മലപ്പുറം- ഗർഭിണിയായ ഭാര്യക്ക് ആവശ്യമായ ചികിത്സ നൽകാതെയും ആശുപത്രിയിൽ എത്തിക്കാതെയും മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് സിറാജുദ്ദീൻ ലത്തീഫിക്ക് എതിരെ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. മലപ്പുറം ചട്ടിപ്പറമ്പിലാണ് പ്രസവത്തിനിടെ പെരുമ്പാവൂർ സ്വദേശിയായ അസ്മ മരിച്ചത്. യുറ്റ്യൂബിൽ മടവൂർ ഖാഫില എന്ന പേരിൽ ചാനൽ നടത്തുന്ന സിറാജുദ്ദീൻ ലത്തീഫിയുടെ ഭാര്യയാണ് അസ്മ. ഇവരുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. മരിച്ചതോടെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ പോയി യുവതി പ്രസവിക്കുന്നതിന് സിറാജുദ്ദീന്‍ എതിരായിരുന്നുവെന്നും ഇതാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. കഴിഞ്ഞ ദിവസം ആറുമണിയോടെയാണ് പ്രസവത്തെ തുടര്‍ന്ന് യുവതി മരിക്കുന്നത്.
മടവൂർ ഖാഫില എന്ന യുറ്റ്യൂബ് ചാനൽ നടത്തുന്നയാളാണ് സിറാജുദ്ദീൻ ലത്തീഫി. സി.എം മടവൂരിന്റെ അത്ഭുതസിദ്ധികൾ എന്ന പേരിലുള്ള കാര്യങ്ങളാണ് ഇതുവഴി പ്രചരിപ്പിച്ചിരുന്നത്. മടവൂരുമായി ബന്ധമുള്ള ആളുകളെ അഭിമുഖം നടത്തിയാണ് വീഡിയോ വഴി പ്രചരിപ്പിച്ചിരുന്നത്. ഇതിന് വേണ്ടി നിരവധി സ്ഥലങ്ങളിൽനിന്ന് പിരിവും നടത്താറുണ്ട്. ഇതിന് പുറമെ, അക്യുപങ്ചര്‍ ചികിത്സ കൂടി ഇയാൾ നടത്തുന്നുണ്ട്.
അസ്മയുടെ ആദ്യ രണ്ടുപ്രസവവും ആശുപത്രിയിലായിരുന്നു. പിന്നീട് ഇയാള്‍ ചികിത്സ പഠിച്ചു. തുടര്‍ന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടില്‍ വച്ചാണ് നടത്തിയത്. അതില്‍ അഞ്ചാമത്തെ പ്രസവത്തിനിടയിലാണ് അസ്മ മരിക്കുന്നത്. അസ്മയും അക്യുപങ്ചര്‍ പഠിച്ചിരുന്നു.
അതേസമയം, കാസര്‍കോട് പള്ളിയില്‍ ജോലി ചെയ്യുന്ന ആളെന്ന നിലയിലാണ് ഇവര്‍ക്ക് വീട് നല്‍കിയതെന്ന് വാടക ഉടമ പറയുന്നു. ഒന്നരവര്‍ഷമായി വാടകയ്ക്ക് താമസിക്കുന്നുണ്ടെങ്കിലും ഇവര്‍ക്ക് അയല്‍വാസികളുമായി ബന്ധം ഉണ്ടായിരുന്നില്ല. ഇവര്‍ വീട്ടില്‍ ചികിത്സ നടത്തിയത് സംബന്ധിച്ച് ആര്‍ക്കും വിവരമില്ല.
അതിനിടെ സിറാജുദ്ദീനെ യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സിറാജുദ്ദീൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെയാണ് വീട്ടിൽ പ്രസവിക്കുന്നതിനിടെയാണ് യുവതി മരിക്കുന്നത്. പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടു പോയിരുന്നില്ല.
സിറാജ്ജുദ്ദീൻ ലത്തീഫിയെ നാട്ടുകാരും ബന്ധുക്കളും ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ആ കൊച്ചിന് ജീവൻ കൊടുക്കൂ എന്ന് പറഞ്ഞാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. പ്രസവത്തിന് ശേഷം ഭാര്യക്ക് കുഴപ്പം ഉണ്ടായിരുന്നില്ലെന്നും പിന്നീട് ശ്വാസം മുട്ടൽ അനുഭവിച്ചെന്നും ഇയാൾ പറയുന്നുണ്ട്. നാട്ടുകാർ ചോദ്യം ചെയ്ത ശേഷം ഇയാൾ ആശുപത്രിയിലാണ് എന്നാണ് വിവരം.