- മാര്‍ച്ച് 18 മുതല്‍ ഗാസയില്‍ 322 കുട്ടികള്‍ കൊല്ലപ്പെട്ടു
ഗാസ – മുതിര്‍ന്ന നേതാക്കളെ ഒന്നൊന്നായി ഇസ്രായില്‍ സൈന്യം വകവരുത്തിയതോടെ ഇസ്രായിലിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതായി തെളിഞ്ഞ ഏതാനും ചാരന്മാരെ അതിവേഗ വിചാരണ നടത്തി ഹമാസ് വധിച്ചതായി റിപ്പോർട്ട്. മാര്‍ച്ച് 18 ന് ഗാസയില്‍ ഇസ്രായില്‍ യുദ്ധം പുനരാരംഭിച്ച ശേഷം നിരവധി മുതിര്‍ന്ന ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടു. ഇതിലൂടെ വലിയ തിരിച്ചടിയാണ് ഹമാസിന് നേരിട്ടത്.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് വ്യോമാക്രമണങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ നിന്ന് ചാരവൃത്തി നടത്തിയതായി സംശയിച്ച് ഏതാനും പേരെ ഹമാസ് അറസ്റ്റ് ചെയ്തു. ഇവരെ വിപ്ലവ കോടതികളില്‍ വിചാരണ ചെയ്യുകയും കുറ്റം തെളിയിക്കപ്പെട്ടവരെ വധശിക്ഷക്ക് വിധേയരാക്കുകയുമായിരുന്നു. ചാരവൃത്തി നടത്തിയതായി സംശയിക്കുന്ന മറ്റു ചിലരെ കുറിച്ച് ഇപ്പോഴും അന്വേഷണം നടക്കുകയാണെന്നും ഹമാസുമായി അടുത്ത സ്രോതസ്സുകള്‍ വെളിപ്പെടുത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചാരവൃത്തി സംശയിച്ച് എത്ര പേരെയാണ് വധിച്ചതെന്ന് വെളിപ്പെടുത്തിയില്ല. എന്നാല്‍ രാഷ്ട്രീയ, സൈനിക, സര്‍ക്കാര്‍ തലങ്ങളിലെ നേതാക്കളെ ഇസ്രായില്‍ കൊലപ്പെടുത്തിയത് ഹമാസിനെ ബാധിച്ചുവെന്നും നേതാക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ച ശേഷം കൂടുതല്‍ കര്‍ശനമായ സുരക്ഷാ നടപടികള്‍ ഹമാസ് സ്വീകരിച്ചട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. മാര്‍ച്ച് 18 ന് ആരംഭിച്ച ഇസ്രായിലി ആക്രമണങ്ങള്‍ അവസാനിച്ചിട്ടില്ല. പ്രധാനമായും പ്രമുഖ വ്യക്തികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇസ്രായില്‍ ആക്രമണം നടത്തുന്നത്. ഹമാസ് വക്താവ് അബ്ദുല്ലത്തീഫ് അല്‍ഖാനൂഅ് ആണ് ഏറ്റവും ഒടുവില്‍ കൊല്ലപ്പെട്ടത്. ഗാസക്ക് വടക്കുള്ള ജബാലിയയിലെ അര്‍ദ് ഹലാവ പ്രദേശത്തെ അഭയാര്‍ഥി ക്യാമ്പിലെ തമ്പിനു നേരെ ഇസ്രായില്‍ വിമാനം നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് അബ്ദുല്ലത്തീഫ് അല്‍ഖാനൂഅ് കൊല്ലപ്പെട്ടത്.
ഗാസ നഗരത്തിന് വടക്കുള്ള അര്‍ദ് അല്‍ശന്‍തി പ്രദേശത്തെ അപ്പാര്‍ട്ട്‌മെന്റിനു നേരെ വ്യോമാക്രമണം നടത്തി ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്സ് രഹസ്യാന്വേഷണ വിഭാഗം നേതാവായ അശ്റഫ് അല്‍ഗര്‍ബാവിയെയും ഇസ്രായില്‍ കൊലപ്പെടുത്തി. അശ്റഫ് അല്‍ഗര്‍ബാവിയെയും കുടുംബത്തെയും ലക്ഷ്യമിട്ടാണ് ഇസ്രായില്‍ ആക്രമണം നടത്തിയത്. അല്‍ഖസ്സാം ബ്രിഗേഡ്‌സ് ഇന്റലിജന്‍സ് ഏജന്‍സി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ചുമതലയും ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെ ചുമതലയും വഹിച്ചിരുന്ന അഹ്മദ് അല്‍കയാലിയെ വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്രായില്‍ വധിച്ചു.
ഗാസ സിറ്റിയിലെ അല്‍നസ്ര്‍ ഡിസ്ട്രിക്ടിലെ അപ്പാര്‍ട്ട്‌മെന്റിനു നേരെ നടത്തിയ ആക്രമണത്തിലൂടെയാണ് അഹ്മദ് അല്‍കയാലിയെ ഇസ്രായില്‍ സൈന്യം ലക്ഷ്യമിട്ടത്.
ഗാസയില്‍ ഇസ്രായില്‍ ആക്രമണം പുനരാരംഭിച്ച ശേഷം ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയിലെ അഞ്ച് അംഗങ്ങള്‍ കൊല്ലപ്പെട്ടു. മുഹമ്മദ് അല്‍ജമാസി, യാസിര്‍ ഹര്‍ബ്, ഉസാം അല്‍ദആലിസ് എന്നിവരെ യുദ്ധം പുനരാരംഭിച്ചതിന്റെ ആദ്യ രാത്രിയില്‍ പ്രത്യേക ഓപ്പറേഷനുകളിലൂടെ ഇസ്രായില്‍ കൊപ്പെടുത്തി.
സ്വലാഹ് അല്‍ബര്‍ദവീല്‍, ഇസ്മായില്‍ ബര്‍ഹൂം എന്നിവര്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. അല്‍ഖസ്സാം ബ്രിഗേഡ്‌സില്‍ ഗാസ ബ്രിഗേഡ് ഡെപ്യൂട്ടി കമാന്‍ഡറായ അഹ്മദ് ശമാലി, അല്‍ഖസ്സാം ബ്രിഗേഡ്‌സിലെ ഏറ്റവും പ്രമുഖ ഇന്റലിജന്‍സ് നേതാക്കളില്‍ ഒരാളായ ഉസാമ ത്വബശ്, ഷുജാഇയ ബറ്റാലിയന്റെ കമാന്‍ഡര്‍ ജമീല്‍ അല്‍വാദിയ എന്നിവരും ഏതാനും ഫീല്‍ഡ് കമാന്‍ഡര്‍മാരും മറ്റ് സര്‍ക്കാര്‍ നേതാക്കളും യുദ്ധം പുനരാരംഭിച്ച ആദ്യ രാത്രിയില്‍ തന്നെ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
യുദ്ധത്തിന്റെ ആദ്യ റൗണ്ടില്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം നേതാക്കളെ വകവരുത്താന്‍ ഇസ്രായിലിന് സാധിച്ചത് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
യുദ്ധത്തിന്റെ ആദ്യ റൗണ്ടില്‍ ഹമാസ് നേതാക്കളെ കുറിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ഇസ്രായില്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. 58 ദിവസം നീണ്ട ദുര്‍ബലമായ വെടിനിര്‍ത്തല്‍ സമയത്ത് ഇസ്രായില്‍ നിരവധി ഘടകങ്ങള്‍ മുതലെടുക്കുകയും യുദ്ധസമയത്ത് ഒന്നിലധികം വധശ്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ട ചില ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ അടക്കമുള്ള ഹമാസ് നേതാക്കളെ കുറിച്ച വിവരങ്ങള്‍ സ്വരൂപിക്കുകയും ചെയ്തതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.വെടിനിര്‍ത്തല്‍ സമയത്ത് ഇസ്രായില്‍ രഹസ്യാന്വേഷണ ശ്രമങ്ങള്‍ ശക്തമാക്കി. തങ്ങള്‍ അന്വേഷിക്കുന്ന വ്യക്തികളെ കണ്ടെത്താനായി നിര്‍മിതബുദ്ധി അധിഷ്ഠിത ചാരവിമാനങ്ങളും മറ്റ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തി.
ഡ്രോണുകള്‍ ഉപയോഗിച്ച് വ്യത്യസ്ത ഇനങ്ങളില്‍ പെട്ട ചെറിയ ചാര ഉപകരണങ്ങള്‍ ഗാസയില്‍ വര്‍ഷിച്ചതും യുദ്ധകാലത്ത് ഗാസയിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ കരസേന നടത്തിയ റെയ്ഡുകളില്‍ നിരവധി ചാര ഉപകരണങ്ങളും ക്യാമറകളും സ്ഥാപിച്ചതും ഹമാസ് നേതാക്കളെ കൊലപ്പെടുത്താന്‍ ഇസ്രായിലിനെ സഹായിച്ചു. ഇക്കൂട്ടത്തില്‍ പെട്ട നിരവധി ചാര ഉപകരണങ്ങളും ക്യാമറകളും ഇനിയും കണ്ടെത്താനായിട്ടില്ല.
ഇസ്രായില്‍ ബന്ദികളെ കൈമാറുന്ന വേളകളില്‍ നടത്തിയ സൈനിക പരേഡുകള്‍, ഫലസ്തീന്‍ സായുധ വിഭാഗങ്ങളില്‍ നിന്നുള്ള പോരാളികളെയും ഫീല്‍ഡ് കമാന്‍ഡര്‍മാരെയും കണ്ടെത്താന്‍ ഇസ്രായില്‍ ഉപയോഗപ്പെടുത്തിയ ഒരു സുരക്ഷാ പഴുതായിരുന്നു. പരേഡുകളില്‍ പങ്കെടുത്ത വാഹനങ്ങളെ അടുത്ത ദിവസങ്ങളില്‍ ഇസ്രായില്‍ ശക്തമായി പിന്തുടര്‍ന്ന് ആക്രമിച്ചു. ഹമാസിന്റെ പരേഡുകളില്‍ പങ്കെടുത്ത നൂറിലധികം വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. അവയില്‍ ചിലത് 2023 ഒക്‌ടോബര്‍ ഏഴിലെ ആക്രമണങ്ങളില്‍ പങ്കെടുത്തവയാണെന്ന് കരുതുന്നു.
ഇസ്രായിലി ബന്ദികളെ കൈമാറുന്നതില്‍ പങ്കെടുത്ത ഏതാനും അല്‍ഖസ്സാം ബ്രിഗേഡ്‌സ് ഫീല്‍ഡ് കമാന്‍ഡര്‍മാരെ ലക്ഷ്യം വെച്ച് ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തി. അടുത്ത ഘട്ടത്തിനായുള്ള തയാറെടുപ്പിനായി അണികളെ പുനഃക്രമീകരിക്കാനുള്ള ശ്രമത്തിനിടെ ചില നേതാക്കളെ ഇസ്രായില്‍ കണ്ടെത്തി. പൊളിറ്റിക്കല്‍ ബ്യൂറോ അംഗങ്ങളെയും മറ്റു നേതാക്കളെയും അവരുടെ ശക്തമായ പ്രവര്‍ത്തനം നിരീക്ഷിച്ചാണ് ഇസ്രായില്‍ കൊലപ്പെടുത്തിയതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, ഈ മാസം 18 മുതല്‍ ഗാസയില്‍ ഇസ്രായില്‍ സൈന്യം 322 കുട്ടികളെ കൊന്നൊടുക്കിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഗാസയില്‍ ഇസ്രായില്‍ യുദ്ധം പുനരാരംഭിച്ച ശേഷം ഏകദേശം 600 കുട്ടികള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വരെ 855 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഒന്നര വര്‍ഷമായി തുടരുന്ന ഇസ്രായില്‍ യുദ്ധത്തില്‍ ഗാസയില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ മരണപ്പെട്ടവരുടെ എണ്ണം 50,208 ആയി ഉയര്‍ന്നതായും മന്ത്രാലയം അറിയിച്ചു.