ജിദ്ദ – അറബ് ലോകത്തെ ഏറ്റവും ശക്തമായ മാധ്യമ മേഖലയാണ് സൗദിയിലേത് എന്ന് മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി പറഞ്ഞു. ദേശീയ സമ്പദ് വ്യവസ്ഥയിലും സമൂഹത്തിലും സൗദി മാധ്യമങ്ങളുടെ പങ്ക് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2030 ആകുമ്പോഴേക്കും സൗദിയില്‍ മാധ്യമ മേഖലയില്‍ ഒന്നര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മന്ത്രാലയം ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. അശ്ശര്‍ഖുല്‍ഔസത്ത് ദിനപ്പത്രത്തിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ആദ്യമായി ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു സല്‍മാന്‍ അല്‍ദോസരി പറഞ്ഞു.
അശ്ശര്‍ഖുല്‍ഔസത്ത് ദിനപ്പത്രത്തിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് സ്ഥാനത്തു നിന്നുള്ള പുറത്താക്കല്‍ തന്നെ സ്വാധീനിച്ചതായി മന്ത്രി പറഞ്ഞു. എന്നാല്‍ ഇതില്‍ താന്‍ ദേഷ്യപ്പെട്ടില്ല. രോഷം സ്വന്തത്തിന് നേരെയുള്ള ആക്രമണമാണ്. കോപം എന്നത് മറ്റുള്ളവരെയാണ് ലക്ഷ്യമിടുന്നത്. എനിക്ക് സ്വയം രോഷം തോന്നി. കാരണം ഞാന്‍ സ്‌നേഹിക്കുകയും ആസ്വദിക്കുകയും ചെയ്ത ഒരു പദവിയിലായിരുന്നു. പക്ഷേ, എനിക്ക് ദേഷ്യം വന്നില്ല. വ്യക്തിപരമായ താല്‍പര്യങ്ങള്‍ തേടുന്ന ഒരാളായിട്ടല്ല, മറിച്ച്, മാധ്യമ കടമകള്‍ നിറവേറ്റുന്ന ഒരു പൗരനായാണ് ഞാന്‍ എന്നെ സ്വയം കാണുന്നത്.
ലണ്ടനിലേക്കുള്ള വിമാന യാത്രയാണ് അശ്ശര്‍ഖുല്‍ഔസത്ത് ദിനപ്പത്രത്തിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് പദവിയില്‍ നിന്ന് തന്നെ പുറത്താക്കുന്നതിലേക്ക് നയിച്ച സാഹചര്യത്തിന് കാരണമായത്. മിസ്‌ക് ഫോറത്തില്‍ പങ്കെടുക്കാനാണ് താന്‍ പത്രത്തിന്റെ ആസ്ഥാനം പ്രവര്‍ത്തിക്കുന്ന ലണ്ടനില്‍ നിന്ന് റിയാദിലെത്തിയത്. രാത്രി 11 മണിക്കായിരുന്നു ലണ്ടനിലേക്കുള്ള മടക്കയാത്ര. സാധാരണയില്‍ പത്രത്തിന്റെ ആദ്യ പേജ് എനിക്ക് അയച്ചുതരികയും ഞാന്‍ അത് പുനഃപരിശോധിച്ച് സമ്മതം പറയുകയുമാണ് പതിവ്. എന്റെ അസാന്നിധ്യത്തില്‍ ഡെപ്യൂട്ടി എഡിറ്റര്‍-ഇന്‍-ചീഫും ഒന്നാം പേജിന്റെ ഉത്തരവാദിത്തമുള്ള എഡിറ്ററുമാണ് പേജ് പ്രസ്സിലേക്ക് അയക്കാനുള്ള അവസാന തീരുമാനമെടുക്കാറ്. വിമാനത്തില്‍ കയറിയ ഞാന്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ലണ്ടനിലെത്തി മൊബൈല്‍ ഫോണ്‍ ഓണാക്കിയപ്പോഴാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത കാരണം വലിയ ദുരന്തം സംഭവിച്ചതായി മനസ്സിലായത്.
രാവിലെ ഏഴു മണിക്ക് ഓഫീസിലെത്തി വാര്‍ത്ത ഞാന്‍ ഡിലീറ്റ് ചെയ്യുകയും വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ക്ഷമാപണം നടത്തുകയും ചെയ്തു. ഈ വാര്‍ത്ത ഞാന്‍ കണ്ടിരുന്നില്ല. എങ്കിലും എഡിറ്റര്‍-ഇന്‍-ചീഫ് എന്നോണം അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കാണ്. വാര്‍ത്തയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിപ്പടര്‍ന്നു. തുടര്‍ന്ന് എഡിറ്റര്‍-ഇന്‍-ചീഫിനെ മാറ്റാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുകയും എന്നെ പുറത്താക്കുകയുമായിരുന്നു. എനിക്ക് രോഷം തോന്നി. പക്ഷേ ദേഷ്യമില്ല. സല്‍മാന്‍ അല്‍ദോസരിയെയല്ല, എഡിറ്റര്‍-ഇന്‍-ചീഫിനെയാണ് പുറത്താക്കിയത്. എഡിറ്റര്‍-ഇന്‍-ചീഫ് എന്ന നിലയിലുള്ള എന്റെ കടമയാണ് പോയത്, പക്ഷേ എന്റെ മറ്റ് കടമകള്‍ അവശേഷിക്കുന്നു. ഞാന്‍ ഒരു പൗരനാണ്, ദേശവിരുദ്ധനായ കൂലിപ്പടയാളിയല്ല.
സൗദി സ്പോര്‍ട്സ് മാധ്യമ പദ്ധതിയുടെ വിജയത്തിന് ക്ലബ് മീഡിയ ഇല്ലാതാക്കണം. ക്ലബ് മീഡിയ വ്യാപകമായ സ്പോര്‍ട്സ് ഭ്രാന്തിന് കാരണമായിട്ടുണ്ട്. സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ തടയാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. സൗദി ജനതയില്‍ ഭൂരിഭാഗവും സ്‌പോര്‍ട്‌സ് ഭ്രാന്തരല്ല.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സൗദി അറേബ്യയിലെ നിലവിലെ മാധ്യമ മാതൃകയാണ് ഏറ്റവും മികച്ചത്. സൗദി മാധ്യമങ്ങള്‍ക്ക് മന്ത്രാലയം പൊതുവായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ നേരിട്ടുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നില്ല. തെറ്റായ പ്രശംസകള്‍ അസ്വീകാര്യവും അനഭിലഷണീയവുമാണ്. മാധ്യമ പ്രവര്‍ത്തനത്തില്‍ വസ്തുനിഷ്ഠതയും പ്രൊഫഷണലിസവും പ്രധാനമാണ്.
സൗദി വിപണിയെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ 90 ശതമാനവും സൗദി അറേബ്യക്ക് പുറത്തേക്ക് ഒഴുകുകയാണ്. ഇത് സാമ്പത്തിക വെല്ലുവിളിയാണ്. മാധ്യമ സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന് പരസ്യ വ്യവസായം പ്രാദേശികവല്‍ക്കരിക്കാന്‍ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ട്. 2030 ആകുമ്പോഴേക്കും മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ മാധ്യമങ്ങളുടെ സംഭാവന 150 ശതമാനം തോതില്‍ വര്‍ധിപ്പിക്കാന്‍ മന്ത്രാലയം ശ്രമിക്കുന്നു.
സാങ്കേതിക വികസനങ്ങള്‍ക്കൊപ്പം മുന്നേറുക എന്നതാണ് സൗദി മാധ്യമങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന്. സൗദി അറേബ്യയിലെ പോസിറ്റീവ് മീഡിയ ഉള്ളടക്കം നെഗറ്റീവ് ഉള്ളടക്കത്തെക്കാളും തരംതാഴ്ന്ന ഉള്ളടക്കത്തെക്കാളും വളരെ കൂടുതലാണ്. നവമാധ്യമങ്ങള്‍ ദേശീയ മാധ്യമങ്ങളുടെ ഭാഗമാണ്. ഭാവിയില്‍ അവ പ്രധാന പങ്ക് വഹിക്കും.
ഒന്നിലധികം മാധ്യമ നിയമങ്ങളെ ഒരു നിയമത്തില്‍ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ, മാധ്യമ മേഖലയിലെ നിയമനിര്‍മാണപരവും സാങ്കേതികവുമായ മാറ്റങ്ങളുമായി പൊരുത്തപ്പെടുക എന്നതാണ് പുതിയ മാധ്യമ നിയമത്തിന്റെ ലക്ഷ്യം. ഓഡിയോ-വിഷ്വല്‍ മീഡിയ നിയമം, പത്രസ്ഥാപന നിയമം, റേഡിയോ നിയമം, പ്രസിദ്ധീകരണ നിയമം എന്നീ നാലു മുന്‍ നിയമങ്ങളെ പുതിയ നിയമം സംയോജിപ്പിക്കുന്നു. പുതിയ നിയമം നിലവില്‍ ഗവണ്‍മെന്റ് സെന്ററിലാണുള്ളത്. അന്തിമാംഗീകാരത്തിനായി നിയമത്തെ കുറിച്ച് വിശദമായി പഠിച്ചുവരികയാണ്.
മാനവശേഷി മന്ത്രാലയവുമായി ഏകോപിച്ച് 56 മാധ്യമ തൊഴിലുകള്‍ക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കിയിട്ടുണ്ട്. പുതിയ നിയമം നിലവില്‍വരുന്നതോടെ ഏതൊരാളും വന്ന് താന്‍ പത്രപ്രവര്‍ത്തകനാണെന്ന് പറയില്ല. നിങ്ങള്‍ ഒരു മാധ്യമ പ്രവര്‍ത്തകനാണെങ്കില്‍, ആ തൊഴിലിനെ നിര്‍വചിക്കുന്ന അംഗീകൃത പ്രൊഫഷനുകളുണ്ടാകും. ഈ വര്‍ഗീകരണം മാധ്യമ മേഖലയെ നിയന്ത്രിക്കാനും സുതാര്യത കൈവരിക്കാനും എല്ലാ തൊഴിലാളികളുടെയും അവകാശങ്ങളും കടമകളും വ്യക്തമാക്കാനും സഹായിക്കും. മാധ്യമ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെയും, നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, സൗദി അറേബ്യയിലെ മാധ്യമ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന നിയമനിര്‍മാണത്തിന്റെ വ്യക്തത വര്‍ധിപ്പിക്കുന്നതിലൂടെയും പുതിയ മാധ്യമ നിയമം മാധ്യമ മേഖലയില്‍ ഗുണപരമായ മാറ്റം കൈവരിക്കാന്‍ സഹായിക്കുമെന്നും സല്‍മാന്‍ അല്‍ദോസരി പറഞ്ഞു.