ജിദ്ദ: ജിദ്ദ ഇസ്‌ലാമിക് പോർട്ടിലെ സൗത്ത് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസന പദ്ധതിക്ക് സൗദി പോർട്സ് അതോറിറ്റി തുടക്കം കുറിച്ചു. തുറമുഖത്തിന്റെയും സൗത്ത് കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെയും ശേഷി വര്‍ധിപ്പിക്കുന്ന പദ്ധതി 300 കോടി റിയാല്‍ (80 കോടി ഡോളര്‍) ചെലവിലാണ് നടപ്പാക്കുന്നത്. അന്താരാഷ്ട്ര ഗ്രൂപ്പായ ദുബായ് പോര്‍ട്ട് വേള്‍ഡുമായി ചേർന്നാണ് ടെർമിനൽ വികസിപ്പിക്കുന്നത്. ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലൈം അടക്കം പ്രമുഖർ പദ്ധതി നിര്‍മാണോദ്ഘാടനത്തില്‍ സംബന്ധിച്ചു. സ്വകാര്യ മേഖലയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെസൗത്ത് കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പ്രതിവര്‍ഷ ശേഷി 18 ലക്ഷം കണ്ടെയ്നറുകളില്‍ നിന്ന് 40 ലക്ഷം കണ്ടെയ്നറുകളായി ഉയരും.
വിഷന്‍ 2030 അനുസരിച്ച് ആഗോള ലോജിസ്റ്റിക് കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണീ വികസനം. ഗതാഗത, ലോജിസ്റ്റിക് വ്യവസായത്തെ ഉത്തേജിപ്പിക്കാനും സാമ്പത്തിക വളര്‍ച്ചയെ പിന്തുണക്കാനും ഇതു സഹായകമാകും. ആഗോള വ്യാപാരവും കയറ്റുമതിയും മെച്ചപ്പെടുത്താനും വിതരണ ശൃംഖലകളെ പിന്തുണക്കാനും സഹായിക്കും.
ഏറ്റവും പുതിയ ഓട്ടോമേഷന്‍, ഡിജിറ്റൈസേഷന്‍, സ്മാര്‍ട്ട് സാങ്കേതികവിദ്യകളും സൗത്ത് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ആധുനികവല്‍ക്കരണത്തിൽ ഉള്‍പ്പെടുന്നു. ചരക്കുകള്‍ ട്രാക്ക് ചെയ്യാനുള്ള ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സാങ്കേതികവിദ്യകളുടെയും ലോഡുകള്‍ കൃത്യമായി വിശകലനം ചെയ്യാനുള്ള നിര്‍മിതബുദ്ധിയുടെയും പിന്തുണയോടെ ഇടപാടുകളുടെ സമയം രണ്ടു മിനിറ്റില്‍ നിന്ന് വെറും 10 സെക്കന്റായി കുറക്കും. ഓട്ടോമേറ്റഡ്, ഇലക്ട്രിക് യാര്‍ഡ് ക്രെയിനുകള്‍ ടെര്‍മിനലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കപ്പലുകളില്‍ നിന്ന് കണ്ടെയ്‌നറുകള്‍ ഇറക്കാന്‍ ഉപയോഗിക്കുന്ന ക്രെയിനുകളുടെ എണ്ണം ഈ വര്‍ഷാവസാനത്തോടെ 14 ല്‍ നിന്ന് 17 ആയി ഉയരും.
ഭക്ഷ്യ, മരുന്ന് കയറ്റുമതി മേഖലയില്‍ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനായി റെഫ്രിജറേറ്റര്‍ കണ്ടെയ്നറുകളുടെ ശേഷി 1,200 ല്‍ നിന്ന് 2,340 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരേസമയം 75 റെഫ്രിജറേറ്റര്‍ കണ്ടെയ്നറുകള്‍ വരെ പരിശോധിക്കാന്‍ സാധിക്കുന്ന കേന്ദ്രം ഡിപി വേള്‍ഡ് ഇവിടെ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. സൗദിയില്‍ ഇത്തരത്തിലുള്ള ഏറ്റവും വലിയ കേന്ദ്രമാണിത്.
2,150 മീറ്റര്‍ നീളവും 18 മീറ്റര്‍ വരെ ആഴമുള്ള വാർഫുമുള്ള സൗത്ത് കണ്ടെയ്നര്‍ ടെര്‍മിനലിന് ഒരേസമയം അഞ്ച് വലിയ കണ്ടെയ്നര്‍ കപ്പലുകളെ സ്വീകരിക്കാന്‍ ശേഷിയുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടെര്‍മിനലില്‍ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന കാര്‍ബണ്‍ പുറന്തള്ളൽ 50 ശതമാനം വരെ കുറക്കാന്‍ ഡി.പി വേള്‍ഡുമായി ചേർന്ന് സൗദി പോര്‍ട്ട്‌സ് അതോറിറ്റി ശ്രമങ്ങൾ തുടരുകയാണ്.
കണ്ടെയ്‌നര്‍ ടെര്‍മിലിനു പുറമെ, ഏറ്റവും പുതിയ സംഭരണ, വിതരണ, ഷിപ്പിംഗ് സേവനങ്ങള്‍ നല്‍കുന്നതിന് 4,15,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ലോജിസ്റ്റിക്‌സ് സോണ്‍ സ്ഥാപിക്കാനും ഡിപി വേള്‍ഡ് നിക്ഷേപം നടത്തുന്നുണ്ട്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവക്കിടയിലുള്ള വ്യാപാര പാതകളെ ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമെന്ന നിലയില്‍ ജിദ്ദ ഇസ്‌ലാമിക് പോർട്ടിന്റെ സ്ഥാനം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ വികസനം പൂര്‍ത്തീകരിക്കും.