.
റഷ്യയില്‍ മറ്റു അമേരിക്കക്കാര്‍ തെറ്റായി തടങ്കലില്‍ തുടരുന്നതില്‍ ഞങ്ങള്‍ നിരാശരാണെങ്കിലും ഈ കൈമാറ്റം ഒരു പോസിറ്റീവ് നടപടിയായി ഞങ്ങള്‍ കാണുന്നു. അവരുടെ മോചനത്തിനായി ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും – സി.ഐ.എ വക്താവ് പറഞ്ഞു.
1991 ല്‍ ജനിച്ച് ലോസ് ഏഞ്ചല്‍സില്‍ താമസിച്ചിരുന്ന കരേലിന, ഉക്രൈന്‍ അനുകൂല ചാരിറ്റിക്ക് 50 ഡോളര്‍ സംഭാവന നല്‍കിയതിന് 12 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു. 2024 ജനുവരിയില്‍ യുറല്‍സ് നഗരമായ യെക്കാറ്റെറിന്‍ബര്‍ഗില്‍ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് അവര്‍ അറസ്റ്റിലായത്. അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയായിരുന്നു. ഉപകരണങ്ങള്‍, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവ വാങ്ങാന്‍ ഉക്രൈന്‍ സൈന്യത്തിനായി ഫണ്ട് ശേഖരിച്ചതായി റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ആരോപിച്ചു.
എന്നാല്‍ കരേലിന കുറ്റം നിഷേധിച്ചു. ഉക്രൈന് മാനുഷിക സഹായം നല്‍കുന്ന, അമേരിക്ക ആസ്ഥാനമായുള്ള ഒരു സംഘടനക്കാണ് കരേലിന സംഭാവന നല്‍കിയതെന്ന് അവരെ പിന്തുണക്കുന്നവര്‍ പറയുന്നു. ഉക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് റഷ്യക്കെതിരായ അമേരിക്കയുടെ ഉപരോധങ്ങള്‍ ലംഘിച്ച് സൈനിക ഉപയോഗത്തിനായി റഷ്യയിലേക്ക് ഇലക്‌ട്രോണിക് ഘടകങ്ങള്‍ അനധികൃതമായി കയറ്റുമതി ചെയ്തതായി അമേരിക്കന്‍ അധികൃതര്‍ പെട്രോവിനെതിരെ ആരോപിച്ചു.