മഞ്ചേരി- കൃഷ്ണപ്രിയയുടെ അച്ഛൻ ഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നിൽ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ(75) അന്തരിച്ചു. പന്ത്രണ്ടു വയസുള്ള മകളെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ വെടിവെച്ചു കൊന്ന ശങ്കരനാരായണൻ തിങ്കളാഴ്ച രാത്രിയാണ് മഞ്ചേരിയിലെ വീട്ടിൽ മരിച്ചത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 2001 ഫെബ്രുവരി ഒൻപതിനാണ് കൃഷ്ണപ്രിയ കൊല്ലപ്പെട്ടത്. ഏഴാം ക്ലാസിൽ പഠിക്കുകയായിരുന്ന കൃഷ്ണപ്രിയ സ്‌കൂൾ വിട്ടു വരുന്ന വഴി അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. 2002 ജൂലായ് 27ന് ജാമ്യത്തിലിറങ്ങിയ പ്രതിയെ പിതാവ് ശങ്കരനാരായണൻ വെടിവെച്ച് കൊലപ്പെടുത്തി. മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിനാണ് ശിക്ഷിച്ചെങ്കിലും 2006 മെയ് മാസം തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടു. മൃതശരീരം വീണ്ടെടുക്കുന്നതിൽ പോലീസിനു വീഴ്ച പറ്റിയെന്നും ക്രിമിനൽ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകുമെന്നും കാണിച്ചാണ് കോടതി വെറുതെ വിട്ടത്.
രണ്ട് ആൺ മക്കൾക്ക് ശേഷം ശങ്കരനാരായണനും ഭാര്യ ശാന്തകുമാരിക്കും ജനിച്ച ഏക മകളായിരുന്നു കൃഷ്ണപ്രിയ. കൃഷ്ണപ്രിയ കേസിലെ പ്രതി മുഹമ്മദ് കോയയെ വെടിവെച്ചു കൊന്ന ശേഷം ശങ്കരനാരായണൻ പോലീസിൽ കീഴടങ്ങിയിരുന്നു. എന്നാൽ മകളെ കൊന്നയാളെ കൊലപ്പെടുത്തിയ ശങ്കരനാരായണനെതിരെ ഒരാളും രംഗത്തുവന്നില്ല. മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവ പര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വെറുതെവിട്ടു. നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്ന് പറഞ്ഞായിരുന്നു നേരത്തെ മഞ്ചേരി കോടതി ശങ്കരനാരായണനെ ശിക്ഷിച്ചത്.