അമൃത്സര്‍– പഞ്ചാബിലെ അമൃത്സര്‍ താക്കൂര്‍ദ്വാര ക്ഷേത്രത്തിന് നേരെ ഗ്രനേഡ് ആക്രമണം. ശനിയാഴ്ച രാത്രി രണ്ട് പേർ ബൈക്കില്‍ എത്തിയാണ് ആക്രമണം നടത്തിയത്. ആക്രമികൾ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ക്ഷേത്രത്തിന്റെ അകത്തുണ്ടായിരുന്ന പൂജാരി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാന്‍ ബന്ധമുണ്ടെന്ന് പോലീസ് കമ്മീഷ്ണര്‍ ഗുര്‍പ്രീത് ഭുള്ളര്‍ ചൂണ്ടിക്കാട്ടി. പാകിസ്ഥാന്‍ ഇത്തരം ദുഷ്പ്രവര്‍ത്തികള്‍ ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്‌ഫോടക വസ്തുവിന്റെ സ്വഭാവം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പഞ്ചാബിനെ അസ്വസ്ഥമാക്കാന്‍ ചില ദുഷ്ടശക്തികള്‍ ഇടക്കിടെ ശ്രമം നടത്താറുണ്ട്. മയക്ക് മരുന്ന് പോലും അതിന്റെ ഭാഗമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. പഞ്ചാബ് പോലീസിന് ഏറ്റവും പുതിയ ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ താമസക്കാര്‍ ശാന്തരായിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. സി.സി.ടി.വി തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസന്യേഷണം പുരോഗമിക്കുകയാണ്.