ഉന്നാവോ (യു.പി) -പള്ളിയിൽ നമസ്ക്കരിക്കാൻ പോകുന്നതിനിടെ ദേഹത്ത് ചായം പൂശിയത് എതിർത്ത യുവാവിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം. സൗദിയിൽ പ്രവാസിയായിരുന്ന ഷരീഫ്(45)നെയാണ് കൊലപ്പെടുത്തിയത്. സൗദി അറേബ്യയിൽനിന്ന് ഷരീഫ് രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഉന്നാവോയിലെ ഖാസിം നഗർ റബ്ബന്ന പള്ളിക്ക് സമീപത്തായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
ശനിയാഴ്ച, മൊഹല്ല കാഞ്ചിയിലെ തന്റെ തറവാട്ടു വീട്ടിൽ നിന്ന് പള്ളിയിലേക്ക് പോകുമ്പോൾ, മൊഹല്ല കാഷിഫ് അലി സരായ് ചുങ്കി പവർ ഹൗസിന് സമീപം ഒരു സംഘം ഹോളി ആഘോഷിക്കുന്നുണ്ടായിരുന്നു. സംഘം ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് നിറങ്ങൾ വാരിയെറിഞ്ഞപ്പോൾ അദ്ദേഹം എതിർത്തു. എതിർപ്പിനിടയിലും സംഘം നിറം ഒഴിക്കുന്നത് തുടരുകയായിരുന്നു. ഇത് പിന്നീട് കയ്യാങ്കളിയിൽ കലാശിക്കുകയും ഷരീഫിനെ സംഘം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ചിലരെത്തി ഷരീഫിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കുഴഞ്ഞുവീണു മരിച്ചു. .
ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ തെരുവിലിറങ്ങി. പരാതികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും അക്രമികളെ തിരിച്ചറിയാനും പിടികൂടാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പോലീസ് മേധാവി പറഞ്ഞു.
അതേസമയം, മരണകാരണം ഹൃദയാഘാതമാണെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദയസ്തംഭനമാണെന്ന് പറയുന്നുണ്ടെന്നും ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് ഉന്നാവോ പോലീസ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കിയത്.