കൊച്ചി- 1526 കോടി വിലമതിക്കുന്ന ഹെറോയിൻ കടലിൽ വച്ച് പിടികൂടിയ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ലക്ഷദീപിന് അടുത്ത് കടലിൽ രണ്ട് ബോട്ടുകളിൽ നിന്ന് 1526 കോടി വിലമതിക്കുന്ന 218 കിലോ ഗ്രാം ഹെറോയിൻ പിടികൂടിയ കേസിൽ വിചാരണ നേരിട്ട പ്രതികളെ മുഴുവൻ എറണാകുളം അഡീഷണൽ സെഷൻ കോടതി I വെറുതെ വിട്ടു. കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രതികളെ കുറ്റവിമുക്തമാക്കിയത് . 20 പേരെ കടലിൽ വച്ചും 4 പേരെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് വച്ചും അറസ്റ്റ് ചെയ്തിരുന്നു. കേസിൽ മൊത്തം പിടിയിലായ 24 പേരും ജയിലിൽ നിന്ന് നേരിട്ട് വിചാരണ നേരിട്ട ശേഷമാണ് മോചിതരാകുന്നത്.
2022 മെയ് മാസത്തിലാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കടലിൽ വച്ച് ഹെറോയിൻ ഒളിപ്പിച്ചിരുന്ന രണ്ട് ബോട്ടുകൾ കസ്റ്റഡിയിൽ എടുത്തത്. ബോട്ടിലുണ്ടായിരുന്ന മൽസ്യ തൊഴിലാളികളെ ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കസ്റ്റഡിയിൽ എടുത്ത് കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു. മത്സ്യ ബന്ധനത്തിന് പോയ തന്റെ മക്കളെ അന്താരാഷട്ര മയക്കുമരുന്ന് കള്ള കടത്ത് സംഘം കടലിൽ വച്ച് ഭീഷണിപ്പെടുത്തി കുടുക്കിയതാണെന്ന് കാണിച്ച് ഒന്നും രണ്ടും പ്രതികളുടെ മാതാവ് വത്സല പരാതി നൽകി.
ഇതിൽ അന്വേഷണം ആവിശ്യപ്പെട്ട് അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്‌സിങ്, ആർ . ഗോപൻ എന്നിവർ മുഖാന്തിരം ഹൈക്കോടതിയിൽ റിട്ട് ഹർജിയും ഫയൽ ചെയ്തിരുന്നു. വിദേശ കപ്പലിൽ നിന്ന് ആഴക്കടലിൽ വച്ച് ബോട്ടുകൾക്ക് കൈമാറി ആളുകളെ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും ഉപയോഗപ്പെടുത്തി കടൽ മാർഗം ലഹരി കള്ളക്കടത്ത് നടത്തുന്ന സംഘത്തെ പിടികൂടുന്നതിനോ, കുറ്റകൃത്യത്തിന് ഉപയോഗിക്കുന്ന വിദേശ കപ്പലുകളെ കസ്റ്റഡിയിൽ എടുക്കുന്നതിനോ തയ്യാറാകുന്നില്ലെന്ന ആരോപണവും റിട്ട് ഹർജിയിൽ പരാമർശിച്ചിരുന്നു. ഒന്നും രണ്ടും പ്രതികളുടെ മാതാവ് നൽകിയ പരാതിയിൽ തീരുമാനമെടുക്കുവാൻ ഹൈക്കോടതി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് മേധാവിയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഒന്നും രണ്ടും പ്രതികളുടെ ജാമ്യം ഹൈക്കോടതി നിരസിച്ചെങ്കിലും കുറ്റപത്രം വായിച്ച് കഴിഞ്ഞു ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് ജാമ്യ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു .