ജിദ്ദ – ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളുടെ പദവി ശരിയാക്കാന്‍ രണ്ടു വര്‍ഷത്തെ സാവകാശം അനുവദിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി ഉത്തരവിട്ടു. പദവി ശരിയാക്കുന്നത് വരെ റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ക്ക് പ്രവര്‍ത്തനം തുടരാവുന്നതാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ വ്യവസ്ഥകള്‍ക്കനുസൃതമായി കമ്പനികളാക്കി പരിവര്‍ത്തിപ്പിക്കണം.
50 ലക്ഷം റിയാല്‍ മൂലധനത്തോടെയുള്ള ചെറുകിട റിക്രൂട്ട്‌മെന്റ് കമ്പനിയാക്കി പരിവര്‍ത്തിപ്പിക്കുന്ന റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ക്ക് മൂലധനത്തിന്റെ പകുതി രണ്ടു ഗഡുക്കളായി ഡെപ്പോസിറ്റ് ചെയ്യാന്‍ അവസരം നല്‍കാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കമ്പനിയാക്കി മാറ്റുന്നതു മുതല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ തുക രണ്ടു ഗഡുക്കളായി ഡെപ്പോസിറ്റ് ചെയ്താല്‍ മതി.
സാവകാശം നല്‍കിയ കാലത്തിനുള്ളില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിര്‍ണയിക്കുന്ന നടപടിക്രമങ്ങള്‍ക്കനുസൃതമായി പരസ്പരം ലയിക്കാനും റിക്രൂട്ട്‌മെന്റ് ഓഫീസുകളെ അനുവദിക്കും. എല്ലാവരുടെയും ആഗ്രഹങ്ങള്‍ നിറവേറ്റുകയും സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്ന നിലക്ക് റിക്രൂട്ട്‌മെന്റ് മേഖല വികസിപ്പിക്കാനുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അതീവ താല്‍പര്യത്തിന്റെ ഭാഗമായാണ് റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ക്ക് പദവി ശരിയാക്കാന്‍ രണ്ടു വര്‍ഷത്തെ സാവകാശം നല്‍കിയിരിക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു.