ശ്രീനഗർ- ആറു വര്‍ഷത്തിന് ശേഷം ആദ്യത്തെ ബജറ്റ് അവതരിപ്പിച്ച് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. പേര്‍ഷ്യന്‍ വരികളോടെ ആരംഭിച്ച ബജറ്റ് അവതരണം ജമ്മുകാശ്മീരിന്റെ സാമ്പത്തിക വളര്‍ച്ചക്കുള്ള മാര്‍ഗരേഖയാണെന്ന് ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന ഉമര്‍ അബ്ദുല്ല പറഞ്ഞു.
2019 ആഗസ്റ്റ് 5 ന് കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകാശ്മീര്‍ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരിക്കുകയായിരുന്നു. ആ സമയത്തെ പി.ഡി.പി -ബി.ജെ.പി സര്‍ക്കാറിന്റെ കീഴിലാണ് അവസാന ബജറ്റ് സമ്മേളനം നടന്നത്. പിന്നീട് ലെഫ്റ്റനന്‍ഡ് ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തിലായിരുന്നു ആറുവര്‍ഷത്തെ കേന്ദ്രഭരണം.
നമ്മുടെ വെല്ലുവിളികള്‍ വളരെ വലുതാണ്. പരിമിതികള്‍ നിരവധിയാണ്. പക്ഷെ ഇതിനെ നാം അചഞ്ചലമായ ദൃഢനിശ്ചയത്തോടെ നേരിടാന്‍ നാം ഒന്നായി പ്രതിജ്ഞയെടുക്കണം ഉമര്‍ അബ്ദുല്ല പറഞ്ഞു. ജമ്മുകാശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കുകയെന്നത് ജനങ്ങളുടെ ആഴത്തിലുള്ള ആഗ്രഹമാണ്. അത് പൂര്‍ത്തീകരിക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിബന്ധതയോടെ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ ഒരിക്കല്‍ ബജറ്റ് അവതരിപ്പിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല ‘ ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് ഉമര്‍ അബ്ദുല്ല എക്‌സിലൂടെ പങ്കുവെച്ചു.