റിയാദ്. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊ 39,840 കോടി റിയാല്‍ (10,625 കോടി ഡോളര്‍) വാർഷിക ലാഭം നേടി. 2023നെ അപേക്ഷിച്ച് 2024ൽ കമ്പനിയുടെ ലാഭം 12.4 ശതമാനം കുറഞ്ഞിട്ടുണ്ട്. ആദായ നികുതിയിലും സകാത്തിലും കുറവുണ്ടായെങ്കിലും വില്‍പന വരുമാനം കുറഞ്ഞതും പ്രവര്‍ത്തന ചെലവുകള്‍ ഉയര്‍ന്നതും ലാഭം കുറയാന്‍ ഇടയാക്കിയതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. വരുമാനത്തിൽ ഇടിവുണ്ടായെങ്കിലും ഓഹരി ഉടമകൾക്കുള്ള പാദവാർഷിക ലാഭവിഹിതം 4.2 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. ഈ ഇനത്തിൽ 8,010 കോടി റിയാൽ ഒഹരി ഉടമകൾക്കായി വിതരണം ചെയ്യും. ഒരു ഓഹരിക്ക് 0.33 റിയാൽ നിരക്കിലാണ് ലാഭ വിഹിതം കണക്കാക്കുക.
പ്രകടന മികവുമായി ബന്ധപ്പെടുത്തി ഈ വർഷം ആദ്യ പാദത്തിൽ 20 കോടി ഡോളർ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 2025ൽ 8540 കോടി റിയാൽ ലാഭവിഹിതമായി വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയും കമ്പനി പങ്കുവെക്കുന്നു. 2024ൽ കമ്പനിയുടെ മൊത്ത വരുമാനം 0.97 ശതമാനം കുറഞ്ഞ് 1.637 ട്രില്യണ്‍ റിയാല്‍ (436.61 ബില്യണ്‍ ഡോളര്‍) ആയി. പ്രവർത്തനം വരുമാനം 774.63 ബില്യൻ ആണ്. മുൻ വർഷത്തെ അപേക്ഷിച്ച് 10.79 ശതമാനം കുറഞ്ഞു.
ആഗോള തലത്തിൽ എണ്ണയുടെ ഡിമാൻഡ് 2024ൽ പുതിയ ഉയരത്തിലെത്തി. ഈ വർഷയും ഇതിൽ വർധന ഉണ്ടാകുമെന്ന് അറാംകൊ സിഇഒ അമീൻ എച്ച് നാസർ പറഞ്ഞു. പ്രതിദിനം 13 ലക്ഷം ബാരൽ എന്ന തോതിൽ ആഗോള ഡിമാൻഡ് വർധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ വിപണി മുതലെടുക്കാൻ അറാംകൊ സർവസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.