മദീന- അൽ-ഉലക്കും മദീനക്കും ഇടയിലുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനും വധുവും മരിച്ചതിന്റെ ഞെട്ടൽ മാറാതെ പ്രവാസി സമൂഹം. അടുത്ത മാസം നാട്ടിൽ പോകാനാരിക്കെയാണ് വയനാട് സ്വദേശിയായ യുവതിയും പ്രതിശ്രുത വരനും അപകടത്തിൽ മരിച്ചത്. വയനാട് അമ്പലവയൽ കുറ്റിക്കൈത എളയിടത്തുമഠത്തിൽ അഖിൽ അലക്സ്(28) പ്രതിശ്രുത വധുവും മദീനയിൽ നഴ്സുമായ ടീന(27)എന്നിവരുടെ മരണം ഏവരെയും ഞെട്ടിക്കുന്നതായി.
മദീന കാർഡിയാക് സെന്ററിൽ നഴ്സായ ടീന അടുത്ത മാസം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. യു.കെയിൽ ഐ.ടി എൻജിനീയറായ അഖിൽ അലക്സ് യു.കെയിൽനിന്നാണ് സൗദിയിലേക്ക് എത്തിയത്. സൗദിയിലെ ടൂറിസ്റ്റ് കേന്ദ്രമായ അൽ ഉല സന്ദർശിച്ച് മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഇവർ സഞ്ചരിച്ച കാർ സൗദി പൗരൻമാർ സഞ്ചരിച്ച ലാന്റ് ക്രൂയിസറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനം കത്തിയമരുകയും ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. അൽ ഉലയിലെ മുഹ്സിൻ ആശുപത്രിയിലാണ് ഇരുവരുടെയും മൃതേദേഹം സൂക്ഷിച്ചിരിക്കുന്നത്. നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാമൂഹ്യ പ്രവർത്തകരായ മുഹമ്മദ് ഷഫീക്ക്, മജീദ്, സുഫിയാൻ പുലമൂട്ടിൽ, നിസാർ കരുനാഗപ്പള്ളി എന്നിവർ രംഗത്തുണ്ട്.
പെരുകുന്ന വാഹനാപകടങ്ങൾ, മലയാളികളുടെ എണ്ണത്തിൽ വർധന

ഈ ചെറിയ പെരുന്നാളിന് ശേഷം അഞ്ചു മലയാളികളാണ് സൗദിയിൽ റോഡപകടത്തിൽ മരിച്ചത്. ഒമാനിൽനിന്ന് മക്കയിലേക്ക് പുറപ്പെട്ട മൂന്നു പേർ പെരുന്നാൾ ദിവസം സൗദി-ഒമാൻ അതിരിത്തിയിലെ ബത്തയിലെ അപകടത്തിൽ മരിച്ചു. ഇന്നലെ രണ്ടു പേർ അൽ ഉലയിലും മരിച്ചു.
റോഡു വഴി യാത്ര ചെയ്യുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
1) ദൂര യാത്രക്കൊരുങ്ങുമ്പോൾ ആദ്യം പോകുന്ന റൂട്ടുകളും റോഡിന്റെ ഘടനയും അവിടെയുള്ള സുഹൃത്തുക്കളോട് ചോദിച്ചറിയുക
2) വാഹനത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുക. മെക്കാനിക്കിനെ കണ്ടു വാഹനത്തിന്റെ അറ്റകുറ്റപ്പണി നടത്തുക. ടയറിന്റെ തേയ്മാനവും കാലപ്പഴക്കവും യാത്രക്ക് അനുയോജ്യമാണ് എന്ന് ഉറപ്പാക്കുക.
3) വാഹനത്തിന്റെ ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. ഹെഡ്‌ലൈറ്റുകളുടെ
പ്രകാശം റോഡിലെ കാഴ്ചകൾ കാണാൻ കഴിയും വിധം ക്രമീകരിക്കുക എതിരെ വരുന്ന വാഹങ്ങൾക്കു കാഴ്ചക്ക് തടസമുണ്ടാകുന്ന വിധത്തിൽ ഹെഡ്‌ലൈറ്റ് ബ്രൈറ്റിലാക്കി ഓടിക്കരുത്..
4) തുടർച്ചയായി വാഹനമോടിക്കാതിരിക്കുക ഉറക്കം വന്നാൽ ഒരുകാരണവശാലും വാഹനമോടിച്ചു ലക്ഷ്യസ്ഥാനത്തു എത്താൻ ശ്രമിക്കരുത്. സുരക്ഷിതമായി വാഹനമൊതുക്കി ഒരു 10 മിനിറ്റ് ഉറങ്ങിയതിനു ശേഷം യാത്ര തുടരുക.
5) അലക്ഷ്യമായി വാഹനത്തിന്റെ ഡാഷ്ബോർഡിന്റെ മുകളിൽ കാഴ്ചകൾക്ക് തടസ്സമാകുന്ന വിധത്തിലും.. ഉരുണ്ടു ചാടുന്ന വസ്തുക്കളും വെക്കാതിരിക്കുക. വാഹനമോടിക്കുമ്പോൾ ഡാഷ്ബോർഡിലുള്ള വസ്തുക്കൾ ഉരുണ്ടു താഴെ വീഴുമ്പോൾ പിടിക്കാൻ ശ്രമിക്കുന്നത് വാഹനത്തിന്റെ നിയത്രണം നഷ്ട്ടപെട്ടു അപകടമുണ്ടാവാൻ സാധ്യത കൂടുതലാണ്.
6) വാഹനത്തിനകത്തു അലക്ഷ്യമായി വെള്ളകുപ്പികളും ടിന്നുകളും ഇടാതിരിക്കുക.. അവ ഉരുണ്ടുവന്നു ബ്രൈക് പെടലിനടിയിൽ വന്നു കിടന്നു ബ്രൈക് ചവിട്ടുമ്പോൾ പെഡൽ താഴാതെ നിയന്ത്രണം വിട്ടു അപകടം വരാൻ സാധ്യത കൂടുതലാണ്..
7) നഗരങ്ങളിൽ ഡ്രൈവ് ചെയ്യുന്നതുപോലെയല്ല ദൂരയാത്രയിൽ ഡ്രൈവ് ചെയ്യേണ്ടത്..കാരണം 120നു മുകളിലായിരിക്കും മിക്ക വാഹനങ്ങളും ഓടുന്നത്. നഗരം വിട്ടു കഴിഞ്ഞാൽ മിക്ക റോഡുകളിലും വെളിച്ചം കുറവായിരിക്കും. അതുപോലെതന്നെ റോഡിന്റെ വശങ്ങൾ വിജനമായിരിക്കും. കൂടാതെ മണൽക്കാറ്റടിച്ചു റോഡിന്റെ വശങ്ങളിലേക്ക് മണൽ കയറി വാഹനത്തിന്റെ ടയറുകൾ തെന്നിമാറി വാഹനം നിയത്രണം വിട്ടു മരുഭൂമിയിലേക്ക് മറിഞ്ഞു അപകടങ്ങൾ ഉണ്ടാകുന്നു.
8) ദൂര യാത്രയിൽ വാഹനമോടിക്കുന്നയാൾ വേദന സംഹാരിപോലുള്ള ചില മരുന്നുകൾ, ചുമക്കുള്ള മരുന്നുകൾ ഇവ കഴിച്ചാൽ കൂടുതൽ ക്ഷീണവും ഉറക്കവും വരാൻ സാധ്യതയുണ്ട്.
9) വാഹനമോടിക്കുന്നയാളും കൂടെ യാത്ര ചെയ്യുന്നവരും നിർബന്ധമായും സീറ്റു ബെൽറ്റ് ധരിക്കുക.വാഹനത്തിൽനിന്ന് തെറിച്ചുപോയി അപകടങ്ങൾ വരാൻ സാധ്യതയുണ്ടാകും..കൊച്ചു കുട്ടികളെ ഒരുകാരണവശാലും മുൻസീറ്റിൽ ഇരുത്തരുത്..
10) റോഡ് നിയമങ്ങളും ട്രാഫിക് നിയമങ്ങളും കർശനമായി പാലിക്കുക..
യാത്രയിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക..അമിതവേഗത ഒഴിവാക്കുക.