വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കൈയ്യില്‍ ചതവ് കണ്ട് ദിവസങ്ങള്‍ക്ക് ശേഷം പുതിയ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടത് സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് തായ് വാൻ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനിയുടെ നിക്ഷേപത്തെക്കുറിച്ച സംസാരിക്കുന്ന പരിപാടിയിലാണ് കയ്യിൽ പുതിയ അടയാളങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.
ചതവ് പോലെ തോന്നിക്കുന്ന ചുവന്ന പാടുകള്‍ സമൂഹമാധ്യമങ്ങളില്‍ ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായി. കൈയ്യിലെ അടയാളം ഡിമന്‍ഷ്യ ബാധിച്ചവരില്‍ കാണുന്ന ഗ്യാങ്ഗ്രീനാണോ എന്നും വ്രണമാണോ എന്നും ആളുകള്‍ സംശയം പ്രകടിപ്പിച്ചു. പ്രസിഡന്റ് ട്രംപ് നിരന്തരം ജോലി ചെയ്യുകയും കൈ കുലുക്കുകയും ചെയ്യുന്നതിനാല്‍ ഉണ്ടായ ചതവുകളാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം രണ്ടുതവണ ട്രംപിന്റെ വലതുകൈയില്‍ ദൃശ്യമായ ചതവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് ആളുകളുമായി ഹസ്തദാനം നല്‍കുന്നതിലൂടെയാണ് തനിക്ക് കൈയ്യില്‍ അടയാളങ്ങള്‍ ഉണ്ടാവുന്നതെന്ന് റിപ്പബ്ലിക്കന്‍ നേതാവ് കൂടിയായ ട്രംപ് വ്യക്തമാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.