ജിദ്ദ – ഇസ്‌ലാമിക ഐക്യദാര്‍ഢ്യത്തിന്റെയും ദാനധര്‍മത്തിന്റെയും മഹത്വം വിളിച്ചറിയിച്ച് ഇന്തോനേഷ്യയിലെ സെന്‍ട്രല്‍ ജാവ പ്രവിശ്യയിലെ സോളോ നഗരത്തില്‍ സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം സംഘടിപ്പിച്ച കിംഗ് സല്‍മാന്‍ ഇഫ്താര്‍ പരിപാടി ആസിയാന്‍ രാജ്യങ്ങളിലെ ഏറ്റവും വലിയ ഇഫ്താറായി റെക്കോർഡിട്ടു. ഇരുപതിനായിരത്തിലേറെ പേര്‍ ഇഫ്താറില്‍ പങ്കെടുത്തു. നഗരമധ്യത്തിലെ മനഹാന്‍ സ്‌പോര്‍ട്‌സ് ട്രാക്കില്‍ 2.8 കിലോമീറ്റര്‍ നീളത്തില്‍ ഇഫ്താറില്‍ പങ്കെടുത്തവരുടെ നിര നീണ്ടുകിടന്നു. ഇഫ്താര്‍ സുപ്രയുടെ നീളത്തിനും വലിപ്പത്തിനും തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്തോനേഷ്യയിലെ മോറി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിംഗ് സല്‍മാന്‍ ഇഫ്താര്‍ പരിപാടി നേടി.
കഴിഞ്ഞ വര്‍ഷം കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതി സോളോ നഗരത്തില്‍ 2.5 കിലോമീറ്റര്‍ നീളമുള്ള ഇഫ്താര്‍ സുപ്ര സംഘടിപ്പിച്ച് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ കൊല്ലം 15,000 ലേറെ പേരാണ് ഇഫ്താറില്‍ പങ്കെടുത്തത്. ഇത്തവണ ഈ റെക്കോര്‍ഡ് മറികടന്ന് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.
വിശുദ്ധ റമദാന്‍ അന്തരീക്ഷത്തില്‍, സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള വിശ്വാസികള്‍ ഇഫ്താറില്‍ ഒത്തുകൂടി. സോളോ ഗവര്‍ണര്‍, രാഷ്ട്രീയ, മുസ്‌ലിം നേതാക്കള്‍, സര്‍വകലാശാല, ചാരിറ്റബിള്‍ അസോസിയേഷന്‍ പ്രസിഡന്റുമാര്‍ എന്നിവര്‍ ഇഫ്താറില്‍ പങ്കെടുത്ത് ഇസ്‌ലാമിക സാഹോദര്യം ശക്തിപ്പെടുത്താനും മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്‌നേഹത്തിന്റെ പാലങ്ങള്‍ പണിയാനുമുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്ന അസാധാരണ പരിപാടിക്ക് സാക്ഷ്യം വഹിച്ചു.
ഏകദേശം 590 സൂപ്പര്‍വൈസര്‍മാരുടെയും തൊഴിലാളികളുടെയും മേല്‍നോട്ടത്തില്‍ ഇരുപത് പ്രാദേശിക റെസ്റ്റോറന്റുകള്‍ ഇഫ്താര്‍ വിഭവങ്ങള്‍ ഒരുക്കുന്നതില്‍ പങ്കെടുത്തു. മഴയില്‍ നിന്ന് സംരക്ഷിക്കാന്‍ കുടകള്‍, 15 ആംബുലന്‍സുകള്‍, ക്ലീനിംഗ് കമ്പനി, ജനക്കൂട്ടത്തെ നിയന്ത്രിക്കാനും ഭക്ഷണ വിതരണം ക്രമീകരിക്കാനുമുള്ള സുരക്ഷാ സംഘം എന്നിവയുള്‍പ്പെടെ ഇഫ്താറില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷയും സുഖസൗകര്യങ്ങളും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ക്രമീകരണങ്ങളും സ്വീകരിച്ചിരുന്നു.
സമൂഹ ഇഫ്താറിനെ കുറിച്ച് അറിയിക്കുന്ന പരസ്യബോര്‍ഡുകള്‍ സോളോയിലെ തെരുവുകളിലും ചത്വരങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസമായി സ്ഥാപിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മുസ്‌ലിം രാജ്യമായ ഇന്തോനേഷ്യയിലെ മുസ്‌ലിംകളെ പിന്തുണക്കാനുള്ള സൗദി അറേബ്യയുടെയും സൗദി ഭരണാധികാരികളുടെയും പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന സ്‌നേഹത്തിന്റെയും ഇസ്‌ലാമിക സാഹോദര്യത്തിന്റെയും സന്ദേശം എന്നാണ് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ ഇഫ്താറിനെ വിശേഷിപ്പിച്ചത്. ഇസ്ലാമിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ജനങ്ങള്‍ക്കിടയിലുള്ള സാഹോദര്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതുമായ പദ്ധതിയെ ഇന്തോനേഷ്യയിലെ മത, മുസ്‌ലിം നേതാക്കള്‍ പ്രശംസിച്ചു.
ജക്കാര്‍ത്ത സൗദി എംബസിയിലെ റിലീജ്യസ് അറ്റാഷെ, ഇന്തോനേഷ്യയിലെ മതകാര്യ മന്ത്രാലയം, വിവിധ സംസ്ഥാനങ്ങളിലെ ഔദ്യോഗിക അസോസിയേഷനുകള്‍ എന്നിവയുമായി ഏകോപിച്ച് ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി സമൂഹ ഇഫ്താര്‍ പരിപാടി നടപ്പാക്കാന്‍ സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം പ്രത്യേകം ശ്രദ്ധിച്ചതായി മന്ത്രാലയ വക്താവ് അബ്ദുല്ല അല്‍അനസി പറഞ്ഞു. വിശുദ്ധ റമദാനില്‍ സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം നടപ്പാക്കുന്ന ഏറ്റവും വലിയ മാനുഷിക പദ്ധതിയാണ് കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതി. ഇത്തവണ ലോകത്തെ 61 രാജ്യങ്ങളില്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. പത്തു ലക്ഷത്തിലേറെ പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനു പുറമെ സല്‍മാന്‍ രാജാവിന്റെ ഉപഹാരമെന്നോണം 102 രാജ്യങ്ങളില്‍ 700 ടണ്ണിലേറെ ഈത്തപ്പഴവും 45 രാജ്യങ്ങളില്‍ മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സില്‍ അച്ചടിച്ച മുസ്ഹഫ് കോപ്പികളും വിതരണം ചെയ്യുന്നുണ്ടെന്ന് അബ്ദുല്ല അല്‍അനസി പറഞ്ഞു.