ന്യൂഡല്‍ഹി: 2025ലെ ലോക സന്തോഷ സൂചിക റിപോര്‍ട്ടില്‍ പതിവു പോലെ ഇത്തവണയും ഫിന്‍ലന്‍ഡ് ആണ് ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ എട്ടാം തവണയാണ് ഫിന്‍ലന്‍ഡ് ഏറ്റവും സന്തോഷമുള്ള രാജ്യമാകുന്നത്. ഏറ്റവും സന്തോഷമുള്ള ആദ്യ 10 രാജ്യങ്ങളില്‍ ഇത്തവണ പുതുതായി ചില രാജ്യങ്ങള്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം നേരത്തെ മുന്നിലുണ്ടായിരുന്ന പല രാജ്യങ്ങളും ഏറ്റവും താഴ്ന്ന നിലയിലേക്ക് പോയിട്ടുമുണ്ട്. മറ്റു രാജ്യങ്ങളുടെ സന്തോഷം അവിടെ നില്‍ക്കട്ടെ, റിപോര്‍ട്ടിലെ ഇന്ത്യയുടെ കാര്യമെടുക്കാം. ഇത്തവണയും ഇന്ത്യക്കാര്‍ക്ക് സന്തോഷിക്കാന്‍ വകയില്ല. എന്നുമാത്രമല്ല, നാണക്കേടാകുന്ന നിലയിലേക്ക് താഴുകയും ചെയ്തിട്ടുണ്ട്.
147 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 118. സംഘര്‍ഷങ്ങളും അസ്ഥിരതയുമുള്ള പാക്കിസ്ഥാന്‍, ഫലസ്തീന്‍ എന്നീ രാജ്യങ്ങള്‍ക്കും വളരെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലദേശ്, ചൈന എന്നിവരും ഇന്ത്യയേക്കാള്‍ മുന്നിലാണ്. ഏറ്റവും പുതിയ ഹാപ്പിനസ് ഇന്‍ഡെക്‌സില്‍ ഇന്ത്യയുടെ സ്‌കോര്‍ 4.389 പോയിന്റ് ആണ്. വര്‍ധിക്കുന്ന മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍, കൂടിവരുന്ന സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് ഇന്ത്യക്കാരുടെ സന്തോഷത്തിന് വെല്ലുവിളിയാകുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സന്തോഷം കുറഞ്ഞ് വരുന്ന രാജ്യങ്ങളില്‍ യുഎസുമുണ്ട്. ഇത്തവണ 24ാം സ്ഥാനത്തേക്ക് താഴ്ന്നു. ആദ്യമായാണ് യുഎസ് സന്തോഷ സൂചികയില്‍ ഇത്ര താഴേക്ക് വന്നത്. സാമ്പത്തിക അസമത്വം, സാമൂഹിക ഒറ്റപ്പെടല്‍, രാഷ്ട്രീയ ധ്രുവീകരണം എന്നിവയാണ് യുഎസ് ജനതയുടെ സന്തോഷങ്ങള്‍ക്ക് വിഘ്‌നമാകുന്നത്. 23ാം സ്ഥാനത്തേക്ക് വീണ ബ്രിട്ടനിലും പ്രശ്‌നം സാമ്പത്തിക അനിശ്ചിതാവസ്ഥയും ജീവിത നിലവാരത്തെ സംബന്ധിച്ച ആശങ്കകളുമാണ്.
ഇത്തവണ ആദ്യ പത്തില്‍ ഇടം നേടി കോസ്റ്റ റിക്കയും മെക്‌സിക്കോയും ഞെട്ടിച്ചിരിക്കുന്നു. കോസ്റ്റ റിക്ക ആറാം സ്ഥാനത്തും മെക്‌സിക്കോ പത്താം സ്ഥാനത്തുമാണ്. സന്തോഷമുണ്ടാക്കുന്നത് സാമ്പത്തകി വളര്‍ച്ച മാത്രമല്ലെന്നാണ് ഈ രാജ്യങ്ങളുടെ മുന്നേറ്റം തെളിയിച്ചിരിക്കുന്നത്. സാമൂഹിക ബന്ധങ്ങള്‍, സംസ്‌കാരം, ശുഭാപ്തിവിശ്വാസം എന്നിവയാണ് ഈ രാജ്യങ്ങളെ മുന്നിലെത്തിച്ചത്. രണ്ടിടത്തും ശക്തമായ സാമൂഹിക ബന്ധങ്ങളും ആഴത്തില്‍ വേരൂന്നിയ സാംസ്‌കാരിക പാരമ്പര്യവുമാണ് ഇവരുടെ സവിശേഷ നേട്ടത്തിനു പിന്നില്‍.
യൂറോപ്പിന്റെ വടക്കേയറ്റത്തുള്ള (നോര്‍ഡിക് മേഖല) രാജ്യങ്ങളാണ് സ്ഥിരമായി ലോക സന്തോഷ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുണ്ടായിരിക്കുക. ഫിന്‍ലന്‍ഡിനു പുറമെ ഡെന്‍മാര്‍ക്ക് (2), ഐസ്‌ലന്‍ഡ് (3), സ്വീഡന്‍ (4), നെതല്‍ലന്‍ഡ് (5), നോര്‍വെ (7) എന്നീ രാജ്യങ്ങളാണിവ. എന്നും പോര്‍മുഖത്തുള്ള ഇസ്രായില്‍ എട്ടാം സ്ഥാനത്തുണ്ട്. ലക്‌സംബര്‍ഗ് ആണ് ഒമ്പതാം സ്ഥാനത്ത്.
എങ്ങനെയാണ് ഈ സന്തോഷം അളക്കുന്നത്?
കൂടുതല്‍ സമ്പത്തുണ്ടായാല്‍ സന്തോഷം ഉണ്ടാകുമോ? സാമ്പത്തിക സൂചികകള്‍ക്കപ്പുറത്ത് മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ കൂടി പരിഗണിച്ചാണ് സന്തോഷ സൂചിക തയാറാക്കുന്നത്. പ്രതിശീര്‍ഷ ജിഡിപി, ആരോഗ്യത്തോടെയുള്ള ആയുര്‍ദൈര്‍ഘ്യം, സാമൂഹികക്ഷേമവും പിന്തുണയും, ജീവിതം സ്വയം നിര്‍ണയിക്കാനുള്ള സ്വാതന്ത്ര്യം, ഉദാരത, അഴിമതി അവബോധം തുടങ്ങിയവയെല്ലാം വിശകലനം ചെയ്ത് കൂട്ടിക്കിഴിച്ചാണ് സന്തോഷത്തിന്റെ കാര്യത്തില്‍ ലോകം എവിടെ നില്‍ക്കുന്നു എന്ന് അളന്നെടുക്കുന്നത്.
ആരാണ് ഈ റിപോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്
യുനൈറ്റഡ് നേഷന്‍സിനു കീഴിലുള്ള സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് സൊലൂഷന്‍സ് നെറ്റ്‌വര്‍ക്ക് ആണ് ഈ വാര്‍ഷിക റിപോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. ലോകോത്തര ബ്രിട്ടീഷ് സര്‍വകലാശാലയായ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയിലെ വെല്‍ബീയിങ് റിസര്‍ച്ച് സെന്ററും ആഗോള പ്രശസ്തമായ മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സിയായ ഗാലപ്പും ചേര്‍ന്ന് സര്‍വേയിലൂടെ വിവര ശേഖരണം നടത്തിയാണ് ഈ റിപോര്‍ട്ട് തയാറാക്കുന്നത്.