ദമാം: കേരളത്തിൽ സമീപകാലത്തു വർധിച്ചു വരുന്ന മയക്കുമരുന്ന് വ്യാപനം തടയാൻ ഭരണകൂടം നടപടി ശക്തമാക്കണമെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു. റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി കുറ്റകൃത്യങ്ങളിലും മയക്ക് മരുന്ന് ഉപയോഗം വ്യക്തമായിട്ടും, ഇതിന്റെ ലഭ്യത തടയാൻ കഴിയാത്തത് പ്രതിഷേധാർഹമാണ്. പല സംഭവങ്ങളിലും കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകുന്നുണ്ട്.
സ്‌കൂൾ, കോളേജ് പരിസരങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കുക, മയക്ക് മരുന്നിനെതിരെയുള്ള ബോധവത്കരണം ഊർജ്ജിതമാക്കുക തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത വേണം. സ്‌കൂൾ, കോളേജ് അധികൃതരും രക്ഷിതാക്കളും ഉണർന്ന് പ്രവർത്തിച്ചിട്ടില്ലെങ്കിൽ തലമുറയെ നശിപ്പിക്കുന്ന മഹാ വിപത്തായി മാറും വിധം കാര്യങ്ങൾ മാറുന്നതാണ് സമീപ കാലത്തെ സംഭവവികാസങ്ങൾ എന്ന് കമ്മിറ്റി ഓർമ്മിപ്പിച്ചു. നാട്ടിലെ ചലനങ്ങളെയും പുരോഗതിയെയും സദാ വീക്ഷിച്ചു കൊണ്ടിരിക്കുന്ന പ്രവാസി സമൂഹത്തെ ആശങ്കയിലാക്കുന്നതാണ് നാട്ടിലെ മയക്ക് മരുന്ന് ഉപയോഗത്തിലെ വര്ധനയെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.