- സാങ്കേതിക മേഖലയിലെ വനിതാ പങ്കാളിത്തത്തില്‍ സിലിക്കണ്‍ വാലിയെയും യൂറോപ്യന്‍ യൂനിയനെയും മറികടക്കാന്‍ സൗദി അറേബ്യക്ക് സാധിച്ചതായി കമ്മ്യൂണിക്കേഷന്‍സ് മന്ത്രി
ജിദ്ദ – സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കാനുള്ള തീരുമാനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ജിദ്ദയില്‍ തന്നെ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തി അറിയിക്കുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമരന്‍ വെളിപ്പെടുത്തി. എം.ബി.സി ചാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. തീരുമാനം നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന് എട്ടു മാസം മുതല്‍ ഒരു വര്‍ഷം വരെ ആവശ്യമാണെന്ന് താന്‍ കിരീടാവകാശിയെ അറിയിച്ചു.
എട്ടു മാസത്തിനുള്ളില്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാനും ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാനും കിരീടാവകാശി നിര്‍ദേശിച്ചു. നിശ്ചിത സമയത്തിനകം വനിതാ ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിക്കാനും വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാവര്‍ത്തികമാക്കാനും ആഭ്യന്തര മന്ത്രാലയത്തിന് സാധിച്ചതായും അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ പറഞ്ഞു.
സൗദിയില്‍ സാമൂഹിക തലത്തിലും തൊഴില്‍ വിപണിയിലും കൂടുതല്‍ വ്യാപകമായ വനിതാ പങ്കാളിത്തത്തിന് വഴിയൊരുക്കിയ നിരവധി നാഴികക്കല്ലുകള്‍ക്ക് സൗദി വനിതാ ശാക്തീകരണം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതിയായിരുന്നു. സ്ത്രീ ശാക്തീകരണത്തിനുള്ള രാഷ്ട്രത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കിയത്. വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി തീരുമാനം നടപ്പാക്കുന്നതിന് തയാറെടുക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ രഹസ്യ യോഗം ചേര്‍ന്നു. വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി നടപ്പാക്കാനുള്ള തയാറെടുപ്പുകള്‍ നടത്താന്‍ എട്ടു മാസം മുതല്‍ ഒരു വര്‍ഷം വരെ സമയമെടുക്കുമെന്ന് ഈ യോഗം നിഗമനത്തിലെത്തി.
ഇക്കാര്യത്തില്‍ മന്ത്രാലയത്തിന്റെ ആവശ്യങ്ങള്‍ അടങ്ങിയ ഫയല്‍ കിരീടാവകാശിക്ക് സമര്‍പ്പിച്ചു. ഇതിനെ കിരീടാവകാശി പിന്തുണച്ചു. സ്ത്രീകളെ കാര്‍ ഓടിക്കാന്‍ പഠിപ്പിക്കുന്നതിന് സ്‌കൂളുകള്‍ സ്ഥാപിക്കുകയും തീരുമാനം നടപ്പാക്കാന്‍ ആവശ്യമായ ബാക്കി കാര്യങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത് ആഭ്യന്തര മന്ത്രാലയം തയാറെടുപ്പുകള്‍ ആരംഭിക്കുകയായിരുന്നെന്നും അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ പറഞ്ഞു.
കാറുകള്‍ ഓടിക്കാന്‍ പ്രധാനമായും മറ്റുള്ളവരെ ആശ്രയിച്ചിരുന്നതിനാല്‍ യാത്രകള്‍ക്ക് എപ്പോഴും തനിക്ക് പ്രതിസന്ധി നേരിട്ടിരുന്നതായി റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായ അല്‍ശൈഹാന അല്‍അസ്സാസ് പറഞ്ഞു. വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ ആരോ ഓടിക്കുന്ന വാഹനത്തില്‍ താന്‍ സഞ്ചരിക്കുകയായിരുന്നെന്ന് അല്‍ശൈഹാന അല്‍അസ്സാസ് പറഞ്ഞു. 2018 ലെ വേനല്‍ക്കാലത്ത് ലോകകപ്പില്‍ പങ്കെടുക്കുന്ന ദേശീയ ടീമിനൊപ്പം റഷ്യയിലായിരുന്നപ്പോഴാണ് ഈ വാര്‍ത്ത താന്‍ അറിഞ്ഞതെന്ന് കായികകാര്യ സഹമന്ത്രി അദ്വാ അല്‍അരീഫി പറഞ്ഞു.
ഇതേകുറിച്ച് അറിഞ്ഞയുടനെ കാറുകള്‍ ഓടിക്കാനുള്ള വലിയ ആഗ്രഹം തനിക്ക് തോന്നി. യാത്രകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന തീരുമാനമാണിതെന്നും അദ്‌വാ അല്‍അരീഫി പറഞ്ഞു. വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി തീരുമാനം പ്രഖ്യാപിച്ച ശേഷം 2018 ല്‍ ഫോര്‍മുല-ഇ കാറോട്ട മത്സരം സംഘടിപ്പിക്കുന്നതിനുള്ള വര്‍ക്കിംഗ് ടീമില്‍ താന്‍ ചേര്‍ന്നു. കാറുകള്‍ ഓടിക്കാന്‍ അനുവദിച്ചത് ഫോര്‍മുല-ഇ സംഘാടനവുമായി ബന്ധപ്പെട്ട തുടര്‍നടപടികളിലും പദ്ധതികള്‍ നടപ്പിലാക്കുന്നതിലും തന്റെ ഔദ്യോഗിക ദൗത്യങ്ങളെ വളരെയധികം സഹായിച്ചതായും അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് മന്ത്രി പറഞ്ഞു.
രാജ്യത്തെ നല്ല ജോലികളില്‍ 80 ശതമാനവും സ്വദേശി യുവതീയുവാക്കള്‍ക്കു വേണ്ടി നീക്കിവെക്കണമെന്ന് കിരീടാവകാശിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ അദ്ദേഹം നിര്‍ദേശിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി വെളിപ്പെടുത്തി. തൊഴിലന്വേഷകരില്‍ 80 ശതമാനം പേരും സ്ത്രീകളാണെന്ന് കിരീടാവകാശിയോട് താന്‍ പറഞ്ഞു. ഇത് ജോലി അന്വേഷിക്കുന്നതില്‍ അവര്‍ നേരിടുന്ന പ്രതിബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നതായും എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു.
ഈ പ്രതിബന്ധങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണാന്‍ ആഭ്യന്തര മന്ത്രാലയം, ഫാമിലി അഫയേഴ്‌സ് കൗണ്‍സില്‍, നീതിന്യായ മന്ത്രാലയം, നാഷണല്‍ കോംപറ്റിറ്റീവ്‌നെസ് സെന്റര്‍ എന്നിവ ഉള്‍പ്പെടുന്ന കമ്മിറ്റി കിരീടാവകാശി രൂപീകരിച്ചതായി വാണിജ്യ മന്ത്രി മാജിദ് അല്‍ഖസബി പറഞ്ഞു. രാജ്യത്ത് സാങ്കേതിക മേഖലയില്‍ വനിതാ ശാക്തീകരണത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടായതായി കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹ പറഞ്ഞു. സൗദിയില്‍ സാങ്കേതിക മേഖലയില്‍ വനിതാ പങ്കാളിത്തം ഏഴു ശതമാനത്തില്‍ നിന്ന് 35 ശതമാനമായി ഉയര്‍ന്നു. വനിതാ പങ്കാളിത്തം സിലിക്കണ്‍ വാലിയില്‍ 27 ശതമാനവും യൂറോപ്യന്‍ യൂനിയനില്‍ 22 ശതമാനവുമാണ്. ഇതിനെ മറികടക്കാന്‍ സൗദി അറേബ്യക്ക് സാധിച്ചതായി അബ്ദുല്ല അല്‍സവാഹ പറഞ്ഞു.
സൗദി അറേബ്യയില്‍ നിന്ന് വ്യത്യസ്തമായി സാങ്കേതിക മേഖലയില്‍ ജോലി ചെയ്യാന്‍ സ്ത്രീകളെ ആകര്‍ഷിക്കുന്നതില്‍ സിലിക്കണ്‍ വാലി വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് സൗദി ഫെഡറേഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി, പ്രോഗ്രാമിംഗ് ആന്റ് ഡ്രോണ്‍സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫൈസല്‍ അല്‍ഖമീസി പറഞ്ഞു. സാങ്കേതിക മേഖലയില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സ്ത്രീ ശാക്തീകരണ നിരക്ക് കൈവരിക്കാന്‍ സൗദി അറേബ്യക്ക് സാധിച്ചതായും ഫൈസല്‍ അല്‍ഖമീസി പറഞ്ഞു.
രാജ്യം സാക്ഷ്യം വഹിക്കുന്ന സാമ്പത്തിക വൈവിധ്യമാണ് ശാസ്ത്ര ഗവേഷണം, ബഹിരാകാശം, ടൂറിസം, കായികം തുടങ്ങിയ പാരമ്പര്യേതര മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ക്കിടയില്‍ പുതിയൊരു അഭിനിവേശം സൃഷ്ടിക്കുന്നതെന്ന് ബഹിരാകാശ സഞ്ചാരി റയാന ബര്‍നാവി പറഞ്ഞു. ഏതൊരു മേഖലയിലും സുസ്ഥിരമായ സ്ത്രീ പങ്കാളിത്തം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കിരീടാവകാശിയുടെ നിര്‍ദേശങ്ങളുടെ ഫലമായാണ് വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി ഒരു സ്വപ്നത്തില്‍ നിന്ന് മൂര്‍ത്തമായ യാഥാര്‍ഥ്യമാക്കി മാറ്റിയതെന്ന് അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരി പറഞ്ഞു.