ജിദ്ദ- ലോകാവസാനം വരെയുള്ള ജനങ്ങൾക്കുള്ള ദൃഷ്ടാന്തമാണ് ഖുർആനെന്ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഷൈൻ ഷൗക്കത്തലി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ ‘ഖുർആനിന്റെ അമാനുഷികത’ എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പ്രവാചകന്മാർക്കും ആ കാലഘട്ടത്തിന് യോജിച്ച ചില അത്ഭുതസിദ്ധികളാണ് സൃഷ്ടാവ് നൽകിയതെങ്കിൽ അന്ത്യപ്രവാചകനായ മുഹമ്മദ് നബി)ക്ക് നൽകിയ ഖുർആൻ ലോകാവസാനം വരെയുള്ള മുഴുവൻ മനുഷ്യർക്കും ഒരത്ഭുതമാണ്.
പ്രവാചകന്റെ കാലത്ത് ജീവിച്ചിരുന്ന ഉമർ അടക്കമുള്ള പലരും ആദ്യകാലത്ത് അദേഹത്തിന്റെ കടുത്ത ശത്രുക്കളായിരുന്നെങ്കിലും ഖുർആൻ വചനങ്ങളാണ് അവരിലെല്ലാം മാറ്റമുണ്ടാക്കിയത്. “ഹൃദയങ്ങൾക്ക് ശാന്തി ലഭിക്കുന്നത് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ കൊണ്ടാണ്” എന്ന ഖുർആൻ വചനമാണ് വിഖ്യാത അമേരിക്കൻ ഗായകനായ ലൂണിനെ ഇസ്ലാമിലേക്ക് എത്തിച്ചത്.
ഫ്രഞ്ച് പട്ടാളത്തിനെതിരെ ശക്തമായി പോരാടിയ അൽജീരിയൻ ജനതയുടെ ചെറുത്ത്നിൽപ്പിനെ നേരിടാൻ ഖുർആനും അറബി ഭാഷയും അവരിൽ നിന്ന് തകർത്താലേ സാധ്യമാകൂ എന്നാണ് അക്കാലത്ത് ഒരു ഫ്രഞ്ച് പട്ടാളക്കാരൻ അഭിപ്രായപ്പെട്ടത്. ഈ ആധുനിക കാലഘട്ടത്തിലും ഇതെല്ലാം നമുക്ക് ബോധ്യപ്പെടുത്തുന്നത് ഖുർആനിന്റെ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷിഹാബ് സലഫി നന്ദിയും പറഞ്ഞു.