ജിദ്ദ: വ്യക്തിഗത തൊഴിലുടമകള്‍ക്കിടയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അവരുടെ പേരില്‍ ഹുറൂബ് (തൊഴില്‍ സ്ഥലത്തു നിന്ന് ഒളിച്ചോടിയതായുള്ള പരാതി) ഉണ്ടാകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് നിലവിലെ തൊഴിലുടമയാണ് മുസാനിദ് പ്ലാറ്റ്‌ഫോം വഴി അപേക്ഷ നല്‍കേണ്ടത്.
തൊഴിലാളിയുടെയും പുതിയ തൊഴിലുടമയുടെയും വിവരങ്ങള്‍ രേഖപ്പെടുത്തും. തുടര്‍ന്ന് ഈ അപേക്ഷ തൊഴിലാളിക്ക് അയച്ചുനല്‍കും. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള തൊഴിലാളിയുടെ സമ്മതം ഇലക്‌ട്രോണിക് രീതിയില്‍ രേഖപ്പെടുത്തും. ഇതോടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ അപേക്ഷ പുതിയ തൊഴിലുടമയിലേക്ക് നീങ്ങും. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള സമ്മതം അറിയിച്ചും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള ഫീസ് അടച്ചും പുതിയ തൊഴിലുടമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് വേണ്ടത്.
നിലവില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഗാര്‍ഹിക തൊഴിലാളി പ്രൊഫഷനുകളില്‍ മാത്രമേ വ്യക്തികളായ സ്‌പോണ്‍സര്‍മാരുടെ പേരിലേക്ക് മാറ്റുകയുള്ളൂ. സ്വകാര്യ സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്, കൈമാറ്റ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പേരിലേക്കും മാറ്റാന്‍ സാധിക്കും. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് അപേക്ഷ നല്‍കുന്നയാളുടെ പേരില്‍ ഗതാഗത നിയമ ലംഘനത്തിന് രേഖപ്പെടുത്തിയ പിഴകള്‍ ഒടുക്കാതെ ശേഷിക്കുന്നുണ്ടെങ്കില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി.