ജിദ്ദ: ഗാസയിലും വെസ്റ്റ് ബാങ്കിലുമായി ആറു ദിവസത്തിനിടെ ഇസ്രായില്‍ 979 ഫലസ്തീനികളെ കൊന്നൊടുക്കിയതായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍സ് പറഞ്ഞു. മാര്‍ച്ച് 19 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 1,474 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായും ഒ.ഐ.സി മീഡിയ ഒബ്സര്‍വേറ്ററി പുറത്തിറക്കിയ റിപ്പോര്‍ട്ട് പറഞ്ഞു. വെടിനിര്‍ത്തല്‍ നിലവില്‍വന്ന ജനുവരി 19 മുതല്‍ മാര്‍ച്ച് 23 വരെയുള്ള ദിവസങ്ങളില്‍ ഗാസയില്‍ ഫലസ്തീനികള്‍ക്കെതിരായ ഇസ്രായില്‍ സൈന്യത്തിന്റെ ബോധപൂര്‍വമായ കൊലപാതകങ്ങള്‍ ഒരിക്കലും നിലച്ചിട്ടില്ല. വെടിനിര്‍ത്തല്‍ കരാര്‍ ആരംഭിച്ച ജനുവരി 19 മുതല്‍ ജനുവരി 25 വരെയുള്ള ദിവസങ്ങളില്‍ ഫലസ്തീനികള്‍ക്കെതിരായ ഇസ്രായില്‍ ആക്രമണങ്ങള്‍ ഗണ്യമായി വര്‍ധിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ച് ഇസ്രായില്‍ ആരംഭിച്ച രണ്ടാമത്തെ ആക്രമണം കൂടുതല്‍ ദുഷ്‌കരമാണ്. ആദ്യ യുദ്ധത്തില്‍ തകര്‍ന്ന ഭവനങ്ങളുടെ അവശേഷിക്കുന്ന അവശിഷ്ടങ്ങളെ ലക്ഷ്യം വെച്ച് ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തുന്നു. ഇത് അധിനിവേശ സേനയുടെ കുറ്റകൃത്യങ്ങളെ കൂടുതല്‍ ഭയാനകമാക്കുന്നു. മാര്‍ച്ച് 18 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ ഫലസ്തീന്‍ പ്രദേശങ്ങളിലുടനീളം ഇസ്രായില്‍ 3,665 കുറ്റകൃത്യങ്ങള്‍ നടത്തി. മുന്‍ ആഴ്ചകളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തി. 2023 ഒക്ടോബര്‍ ഏഴു മുതല്‍ 2025 മാര്‍ച്ച് 25 വരെയുള്ള കാലയളവില്‍ ഗാസയിലും വെസ്റ്റ് ബാങ്കിലും രക്തസാക്ഷികളുടെ എണ്ണം 51,943 ആയി. 121,448 പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ഏഴു ദിവസത്തിനിടെ ഇസ്രായില്‍ സൈന്യം ദേര്‍ അല്‍ബലഹില്‍ യു.എന്‍ ഓഫീസ് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ ഒരു ജീവനക്കാരന്‍ കൊല്ലപ്പെടുകയും മറ്റേതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പടിഞ്ഞാറന്‍ ഗാസയില്‍ വീടിനു നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഫലസ്തീന്‍ പത്രപ്രവര്‍ത്തകന്‍ ഹുസാം അല്‍തിത്തിയും ഭാര്യയും മകളും രക്തസാക്ഷിത്വം വരിച്ചു. മാധ്യമപ്രവര്‍ത്തകരായ ഹുസാം ശബാത്തും മുഹമ്മദ് മന്‍സൂറും രക്തസാക്ഷികളായി.
റഫയിലെ തെല്‍ അല്‍സുല്‍ത്താന്‍ പരിസരത്തുള്ള മസ്ജിദ്, നാസിര്‍ ആശുപത്രി, ഖാന്‍ യൂനിസ്, ബെയ്ത്ത് ലാഹിയ, അല്‍തുഫാഹ്, അല്‍ശജാഇയ എന്നിവിടങ്ങളിലെ ശേഷിക്കുന്ന സാധാരണക്കാരുടെ വീടുകള്‍ എന്നിവ ലക്ഷ്യമിട്ട് ഇസ്രായില്‍ ബോംബാക്രമണങ്ങള്‍ നടത്തി. ഇസ്രായിലിന്റെ സമ്പൂര്‍ണ ഉപരോധം കാരണം വടക്കന്‍, മധ്യ, തെക്കന്‍ ഗാസയിലെ ആശുപത്രികളില്‍ മെഡിക്കല്‍ സാധനങ്ങളുടെ ക്ഷാമം രൂക്ഷമായിട്ടുണ്ട്. ഇസ്രായില്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ ഒരേസമയം ആറ് കുട്ടികള്‍ കൊല്ലപ്പെട്ടു.
ബെയ്ത്ത് ലാഹിയയില്‍ കരയാക്രമണം ആരംഭിച്ച സൈന്യം ഗാസയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ കൈവശപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്‌സ് അറിയിച്ചു. ഗാസയില്‍ ഫലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കാനായി ഇസ്രായില്‍ ഗവണ്‍മെന്റ് പ്രത്യേക ഏജന്‍സി സ്ഥാപിച്ചിട്ടുണ്ട്.വെസ്റ്റ് ബാങ്കില്‍ അധിനിവേശ സേന 232 ഫലസ്തീനികളെ അറസ്റ്റ് ചെയ്യുകയും തൂല്‍കറമിലെ നൂര്‍ ശംസ് അഭയാര്‍ഥി ക്യാമ്പ്, ജറൂസലം, ജെറീക്കോ, ബെത്‌ലഹേം എന്നിവിടങ്ങളിലെ 12 വീടുകള്‍ തകര്‍ക്കുകയും അഗ്‌നിക്കരിയാക്കുകയും കൈവശപ്പെടുത്തുകയും ചെയ്തു. പഴയ നഗരമായ ഹെബ്രോണിലെ ഫലസ്തീന്‍ വീട് ജൂതകുടിയേറ്റക്കാര്‍ പിടിച്ചെടുത്തു. ഉടമകളായ ഫലസ്തീനികള്‍ ആ വീട്ടിലേക്ക് മടങ്ങുന്നത് അധിനിവേശ സൈന്യം തടഞ്ഞു.
അല്‍അഖ്‌സ മസ്ജിദിനു നേരെ ഇസ്രായിലി പോലീസും ജൂതതീവ്രവാദികളും ദിനംപ്രതി ആക്രമണങ്ങള്‍ നടത്തുന്നു. റമദാനിലെ മൂന്നാമത്തെ വെള്ളിയാഴ്ച പ്രാര്‍ഥനക്കായി അല്‍അഖ്‌സ മസ്ജിദിലേക്ക് വരാനായി വെസ്റ്റ് ബാങ്കിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ജറൂസലം നഗരത്തിലേക്ക് വിശ്വാസികള്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഇസ്രായില്‍ തുടര്‍ന്നു. ജറൂസലം നഗരത്തിനുള്ളില്‍ നിന്ന് തന്നെ പള്ളിയിലേക്കുള്ള പ്രവേശനം ഇസ്രായില്‍ നിയന്ത്രിച്ചു. എല്ലാ വര്‍ഷവും റമദാന്‍ മാസത്തിലെ വെള്ളിയാഴ്ചകളില്‍ പതിവുള്ളതു പോലെ, ഹെബ്രോണിലെ ഇബ്രാഹിമി മസ്ജിദ് ഫലസ്തീനികള്‍ക്ക് കൈമാറാന്‍ തുടര്‍ച്ചയായി മൂന്നാമത്തെ ആഴ്ചയും ഇസ്രായില്‍ അധികൃതര്‍ വിസമ്മതിച്ചു.
കഴിഞ്ഞ പത്താഴ്ച കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടന്നു. അതില്‍ ഏറ്റവും പ്രധാനം വെസ്റ്റ് ബാങ്കിലെ 13 ജൂതകുടിയേറ്റ കേന്ദ്രങ്ങളെ അയല്‍ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്ന് വേര്‍പ്പെടുത്തി അവയെ സ്വതന്ത്ര കുടിയേറ്റ കേന്ദ്രങ്ങളായി അംഗീകരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതാണ്. ജെനീനിലെ ജല്‍ബണ്‍ ഗ്രാമത്തില്‍പ്പെട്ട 120 ഏക്കര്‍ ഫലസ്തീന്‍ കൃഷിഭൂമി ഒഴിപ്പിക്കാന്‍ ഇസ്രായില്‍ സേന ഉത്തരവ് പുറപ്പെടുവിച്ചു. റാമല്ല ഗവര്‍ണറേറ്റിലും വടക്കന്‍ ജോര്‍ദാന്‍ താഴ്വരയിലും ജൂതകുടിയേറ്റക്കാര്‍ ജനവാസ കേന്ദ്രങ്ങള്‍ക്കായി റോഡുകള്‍ നിര്‍മിച്ചു. ജെറിക്കോയിലെ ഔജ സ്പ്രിംഗിന് സമീപം കുടിയേറ്റക്കാര്‍ പാസ്റ്ററല്‍ സെറ്റില്‍മെന്റ് ഔട്ട്‌പോസ്റ്റ് നിര്‍മിക്കാന്‍ തുടങ്ങി. സാല്‍ഫിറ്റിലെ ഫര്‍ഖ ഗ്രാമത്തില്‍ നിര്‍മിച്ച സെറ്റില്‍മെന്റ് ഔട്ട്‌പോസ്റ്റിലേക്ക് വൈദ്യുതി വിതരണം എത്തിക്കാനായി മറ്റ് കുടിയേറ്റക്കാര്‍ വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിച്ചു.
റാമല്ലയിലെ ഉമ്മുസഫ ഗ്രാമത്തിലെ കൃഷിഭൂമി കുടിയേറ്റക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. വടക്കന്‍ ജോര്‍ദാന്‍ താഴ്വരയിലെ ഐന്‍ അല്‍ഹില്‍വ പ്രദേശത്തെ ഫലസ്തീന്‍ റെസിഡന്‍ഷ്യല്‍ ടെന്റുകള്‍ക്ക് സമീപം മറ്റുള്ളവര്‍ ഇരുമ്പ് മൂടുപടങ്ങള്‍ സ്ഥാപിച്ചു. ഏഴ് ദിവസത്തിനിടെ ജൂതകുടിയേറ്റക്കാര്‍ ഫലസ്തീന്‍ ഗ്രാമങ്ങളില്‍ 30 ആക്രമണങ്ങള്‍ നടത്തി.
അതേസമയം, ഒരാഴ്ച മുമ്പ് ഗാസയില്‍ ഇസ്രായില്‍ ആക്രമണം പുനരാരംഭിച്ച ശേഷം 150 ലേറെ ഹമാസ് പോരാളികളെയും മറ്റ് ഗ്രൂപ്പുകളിലെ പോരാളികളെയും വധിച്ചതായി ഇസ്രായില്‍ സൈന്യം കണക്കാക്കുന്നു.
ഇസ്രായിലി സൈന്യത്തിന്റെ കണക്കനുസരിച്ച്, ഇസ്രായിലി വ്യോമസേന, നാവികസേന, കരസേന എന്നിവ ഇതുവരെ 420 ലധികം ലക്ഷ്യങ്ങള്‍ ആക്രമിച്ചു. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 10 മുതിര്‍ന്ന ഹമാസ് രാഷ്ട്രീയ ഉദ്യോഗസ്ഥരുടെയും മധ്യനിര സൈനിക കമാന്‍ഡര്‍മാരുടെയും പേരുകള്‍ ഇസ്രായില്‍ സൈന്യം ഇതുവരെ പുറത്തുവിട്ടിട്ടുണ്ട്. മറ്റ് ഹമാസ് നേതാക്കളെയും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. അവരുടെ മരണം സ്ഥിരീകരിക്കാന്‍ ഇസ്രായില്‍ സൈന്യം ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ദി ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.