മുംബൈ- ഗ്രാമത്തലവൻ കൊല്ലപ്പെട്ട കേസിൽ വിവാദത്തിലായ മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ താൻ രാജിവെക്കാൻ കാരണം തനിക്കുണ്ടായ ഉൾവിളിയാണെന്ന വിചിത്ര വാദവുമായി രംഗത്തെത്തി. മഹാരാഷ്ട്രയിലെ അജിത് പവാർ വിഭാഗം എന്‍.സി.പി നേതാവായ ധനഞ്ജയ് മുണ്ടെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് രാജിക്കുളള കാരണം വ്യക്തമാക്കിയത്. ബീഡ്ജില്ലയിലെ ഗ്രാമത്തലവനായ സന്തോഷ് ദേശ്മുഖിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സഹായി വാല്‍മിക് കരാഡ് അറസ്റ്റിലായതിന് പിന്നാലെയാണ് രാജി. മസാജോഗ് ഗ്രാമത്തവന്‍ സന്തോഷ് ദേശ്മുഖ് കൊല്ലപ്പെട്ട കേസില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് വാല്‍മിക് കരാഡ് കീഴടങ്ങിയത്.
പക്ഷെ തനിക്കുണ്ടായ ഉള്‍വിളിയാണ് രാജിവെക്കാന്‍ കാരണമെന്ന് മുണ്ടെ പറഞ്ഞു. കഴിഞ്ഞമാസം മുതൽ തനിക്ക് ബെല്‍സ് പാസി രോഗമുണ്ടെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുണ്ടെയുടെ രാജി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സ്വീകരിച്ചു.
കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ലോക്സഭാ എംപിയുമായിരുന്ന അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ അനന്തരവനാണ് ധനഞ്ജയ് മുണ്ടെ. ബീഡ് ജില്ലയിലെ പാര്‍ലി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് 49 കാരനായ ധനഞ്ജയ് മുണ്ടെ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ കരിയറില്‍ പലപ്പോഴും വിവാദപരമായ സാഹചര്യങ്ങള്‍ നേരിട്ടിട്ടുണ്ട്.
കഴിഞ്ഞ ഡിസംബര്‍ 9 നാണ് സന്തോഷ് ദേശ്മുഖിനെ പ്രതികള്‍ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. പ്രമുഖ ഊര്‍ജ കമ്പനിയുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപ തട്ടിയെടുക്കാനുള്ള ശ്രമം തടഞ്ഞതാണ് കൊലപ്പെടുത്താനുള്ള കാരണം. ധനഞ്ജയ് മുണ്ടെക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന പ്രതിപക്ഷം ആരോപിച്ചിരുന്നു.