അബുദാബി: കുഞ്ഞുനാളിൽ തന്നെ പഠിപ്പിച്ച അധ്യാപകനെ സദസ്യർക്കിടയിൽ നിന്ന് തിരിച്ചറിഞ്ഞ യു.എ.ഇ പ്രസിഡൻ്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നടന്നുചെന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കഴിഞ്ഞ ദിവസം അബുദാബിയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഒരുക്കിയ റമദാൻ സംഗമത്തിലാണ് തൻ്റെ എതിർ ദിശയിൽ ഇരിക്കുന്ന മുൻ അധ്യാപകനായ പ്രഫ. അഹമ്മദ് ഇബ്രാഹിം മൻദി അൽ തമീമി യെ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദിൻ്റെ ശ്രദ്ധയിൽപെട്ടത്. ഉടൻ നിറഞ്ഞ സദസ്സിനിടയിലൂടെ നടന്നുപോയി അദ്ദേഹത്തെ ആലിംഗനം ചെയ്യുന്നതും അദ്ദേഹത്തോട് സംസാരിക്കുന്നതും തുടർന്ന് പ്രസിഡൻ്റ്
ഇരിപ്പിടത്തിലേക്ക് തന്നെ മടങ്ങുന്നതുമാണ് വീഡിയോയിലുള്ളത്.
ആഭ്യന്തര മന്ത്രിയും സഹോദരനുമായ സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ ഈ വിഡിയോ പങ്കിട്ടത്. വർഷങ്ങൾക്ക് മുമ്പ് സേവനത്തിൽ നിന്ന് പിരിഞ്ഞ അദ്ധ്യാപകൻ പ്രഫ. അഹമ്മദ് ഇബ്രാഹിം മൻദി അൽ തമീമി യെ നേരത്തെ 2017 ൽ ഷെയ്ഖ് മുഹമ്മദ്, ഖലീഫ സിറ്റിയിലെ അദ്ദേഹത്തിൻ്റെ വീട്ടിലും സന്ദർശിച്ചിട്ടുണ്ട്.