മലയാള സിനിമയ്ക്ക് ഒറ്റ മമ്മൂട്ടിയേ ഉള്ളു. അദ്ദേഹം ഏത് വേഷമിട്ടാലും എന്തെങ്കിലുമൊക്കെ അത്ഭുതങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാനുണ്ടാവും. ആ പ്രതീക്ഷയാണ് ബസൂക്കയും. ഗെയിമിങ് ആപ്പുകളേയും ഗെയിമിങ്ങിനേയും പ്രമേയമാക്കി മലയാളത്തിലിറങ്ങുന്ന ആദ്യ സിനിമയാണ് ബസൂക്ക. മൊബൈലിലോ കംപ്യൂട്ടറിലോ ഒരു ഗെയിം കളിക്കുന്നതുപോലെ ആദ്യന്തം ആകാംക്ഷയും വെല്ലുവിളികളുമെല്ലാം നിറച്ചുവെച്ച് പ്രേക്ഷകനെ കൂടെക്കൊണ്ടു പോകുന്ന സിനിമ.
ഒരു പുതുമുഖ സംവിധായകനുകൂടി സിനിമയിലേക്ക് വഴി തുറന്നുകൊടുക്കകയാണ് ബസൂക്കയിലൂടെ മമ്മൂട്ടി. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡിനോ ഡെന്നീസ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിച്ച ബസൂക്ക ഒരു പുതുമുഖ സംവിധായകന്റേതാണെന്ന് ആരും പറയില്ല.
ആദ്യം മുതല്‍ ആകാംക്ഷ നിലനിര്‍ത്തിയാണ് ബസൂക്ക മുന്നേറുന്നത്. കൊച്ചിയിലെ മയക്കു മരുന്ന് സംഘങ്ങളെ തച്ചുടച്ച് ക്ലീന്‍ സിറ്റിയാക്കിയ എസിപി ബെഞ്ചമിന്‍ ജോഷ്വക്കും സംഘത്തിനും മുമ്പില്‍ വെല്ലുവിളിയായി ഉയര്‍ന്നുവരികയാണ് തുടര്‍ച്ചയായ മോഷണങ്ങള്‍. ക്ഷേത്രത്തിലെ കല്‍വിഗ്രഹം, ഐ എഫ് എല്‍ കപ്പ് തുടങ്ങി മോഷ്ടിക്കുന്നതിന് മുമ്പേ എസിപിക്കും സംഘത്തിനും മുമ്പില്‍ മോഷ്ടാക്കള്‍ തങ്ങള്‍ ചെയ്യാന്‍ പോകുന്നത് അറിയിക്കുന്നുണ്ട്. ഇത് തടയാന്‍ അവര്‍ക്കാവുന്നില്ല. അങ്ങനെയാണ് എസിപി തന്റെ സുഹൃത്തായ ഫോറന്‍സിക് വിദഗ്ധന്‍ ജോണ്‍ സീസറിന്റെ സഹായം തേടുന്നത്. ജോണ്‍ സീസറും എസിപി ജോഷ്വയും ചേര്‍ന്ന് കുറ്റവാളികളെ പിടികൂടാന്‍ നടത്തുന്ന ശ്രമങ്ങളാണ് ബസൂക്ക.
അതിസങ്കീര്‍ണമായ തിരക്കഥയും അതിലേക്ക് കാഴ്ചക്കാരെ പിടിച്ചിരുത്താനുള്ള ടെക്‌നിക്കുകളുമായാണ് ഡീന്‍ ഡെന്നീസ് തന്റെ ആദ്യ ചിത്രത്തിലൂടെ വന്നിരിക്കുന്നത്. ജോണ്‍ സീസറായി മമ്മൂട്ടിയെത്തുമ്പോള്‍ എസിപി ജോഷ്വയായി ഗൗതം മേനോനും വരുന്നു. ഇവരോടൊപ്പം ഹക്കീം ഷായും കൂടി ചേരുന്നതോടെ രസകരമായൊരു ആക്ഷന്‍ ത്രില്ലറായി ബസൂക്ക പരിണമിക്കുന്നു.
പൂര്‍ണമായും ഗെയിമിംഗ് കേന്ദ്രീകരിച്ചാണ് സിനിമ മുന്നേറുന്നത്. കഥ മാത്രമല്ല പലപ്പോഴും കഥാപാത്രങ്ങളും ഗെയിമിങിലേതു പോലെയാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നിപ്പോകും. ഗെയിമിന്റെ ഓരോ ലെവലും ശ്രദ്ധിച്ച് മുന്നേറി ജയിച്ച് അടുത്ത ലെവലിലേക്കും അടുത്ത വെല്ലുവിളിയിലേക്കുമാണ് സിനിമ നീങ്ങുന്നത്.
നീണ്ടു പോകുന്ന ബസ് യാത്ര, അതിനിടയിലെ സംഭവങ്ങള്‍ ഇതൊക്കെയായി സിനിമയുടെ ആദ്യ പകുതി. രണ്ടാം പകുതിയിലാണ് സിനിമ അതിന്റെ വിശ്വരൂപം പ്രാപിക്കുന്നത്. രണ്ടര മണിക്കൂറിലേറെ നീളമുള്ള സിനിമയുടെ അവസാന അരമണിക്കൂര്‍ മമ്മൂട്ടി തന്റെ വിശ്വരൂപവും പുറത്തെടുക്കുന്നു. പുതിയ ഭാവങ്ങളും പുതിയ രീതികളും മമ്മൂട്ടിക്ക് ഇനിയും ബാക്കിയെന്ന് പ്രേക്ഷകര്‍ അന്തംവിട്ടുപോകുന്ന ആ അരമണിക്കൂറിലാണ് അതുവരെ കണ്ടതല്ല ബസൂക്കയെന്ന് പ്രേക്ഷകര്‍ക്ക് തിരിച്ചറിയാനാവുക.
കാര്യമായ പ്രമോഷനുകളില്ലാതെയും പെട്ടെന്ന് പ്രേക്ഷകരെ പിടിച്ചിരുത്താത്ത ട്രെയിലറുമൊക്കെയായി വന്ന ബസൂക്ക കണ്ടിറങ്ങുമ്പോള്‍ അതീവ രസകരമായൊരു ചിത്രം കണ്ട പ്രതീതി അനുഭവപ്പെടും. മമ്മൂട്ടിക്കൊപ്പം തന്നെ ഗൗതം മേനോനും ഹക്കീം ഷായും സിനിമ മുഴുവനുമുണ്ട്.
ആകാംക്ഷ മാത്രമല്ല മമ്മൂട്ടിയെന്ന സ്‌റ്റൈലിഷ് മാനേയും മമ്മൂട്ടിയെന്ന നടനേയും മമ്മൂട്ടിയെന്ന താരത്തെയുമെല്ലാം ഉപയോഗപ്പെടുത്താന്‍ ഡീനോ ഡെന്നീസിന് സാധിക്കുന്നുണ്ട്. അതോടൊപ്പം മികച്ച മേക്കിംഗ് കൂടിയാകുന്നതോടെ സിനിമ അതിന്റെ പൂര്‍ണതയിലെത്തുന്നു.
സംഘട്ടന രംഗങ്ങള്‍ ഉള്‍പ്പെടെ മമ്മൂട്ടി അതിമനോഹരമായാണ് ബസൂക്കയില്‍ തന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ലോകത്തിലെ വ്യത്യസ്ത സംഭവങ്ങള്‍, നോവലുകള്‍, ചികിത്സാ രീതികള്‍, രോഗങ്ങള്‍ തുടങ്ങി വ്യത്യസ്തമായ നിരവധി വിഷയങ്ങളും ഒരുസമയം ചിത്രത്തില്‍ കൊണ്ടുവരുന്നു.