ജിദ്ദ- മനുഷ്യമനസ്സുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് അവ ശുദ്ധീകരിക്കാൻ ഈ എ.ഐ കാലഘട്ടത്തിൽ പോലും ഒരു ടെക്നോളജിക്കും കഴിയില്ലെന്നും അതിന് വിശ്വാസവും ആരാധനാകർമ്മങ്ങളും തന്നെ ആവശ്യമാണെന്നും കെ.എൻ.എം സംസ്ഥാന സെക്രട്ടറി സി മുഹമ്മദ് സലീം സുല്ലമി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ ‘അഹ്ലൻ റമദാൻ – റയ്യാൻ കവാടത്തിലൂടെ’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യമനസ്സുകൾ സജീവമാക്കാൻ ആണ് ദൈവം അവന് ആരാധനകൾ നിശ്ചയിച്ചത്. ഇന്നത്തെ കാലത്തെ പ്രധാനപ്പെട്ട ഒരുപകരണമായ മൊബൈൽ ഫോൺ പോലും ചാർജ് ചെയ്യാതിരുന്നാൽ ഒരുപകാരവും നമുക്ക് ലഭിക്കില്ല.
നമ്മുടെ മനസ്സുകളെയും ഇടക്കിടക്ക് ചാർജ് ചെയ്തുകൊണ്ടിരിക്കണം. അഞ്ചു നേരത്തെ നമസ്കാരം ഒരാളെ ഒരു ദിവസം പല തവണ ചാർജ് ചെയ്യുമ്പോൾ വെള്ളിയാഴ്ചകളിലെ ‘ജുമുഅ’ ആഴ്ചയിലൊരിക്കലും റമദാനിലെ നോമ്പ് വർഷത്തിലൊരിക്കലും ഹജ്ജ് കർമ്മം ജീവിതത്തിലൊരിക്കലും ഒരാളുടെ മനസ്സിനെ മാലിന്യമുക്തമാകാൻ സഹായിക്കുന്നു. “ആർക്കെങ്കിലും തന്റെ മനസ്സിലെ മാലിന്യങ്ങൾ നീക്കിക്കളയണമെങ്കിൽ അവൻ ക്ഷമയുടെ മാസത്തിൽ നോമ്പെടുക്കട്ടെ” എന്ന പ്രവാചക വചനവും അദ്ദേഹം ഉണർത്തി.
ദൈവികമായ മാർഗ്ഗത്തിൽ പോരാട്ടത്തിലേർപ്പെട്ട് വീരമൃത്യു വരിച്ച ഒരാളെക്കാൾ പ്രതിഫലം നേടാൻ ഒരു റമദാൻ കൂടി ജീവിക്കുകയും അത് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്ത മറ്റൊരാൾക്ക് സാധിച്ച സംഭവം റമദാനിൽ നമുക്ക് നേടിയെടുക്കാവുന്ന പുണ്യങ്ങളുടെ ആധിക്യമാണ് കാണിക്കുന്നതെന്ന് ആമുഖപ്രഭാഷണം നിർവഹിച്ച അമീസ് സ്വലാഹി അഭിപ്രായപ്പെട്ടു.
വിശുദ്ധ ഖുർആനടക്കമുള്ള മുഴുവൻ വേദഗ്രൻഥങ്ങളും ഈ ഭൂമിയിൽ അവതീർണ്ണമായതും ഇസ്ലാമിക ലോകത്തെ ആദ്യ യുദ്ധമടക്കമുള്ള പ്രധാനപ്പെട്ട ഒരുപാട് ചരിത്രസംഭവങ്ങൾ അരങ്ങേറിയതും റമദാനിലായിരുന്നു എന്ന് സമാപനപ്രസംഗം നിർവ്വഹിച്ച ഷിഹാബ് സലഫി പറഞ്ഞു. റമദാൻ കഴിയുമ്പോൾ എന്തെങ്കിലും മാറ്റമുണ്ടാക്കാൻ നമുക്ക് കഴിയണമെന്നും എന്നാലേ ഈ റമദാൻ സാർത്ഥകമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് റമദാനിനെ കുറിച്ച് ശ്രോതാക്കളുടെ സംശയങ്ങൾക്ക് പണ്ഡിതൻമാർ മറുപടി നൽകി.
മദാനിനോട് അനുബന്ധിച്ച് ഇസ്ലാഹീ സെന്റർ പുറത്തിറക്കുന്ന ‘റയ്യാൻ കവാടം’ എന്ന വീഡിയോ സീരീസിന്റെ ഡെമോയുടെ ഉദ്ഘാടനം സലീം സുല്ലമി നിർവഹിച്ചു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന്, ഷാഫി ആലപ്പുഴ എന്നിവർ പ്രസംഗിച്ചു.