വാഷിംഗ്ടണ്‍ – ഗാസ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ ന്യൂയോര്‍ക്ക് കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ ഫലസ്തീന്‍ വിദ്യാര്‍ഥി മഹ്മൂദ് ഖലീലിനെ ശനിയാഴ്ച രാത്രി യൂണിവേഴ്‌സിറ്റി ഡോര്‍മിറ്ററി കെട്ടിടത്തിന്റെ ലോബിയില്‍ വെച്ച് അറസ്റ്റ് ചെയ്തത് അമേരിക്കയില്‍ വ്യാപക പ്രതിഷേധം. ഗ്രീന്‍ കാര്‍ഡ് ഉണ്ടായിരുന്നിട്ടും ഇമിഗ്രേഷന്‍, കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജന്റുമാര്‍ മഹ്മൂദ് ഖലീലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹമാസിനുള്ള പിന്തുണയാണ് അറസ്റ്റിന് കാരണമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.
അറസ്റ്റ് ചെയ്ത ശേഷം ശാലോം മഹ്മൂദ് എന്ന പേരില്‍ വൈറ്റ് ഹൗസ് ഹ്രസ്വ പ്രസ്താവന പുറത്തിറക്കി. 30 കാരനായ ഖലീലിനെ ഹമാസിനെ പിന്തുണക്കുന്ന തീവ്ര വിദേശ വിദ്യാര്‍ഥി എന്നാണ് പ്രസ്താവനയിൽ വിശേഷിപ്പിച്ചത്. അമേരിക്കയില്‍ ഹമാസിനെ പിന്തുണക്കുന്ന കൂടുതല്‍ പേരെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു.
എന്നാല്‍ മഹ്മൂദ് ഖലീല്‍ പൂര്‍ണാര്‍ഥത്തില്‍ ഒരു വിദേശി അല്ല. ഗ്രീന്‍ കാര്‍ഡ് ഉടമയാണ് മഹമൂദ് ഖലീൽ. ഇദ്ദേഹത്തിന്റെ ഭാര്യ എട്ടു മാസം ഗർഭിണിയാണ്. നിലവില്‍ എട്ട് മാസം ഗര്‍ഭിണിയായ അമേരിക്കന്‍ വനിതയെ മഹ്മൂദ് ഖലീല്‍ വിവാഹം കഴിച്ചിട്ടുണ്ട്. അമേരിക്കൻ പൗരയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. അറസ്റ്റിന്റെ നിയമസാധുതയെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ഹമാസ് അനുകൂലികളുടെ വിസകളും ഗ്രീന്‍ കാര്‍ഡുകളും റദ്ദാക്കുമെന്നും ഇവരെ നാടുകടത്തുമെന്നും അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ പറഞ്ഞു.
കൂടുതല്‍ അറസ്റ്റുകളും നാടുകടത്തലുകളും നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. കൊളംബിയ സര്‍വകലാശാലയിലും മറ്റ് സര്‍വകലാശാലകളിലും തീവ്രവാദത്തെ പിന്തുണക്കുന്ന, സെമിറ്റിക് വിരുദ്ധ, അമേരിക്കന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാം, ട്രംപ് ഭരണകൂടം ഇത് അനുവദിക്കില്ല – അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ഇവരില്‍ പലരും വിദ്യാര്‍ഥികളല്ല. മറിച്ച്, കൂലി വാങ്ങുന്ന പ്രക്ഷോഭകരാണ്. ഞങ്ങള്‍ അവരെ കണ്ടെത്തി കസ്റ്റഡിയിലെടുക്കും. ഈ തീവ്രവാദ അനുഭാവികളെ നമ്മുടെ രാജ്യത്ത് നിന്ന് നാടുകടത്തും. അവരെ ഒരിക്കലും അമേരിക്കയിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കില്ല – ട്രംപ് പറഞ്ഞു.
അതിനിടെ മഹ്മൂദ് ഖലീലിന്റെ നാടുകടത്തല്‍ നിര്‍ത്തിവെക്കാന്‍ ന്യൂയോര്‍ക്ക് ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.
ന്യൂയോര്‍ക്കിലെ ലിബറല്‍ വ്യവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ യാഥാസ്ഥിതികമായ നീതിന്യായ വ്യവസ്ഥയുള്ള ലൂസിയാനയിലെ തടങ്കല്‍ കേന്ദ്രത്തിലേക്കാണ് മഹ്മൂദ് ഖലീലിനെ അധികൃതര്‍ അയച്ചത്. ഇതേ തുടര്‍ന്ന് ഖലീലിനെ ന്യൂയോര്‍ക്കിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ട്. മഹ്മൂദ് ഖലീലിനെ ലൂസിയാനയിലേക്ക് മാറ്റാനുള്ള ഇമിഗ്രേഷന്‍, കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയുടെ തന്ത്രം, ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയുടെ അധികാരപരിധിയെ പരാജയപ്പെടുത്താനും അഭിഭാഷകനില്‍ നിന്നും വീട്ടില്‍ നിന്നും പിന്തുണക്കുന്ന പ്രാദേശിക സമൂഹത്തില്‍ നിന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് – ഫലസ്തീന്‍ വിദ്യാര്‍ഥിയുടെ അഭിഭാഷകയായ ആമി ഗ്രീര്‍ പറഞ്ഞു.

മഹ്മൂദ് ഖലീലിന്റെ മോചനം ആവശ്യപ്പെട്ട് തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ തെരുവുകളില്‍ പ്രകടനങ്ങള്‍ നടന്നു. അമേരിക്കന്‍ ഭരണഘടനയുടെ ഒന്നാം ഭേദഗതി ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ലംഘിക്കുന്നതായി വിശേഷിപ്പിച്ച് അത്തരം തീരുമാനങ്ങള്‍ക്കെതിരെ ഡെമോക്രാറ്റിക് നിയമനിര്‍മാതാക്കള്‍ എതിര്‍പ്പ് ശക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിച്ചതിന് ഒരു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യുന്നത് അമേരിക്കയില്‍ നിന്നല്ല, റഷ്യയില്‍ നിന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്ന് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി സീനിയര്‍ ഡെമോക്രാറ്റ് ഡിക്ക് ഡര്‍ബിന്‍ പറഞ്ഞു. ഖലീലിന്റെ അമേരിക്കയിലെ നിയമപരമായ പദവി റദ്ദാക്കി ശിക്ഷിക്കുന്നത് അപകടകരമാണ്. ഈ നീക്കം സ്വേച്ഛാധിപത്യമാണെന്ന് ഡിക്ക് ഡര്‍ബിന്‍ വിശേഷിപ്പിച്ചു.
മഹ്മൂദ് ഖലീലിന്റെ ഭരണഘടനയുടെ ഒന്നാം ഭേദഗതി അവകാശങ്ങളെ അവര്‍ ലക്ഷ്യം വച്ചാല്‍, അവര്‍ക്ക് നിങ്ങളുടെ അവകാശങ്ങളും ലക്ഷ്യം വെക്കാന്‍ കഴിയുമെന്ന് കാലിഫോര്‍ണിയയുടെ ഡെമോക്രാറ്റ് പ്രതിനിധി സാറാ ജേക്കബ്‌സ് പറഞ്ഞു. ഒരു അഭിപ്രായപ്രകടനം ജനപ്രിയമല്ലെങ്കില്‍പ്പോലും, അല്ലെങ്കില്‍ അതിന്റെ ഉള്ളടക്കം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും അതിന്റെ പ്രകടനത്തെ സംരക്ഷിക്കുക എന്നതാണ് ഒന്നാം ഭേദഗതിയുടെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു.
ട്രംപ് ഭരണകൂടം ശ്രദ്ധാപൂര്‍വ്വം പഠിച്ചാണ് ഫലസ്തീന്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാണ്. സെമിറ്റിക് വിരുദ്ധത തടയുന്നതുമായി ബന്ധപ്പെട്ട ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ നടപ്പാക്കാനാണ് അധികൃതര്‍ ഖലീലിനെ കസ്റ്റഡിയിലെടുത്തതെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഭീകര സംഘടനയായ ഹമാസുമായി യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഖലീല്‍ നേതൃത്വം നല്‍കി. പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനും അമേരിക്കയുടെ ദേശീയ സുരക്ഷ സംരക്ഷിക്കാനും ഇമിഗ്രേഷന്‍, കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയും വിദേശ മന്ത്രാലയവും പ്രതിജ്ഞാബദ്ധരാണ് – പ്രസ്താവന പറഞ്ഞു.
വിമര്‍ശനത്തെ ശമിപ്പിക്കുന്നതില്‍ ഈ പ്രസ്താവന പരാജയപ്പെട്ടു. ന്യൂയോര്‍ക്ക് ഡെമോക്രാറ്റിക് പ്രതിനിധി ജെറോള്‍ഡ് നാഡ്ലര്‍ സംഭവത്തെ കുടിയേറ്റ നിയമത്തിന്റെ ഭയാനകമായ ലംഘനം എന്ന് വിശേഷിപ്പിച്ചു. ഈ നടപടി ജൂത വിദ്യാര്‍ഥികളെ ക്യാമ്പസുകളില്‍ സുരക്ഷിതരാക്കില്ല. മറിച്ച്, ട്രംപ് ഭരണകൂടത്തിന്റെ വിദ്യാഭ്യാസത്തിനെതിരായ രാഷ്ട്രീയ യുദ്ധത്തിനും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനത്തെ കുറിച്ചുള്ള പൊള്ളയായ വാചാടോപത്തിനും ഇന്ധനമാകുമെന്ന് പ്രമുഖ ജൂത നിയമനിര്‍മാതാവായ ജെറോള്‍ഡ് നാഡ്ലര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ സെമിറ്റിക് വിരുദ്ധത ഇല്ലാതാക്കുന്നതില്‍ ട്രംപ് ഭരണകൂടത്തിന് ഗൗരവമുണ്ടെങ്കില്‍, അത് സ്വയം ആരംഭിക്കണമെന്ന് ട്രംപിന്റെ സഖ്യകക്ഷിയായ ഇലോണ്‍ മസ്‌കിനെതിരെയുള്ള വിമര്‍ശനത്തെ പരാമര്‍ശിച്ച് നാഡ്ലര്‍ പറഞ്ഞു.
സെമിറ്റിക് വിരുദ്ധ നാസി പരാമര്‍ശങ്ങള്‍ മസ്‌ക് ഉപയോഗിക്കുന്നതായി ചിലര്‍ ആരോപിക്കുന്നു.
അമേരിക്കയില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു കേസില്‍ നിയമപരമായ വെല്ലുവിളികള്‍ നേരിടുന്ന അമേരിക്കന്‍ ഭരണകൂടം, 1952-ല്‍ കോണ്‍ഗ്രസ് പാസാക്കിയ ഇമിഗ്രേഷന്‍ ആന്റ് നാഷണാലിറ്റി ആക്ടിലെ വകുപ്പിനെ ആശ്രയിക്കുന്നു. വിദേശികളെ നാടുകടത്താന്‍ വിദേശ മന്ത്രിക്ക് വിശാലമായ അധികാരങ്ങള്‍ നല്‍കുന്നതാണ് ഈ നിയമം. അമേരിക്കയുടെ വിദേശനയത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന് വിദേശ മന്ത്രിക്ക് തോന്നുന്നുവെങ്കില്‍ ഏതൊരു വിദേശിയെയും നാടുകടത്താവുന്നതാണെന്ന് ഈ വകുപ്പ് പറയുന്നു.
അമേരിക്കന്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് നിയമത്തിലെ ഈ വകുപ്പ് പ്രയോഗിക്കുന്നതെന്ന് ന്യൂയോര്‍ക്ക് സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ ഡയറക്ടര്‍ ആമി ബെല്‍ച്ചര്‍ പറയുന്നു. ഇത് വളരെ അവ്യക്തമായ ഒരു വ്യവസ്ഥയാണ്. ഭരണകൂടം എതിര്‍ക്കുന്ന ആളുകളെ ലക്ഷ്യം വച്ചുള്ളതാണോ നിയമം എന്നതിനെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും അവര്‍ പറയുന്നു. ഭരണഘടനയാല്‍ സംരക്ഷിക്കപ്പെടുന്ന ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത് ബാധകമാണോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇതിനാണ് അഭിഭാഷകര്‍ വ്യക്തമായ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നത്.
അത്തരമൊരു ഉത്തരത്തിന്റെ അഭാവത്തിലും, അത്തരം തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അമേരിക്കന്‍ ഭരണകൂടത്തിന് വിശാലമായ അധികാരങ്ങള്‍ ഉള്ളതിനാലും യൂനിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ ഗാസ യുദ്ധവിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ഭയവും ആശങ്കയും പിടികൂടിയിരിക്കുന്നു. ഈ വിദ്യാര്‍ഥികള്‍ ശ്വാസം അടക്കിപ്പിടിച്ച്, അമേരിക്കയിലെ തങ്ങളുടെ വിധിയും ഭാവിയും തീരുമാനിക്കപ്പെടുന്നതിന് കാത്തിരിക്കുകയാണ്.