സിംഗപ്പൂര്‍– ആശുപത്രിയിലെ രോഗിയുടെ സ്വകാര്യ വിവരങ്ങള്‍ അനധികൃതമായി പരിശോധിച്ചതിന് ഇന്ത്യന്‍ വംശജയായ വനിതാ ജീവനക്കാരിക്ക് 3800 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 2.35 ലക്ഷം രൂപ) പിഴ വിധിച്ചു. 39 കാരിയായ ഭുവനേശ്വരി ഭൂപാലനാണ് നിയമം ലംഘിച്ചത്
ജൂനിയര്‍ പേഷ്യന്റ് സര്‍വീസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന ഭുവനേശ്വരി ആശുപത്രിയുടെ, സാപ്(മെു) കമ്പ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ച് തനിക്കു ചുമതലയില്ലാത്ത രോഗിയുടെ വിവരങ്ങള്‍ പരിശോധിക്കുകയായിരുന്നു. രോഗിയുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും ഉള്‍പ്പെടുന്ന ഡാറ്റയാണ് ഇവര്‍ അനധികൃതമായി പരിശോധിച്ചത്.
2023 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ഭുവനേശ്വരിക്ക് ചില വ്യാജ കത്തുകള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കത്തയച്ചത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീയാണെന്ന് സംശയിച്ചാണ് ഭുവനേശ്വരി ആ സ്ത്രീയുടെ രേഖകള്‍ പരിശോധിക്കാന്‍ ശ്രമിച്ചത്. രോഗിയുടെ രേഖകള്‍ പരിശോധിക്കുന്നതിനിടയില്‍ സിസ്റ്റം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണം ആരംഭിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു.
സിംഗപ്പൂര്‍ കമ്പ്യൂട്ടര്‍ ദുരുപയോഗ നിയമപ്രകാരം, അര്‍ഹതയില്ലാത്ത വ്യക്തിയുടെ ഡാറ്റ പരിശോധിക്കുന്നത് ഗുരുതരകുറ്റകൃത്യമാണെന്നും, ഇത് രോഗിയുടെ സ്വകാര്യതയ്ക്ക് വലിയ ഭീഷണിയാണെന്നും കോടതി വ്യക്തമാക്കി. ആശുപത്രിയിലെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഡാറ്റാ സുരക്ഷയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നതിനാല്‍, ഇത്തരം നിയമലംഘനങ്ങളില്‍ കര്‍ശന നടപടി തുടരുമെന്ന മുന്നറിയിപ്പാണ് കേസിലൂടെ നല്‍കുന്നത്.