യു.പി– ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ ബിഹാരി ക്ഷേത്രത്തില്‍ ദേവതക്കുള്ള വസ്ത്രങ്ങള്‍ മുസ്ലിം കരകൗശലക്കാരില്‍ നിന്നും വാങ്ങുന്നത് നിര്‍ത്തണമെന്ന ഹിന്ദുത്വ വാദികളുടെ ആവശ്യം ക്ഷേത്ര പുരോഹിതന്മാര്‍ നിരാകരിച്ചു. ക്ഷേത്രത്തിന്റെ പാരമ്പര്യങ്ങളില്‍ മതപരമായ വിവേചനത്തിന് സ്ഥാനമില്ലെന്ന് അവര്‍ പറഞ്ഞു.
ശ്രീകൃഷ്ണ ജന്മഭൂമി മുക്തി സംഘര്‍ഷ് ന്യാസ് നേത്രത്വം ദിനേശ് ശര്‍മ്മ ഫലാഹാരിയാണ് ക്ഷേത്ര കമ്മിറ്റിയോട് മറ്റു സമുദായത്തിലെ ആളുകള്‍ നിര്‍മ്മിക്കുന്ന വസ്ത്രങ്ങള്‍ ദേവിക്കു വേണ്ടി വാങ്ങുന്നത് നിര്‍ത്തലാക്കണമെന്ന് നിര്‍ദേശിച്ചത്. വിചിത്രമായ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന് ക്ഷേത്രകമ്മിറ്റി തീരുമാനിച്ചതായി മുതിര്‍ന്ന ക്ഷേത്രപുരോഹിതന്‍ ഗ്യാനേന്ദ്ര കിഷോര്‍ ഗോസ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
ദേവതമാര്‍ക്കുള്ള വസ്ത്രം, കിരീടം എന്നിങ്ങനെയുള്ള പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 80 ശതമാനം കരകൗശല വിദഗ്ദരും മുസ്ലിംകളാണ്. ദൈവത്തിന്റെ വസ്ത്രങ്ങള്‍ ശുദ്ധമായിരിക്കണം, പശുവിനെയും ഹിന്ദു മതത്തെയും ബഹുമാനിക്കാത്ത ആളുകള്‍ അവ തുന്നരുതെന്ന് ദിനേശ് ശര്‍മ്മ അവകാശപ്പെട്ടു. എല്ലാ സമുദായങ്ങള്‍ക്ക് ഈ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഒരേ നിലവാരത്തിലുള്ള വൈദഗ്ദ്ധ്യം ഇല്ലാത്തതിനാല്‍ ആവശ്യം അപ്രായോഗികമാണെന്ന് ക്ഷേത്ര പൂജാരിമാര്‍ പറഞ്ഞു.
ഉത്സവങ്ങളില്‍ വിഗ്രഹത്തിന് പ്രത്യേക വസ്ത്രങ്ങള്‍ ആവശ്യമാണ്. വര്‍ഷങ്ങളായി മുസ്ലീം തയ്യല്‍ക്കാര്‍ അവ ഞങ്ങള്‍ക്ക് മുടങ്ങാതെ നല്‍കുന്നു.ചിലര്‍ക്ക് ഇഷ്ടപ്പെടാത്തതുകൊണ്ട് മാത്രം പാരമ്പര്യം മാറ്റാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ മുസ്ലീങ്ങളെ സാമ്പത്തികമായി ദ്രോഹിക്കാന്‍ ആഗ്രഹിക്കുന്നു, പക്ഷേ ഞങ്ങള്‍ എല്ലാ മതങ്ങളെയും ഓരോ വ്യക്തിയെയും ബഹുമാനിക്കുന്നു, ക്ഷേത്രപുരോഹിതന്‍ പറഞ്ഞു.
ദേവതകള്‍ക്കായി വസ്ത്രങ്ങള്‍ വാങ്ങുന്ന വാരണാസി, അയോധ്യ, സംഭാല്‍, ഉത്തര്‍പ്രദേശിലെ മറ്റ് ജില്ലകളിലുള്‍പ്പെടെയുള്ള നിരവധി ക്ഷേത്രങ്ങളോട്, മുസ്ലീങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങുന്നത് നിര്‍ത്താന്‍ ശ്രീകൃഷ്ണ ജന്മഭൂമി സംഘര്‍ഷ് ന്യാസ് ആവശ്യപ്പെട്ടു, മുസ്ലീം കരകൗശല വിദഗ്ധരെ സാമ്പത്തികമായി അരികുവല്‍ക്കരിക്കാനുള്ള വ്യാപക ശ്രമമായി ഇത് കണക്കാക്കപ്പെടുന്നു.