ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിന് ഞെട്ടൽ. ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരത്തിൽ സ്പാനിഷ് ഭീമന്മാർ എതിരില്ലാത്ത മൂന്നു ഗോളിന് തോൽവിയറിഞ്ഞു. ആർസനൽ ആണ് സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ റയലിനെ നാണം കെടുത്തിയത്. രണ്ടാം പകുതിയിൽ ഡെക്ലൻ റൈസിന്റെ ഇരട്ട ഗോളുകളും മൈക്കൽ മറേനോയുടെ ഗോളും ആഴ്‌സനലിന് വ്യക്തമായ ആധിപത്യം നൽകിയപ്പോൾ ഇഞ്ച്വറി ടൈമിൽ ചുവപ്പുകാർഡ് കണ്ട് മിഡ്ഫീൽഡർ എഡ്വാഡോ കമവിംഗ പുറത്തായത് റയലിന്റെ ആഘാതം വർധിപ്പിച്ചു.
മറ്റൊരു മത്സരത്തിൽ ജർമൻ കരുത്തരായ ബയേൺ മ്യൂണിക്കിനെ അവരുടെ ഗ്രൗണ്ടിൽ മുട്ടുകുത്തിച്ച് ഇന്റർ മിലാനും കരുത്തുകാട്ടി. ലൗത്താറോ മാർട്ടിനസ്, ദാവീദ് ഫ്രറ്റേസി എന്നിവർ ഇന്ററിന്റെ ഗോളുകൾ നേടി. വെറ്ററൻ താരം തോമസ് മുള്ളറിലൂടെയായിരുന്നു ബയേണിന്റെ മറുപടി.
മറ്റ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഇന്ന് ബാർസലോണ ബൊറുഷ്യ ഡോട്മുണ്ടിനെയും പി.എസ്.ജി ആസ്റ്റൻവില്ലയെയും നേരിടും.
ലണ്ടനിൽ പീരങ്കിപ്പട
സ്പാനിഷ് ലീഗിൽ കഴിഞ്ഞ വാരാന്ത്യത്തിൽ വലൻസിയയോട് സ്വന്തം ഗ്രൗണ്ടിൽ തോറ്റ റയൽ മാഡ്രിഡിന് ലണ്ടനിലും സ്ഥിതി ഒട്ടും ആശാവഹമായിരുന്നില്ല. ആദ്യപകുതിയിൽ ആർസനലിന്റെ മികച്ച നീക്കങ്ങൾ ഗോളാകാതെ പോയത് റയലിന്റെ ഭാഗ്യം കൊണ്ടും ഗോൾകീപ്പർ തിബോട്ട് കോർട്ട്വയുടെ മിന്നും സേവുകൾ കൊണ്ടുമായിരുന്നു. കിട്ടിയ അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ കെയ്‌ലിയൻ എംബാപ്പെ പരാജയപ്പെടുകയും ചെയ്തു.
രണ്ടാം പകുതിയിൽ പക്ഷേ, ഭാഗ്യം റയലിനെ തുണച്ചില്ല. 57-ാം മിനുട്ടിൽ ബുകായോ ബാകയെ റയൽ പ്രതിരോധം വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് നേരിട്ട് വലയിലെത്തിച്ച് ഡെക്ലൻ റൈസ് ആർസനലിന് നിർണായക ലീഡ് നൽകി. 66-ാംമിനുട്ടിൽ തുടർച്ചയായ രണ്ട് സേവുകൾ നടത്തിയ കോർട്ട്വ ആതിഥേയരുടെ മറ്റൊരു ഗോളവസരം നഷ്ടമാക്കി. പക്ഷേ, മിനുട്ടുകൾക്കുള്ളിൽ റൈസ് മറ്റൊരു ഫ്രീകിക്ക് കൂടി ഗോളാക്കി മാറ്റി. ഇത്തവണയും സാകയാണ് ഫ്രീകിക്ക് സമ്പാദിച്ചത്. റയൽ പ്രതിരോധത്തെയും കോർട്ട്വയുടെ ഡൈവിനെയും വിഫലമാക്കി പന്ത് പോസ്റ്റിന്റെ മൂലയിലേക്ക് വളഞ്ഞിറങ്ങിയത് മനോഹര കാഴ്ചയായി.
75-ാം മിനുട്ടിൽ ലൂയിസ് സ്‌കെല്ലിയുടെ പാസിന് ഫിനിഷിങ് ടച്ച് നൽകി മൈക്കൽ മൊറേനോ റയലിന്റെ പെട്ടിയിലെ മൂന്നാം ആണിയുമടിച്ചു. ഇഞ്ച്വറി ടൈമിൽ കമവിംഗ രണ്ടാം മഞ്ഞക്കാർഡ് കണ്ടതോടെ കാർലോ ആഞ്ചലോട്ടിയുടെ സംഘത്തിന്റെ ദുരിതം പൂർണമായി.
2009-നു ശേഷം ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനൽ കണ്ടിട്ടില്ലാത്ത ആർസനലിന് ആ നേട്ടത്തിനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. ഏപ്രിൽ 17-ന് റയലിന്റെ തട്ടകത്തിൽ നടക്കുന്ന രണ്ടാം പാദത്തിൽ മൂന്നിലേറെ ഗോളിന് തോൽക്കാതിരുന്നാൽ ഗണ്ണേഴ്‌സ് സെമിയിലേക്ക് മുന്നേറും.
കരുത്തുകാട്ടി ഇന്റർ
ജർമൻ ബുണ്ടസ് ലിഗയിൽ മിന്നും ഫോമിലുള്ള ബയേണിന് ശക്തമായ മത്സരം നൽകിയാണ് ഇന്റർ എവേ മാച്ചിൽ ജയിച്ചു കയറിയത്. 38-ാം മിനുട്ടിൽ മനോഹരമായൊരു ടീം ഗെയിമിനൊടുവിൽ അർജന്റീനാ താരം ലൗത്താരോ മാർട്ടിനസ് സന്ദർശകർക്ക് ലീഡ് നൽകി. പൊരുതിക്കളിച്ച ബയേൺ 85-ാം മിനുട്ടിൽ തോമസ് മുള്ളറിന്റെ ഹെഡ്ഡറിൽ ഗോൾ തിരിച്ചടിച്ചെങ്കിലും 88-ാം മിനുട്ടിൽ ദാവീദ് ഫ്രറ്റേസി ഇന്ററിന് നിർണായക ലീഡ് സമ്മാനിച്ചു.