ന്യൂദൽഹി- ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ സെമി ഫൈനൽ മത്സരം നടക്കുന്നതിനിടെ വെള്ളം കുടിച്ച ഇന്ത്യൻ താരം മുഹമ്മദ് ഷമിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷിഹാബുദ്ദീൻ റിസ്വി കടുത്ത മോഡി ഭക്തൻ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മോഡിയെ പിന്തുണക്കണെന്ന് ഷിഹാബുദ്ദീൻ റിസ്വി പ്രസംഗിച്ചിരുന്നു. നോമ്പ് കാലത്ത് ഗ്രൗണ്ടിൽ വെച്ച് പരസ്യമായി വെള്ളം കുടിച്ച ഇന്ത്യൻ താരം മുഹമ്മദ് ഷമി മതനിന്ദ നടത്തിയെന്നും ദൈവത്തോട് മറുപടി പറയേണ്ടി വരുമെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന. പ്രസ്താവനക്ക് എതിരെ മുസ്ലിം പണ്ഡിതൻമാർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് റിസ്വിയുടെ പഴയ പ്രസ്താവനകൾ സമൂഹമാധ്യമ ഉപഭോക്താക്കൾ പുറത്തെടുത്തത്.
രാജ്യത്തെ രാഷ്ട്രീയ സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ എല്ലാ മുസ്ലീങ്ങളും പ്രധാനമന്ത്രിയെ പിന്തുണക്കണം എന്നുമായിരുന്നു ഇദ്ദേഹം നടത്തിയ ഉപദേശം. ഛത്തീസ്ഗഡിലെ അംബികാപൂർ ജില്ലയിൽ നടന്ന ഒരു സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് പ്രസ്താവന നടത്തിയത്.
മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ എതിർക്കേണ്ട ഉത്തരവാദിത്തം മുസ്ലീങ്ങളുടെ ചുമലിൽ വച്ചിട്ടുണ്ടെന്നും ഇത് മുസ്ലിംകളെ പ്രതിസ്ഥാനത്ത് നിർത്തുകയാണെന്നും റിസ്വി പറഞ്ഞു. രാജ്യത്തെ മുസ്ലീങ്ങൾ പ്രധാനമന്ത്രി മോഡിയെ എതിർക്കുന്നത് അവസാനിപ്പിക്കണം. എല്ലാ രാഷ്ട്രീയ പാർട്ടികളും മതേതരത്വത്തിന്റെ പേരിൽ തിരഞ്ഞെടുപ്പുകളിൽ മുസ്ലീങ്ങളെ ഉപയോഗിക്കുന്നു. മുസ്ലീങ്ങൾ ചിന്തിക്കാതെ, മതേതരത്വത്തിന്റെ പതാകയും കൊടിയും ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രധാനമന്ത്രി മോഡിയെ എതിർക്കാൻ തുടങ്ങുന്നു. മുസ്ലീങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ കരുക്കളായി മാറുന്നു.
എതിർപ്പിൽ നിന്ന് മുസ്ലീങ്ങൾക്ക് ഒരു നേട്ടവും ലഭിച്ചിട്ടില്ലെന്നും ഭാവിയിൽ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.