ദമാം : അൽകോബാറിലെ ബിസ്നസ് രംഗത്തെ പ്രമുഖനും മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ മജീദ് വേങ്ങാ(62)ട്ടിന്റെ വേർപാട് മത-രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ സൃഷ്ടിക്കുന്നത് വലിയ നഷ്ടം. ഇന്നലെ സൗദിയിലെ അൽകോബാറിലാണ് അബ്ദുൽ മജീദ് വേങ്ങാട്ട് അന്തരിച്ചത്. ബുധനാഴ്ച്ച രാത്രി ഇശാ നമസ്കാരത്തിനായി വുളു എടുത്ത് പുറപ്പെടാനിരിക്കെ താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അൽകോബാർ അൽ മന ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷപെടുത്താനായില്ല. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി റിയാദിലും അൽ കോബാറിലുമായി പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം ഏതാനും മാസങ്ങൾക്ക് മുമ്പേ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. അൽകോബാറിലുള്ള മക്കൾ ഫൈറൂസ്, തഫ്‌സീല എന്നിവരോടൊപ്പം വിശുദ്ധ റമളാൻ ചെലവഴിക്കാൻ ഭാര്യയോടൊപ്പം സന്ദർശക വിസയിലെത്തിയതായിരുന്നു.
ഫറോക്ക് ഇസ്ലാമിക് റിലീഫ് സെന്ററിന്റെ ദമാം ചാപ്റ്ററിന്റെ ചെയർമാനായിരുന്നു. മത സാമൂഹിക ജീവകാരുണ്യ രംഗത്തെ നിശബ്ദ സേവകനായിരുന്നു. അൽകോബാറിലും നാട്ടിലുമായി വൻ സൗഹൃദ വലയമുള്ള ഇദ്ദേഹം പാവപ്പെട്ടവരുടെ അത്താണിയായിരുന്നു. മരണാനന്തര നടപടികൾ പൂർത്തിയാക്കി നാളെ ജുമുഅ നിസ്കാരത്തിന് ശേഷം മയ്യത്ത് അൽകോബാറിൽ ഖബറടക്കും. അൽകോബാർ ഇസ്‌കാൻ മസ്ജിദിൽ ജുമുഅക്ക് ശേഷം മയ്യത്ത് നിസ്കാരം നടക്കും.
പരേതരായ വേങ്ങാട്ട് ഹസ്സൻകുട്ടിയുടെയും ആയിശബീവിയുടെയും ഇളയ മകനായ ഇദ്ദേഹം ഫറോക്കിലെ വേങ്ങാട്ട് കുടുംബാംഗമാണ്. അച്ചാമു വേങ്ങാട്ട് , മുഹമ്മദലി വേങ്ങാട്ട് (അദ്ലാൻ ജനറൽ സർവീസ് , റിയാദ്) എന്നിവർ സഹോദരന്മാരും ഫാത്തിമ (പണിക്കോട്ടുംപടി) സഹോദരിയുമാണ്. ഫാത്തിമ സുഹ്റയാണ് ഭാര്യ. ഫൈറൂസ് അബ്ദുൽ മജീദ് പുത്രനും തഫ്‌സീല പുത്രിയുമാണ്. അക്ബർ പെരിന്തൽമണ്ണ ജാമാതാവാണ്. ബേപ്പൂർ മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് വീരാൻ വേങ്ങാട്ട്, സൗദി കെഎംസിസി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് എന്നിവർ പിതൃ സഹോദര പുത്രന്മാരാണ്.