ന്യൂഡല്‍ഹി– കോണ്‍ഗ്രസ് വിപ്പുണ്ടായിട്ടും വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ ലോക്‌സഭയില്‍ എത്താത്തതിന് വിശദീകരണവുമായി പ്രിയങ്ക ഗാന്ധി. അടുത്ത ബന്ധുവിന്റെ ചികിത്സക്കായി വിദേശത്തായിരുന്നുവെന്നതാണ് കാരണം.
സഭയിലെ പ്രിയങ്കയുടെ അസാന്നിദ്ധ്യം സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഏറ്റെടുത്ത് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷനെയും സ്പീക്കറേയും അറിയിച്ചിട്ടാണ് പ്രിയങ്ക വിദേശ യാത്ര നടത്തിയത്. പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന രണ്ട് ദിവസം സഭയില്‍ ഉണ്ടാവുകയില്ലെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ലോക്‌സഭയില്‍ ഉണ്ടായിട്ടും രാഹുല്‍ ഗാന്ധി വഖഫ് ബില്ല് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. എക്സിലൂടെ മാത്രമാണ് രാഹുൽ ഗാന്ധി വഖഫ് ബില്ലിനെതിരെ സംസാരിച്ചതെന്നും ശ്രദ്ധേയമാണ്.
12 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ വ്യാഴായ്ച പുലര്‍ച്ചയാണ് 232 വോട്ടിനെ പിന്‍തള്ളി 288 വോട്ടോടെ വഖഫ് ഭേദഗതി ബില്‍ പാസാക്കിയത്. ഇന്‍ഡ്യ സംഖ്യത്തിന്റെ ഒറ്റക്കെട്ടായ എതിര്‍പ്പിനിടയിലും എന്‍.ഡി.എ ഘടകക്ഷികളുടെ പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കി.