ദുബായ്- ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ബദ്ധവൈരികളായ പാക്കിസ്ഥാനെ ആറു വിക്കറ്റിന് തകർത്ത് ഇന്ത്യക്ക് അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത് പാക്കിസ്ഥാൻ നേടിയ 241 റൺസ് 42.3 ഓവറിൽ ഇന്ത്യ അടിച്ചെടുത്തു. 244 റൺസാണ് ഇന്ത്യ നേടിയത്. വിജയിക്കാൻ ഒരു റൺസ് ശേഷിക്കേ കോലി ബൗണ്ടറി നേടുകയായിരുന്നു.
15 പന്തിൽ 20 റൺസ് നേടിയ രോഹിത്തിനെ ഷഹീന്‍ അഫ്രീദി പുറത്താക്കിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 31 റൺസായിരുന്നു. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ശുഭ്മന്‍ ഗിൽ – വിരാട് കോഹ്‍ലി 69 റൺസ് നേടി. 46 റൺസ് നേടിയ ഗില്ലിനെ അബ്രാര്‍ അഹമ്മദ് പുറത്താക്കി.
മൂന്നാം വിക്കറ്റിൽ ഒത്തുകൂടിയ വിരാട് കോഹ്‍ലിയും ശ്രേയസ്സ് അയ്യരും അനായാസം ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ 200 കടന്ന് വിജയത്തിനടുത്തേക്കെത്തി. ഈ കൂട്ടുകെട്ട് 114 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്.
വിജയത്തിന് 28 റൺസ് അകലെ നിൽക്കുമ്പോള്‍ 56 റൺസ് നേടിയ ശ്രേയസ്സ് അയ്യരെ ഇന്ത്യയ്ക്ക് നഷ്ടമായി. ഖുഷ്ദിൽ ഷായ്ക്കായിരുന്നു വിക്കറ്റ്.
ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാബര്‍ അസം പാകിസ്താന് മികച്ച തുടക്കം നല്‍കിയെങ്കിലും 8.2ാമത്തെ ഓവറില്‍ താരം പുറത്തായി. ഈ സമയം സ്‌കോര്‍ 41 റണ്‍സായിരുന്നു. ബാബര്‍ 23 റണ്‍സാണെടുത്തത്. ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെയും (10) പാകിസ്താന് പെട്ടെന്ന് നഷ്ടമായി.പിന്നീട് സൗദ് ഷക്കീലും ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും ചേര്‍ന്ന് പാകിസ്താനെ പതിയെ കരകയറ്റി. സൗദ് 62ഉം റിസ്വാന്‍ 46 ഉം റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 151ല്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് റിസ്വാന്‍ പുറത്തായി. പിന്നീട് വന്നവരില്‍ ഖുഷ്ദില്‍ 38 റണ്‍സെടുത്തു ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും ഹാര്‍ദ്ദിക്ക് പാണ്ഡെ രണ്ടും വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.