റബാത്ത് – മൊറോക്കൊയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായ അഗ്നിബാധയില്‍ അഞ്ചു പിഞ്ചുകുട്ടികള്‍ മരിച്ചതായി മൊറോക്കൊന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്ലഗില്‍ കുത്തിയിരുന്ന ചാര്‍ജര്‍ പൊട്ടിത്തെറിച്ചതാണ് അഗ്നിബാധക്ക് കാരണമെന്നാണ് വിവരം. തലസ്ഥാന നഗരിയായ റബാത്തിനോട് ചേര്‍ന്നുള്ള ടെമാര നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്.
അഗ്നിബാധയില്‍ മൂന്നിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള മൂന്നു പെണ്‍കുട്ടികളും രണ്ടു ആണ്‍കുട്ടികളുമാണ് മരിച്ചത്. അപാര്‍ട്ട്‌മെന്റില്‍ തീ പടര്‍ന്നുപിടിച്ചത് കണ്ട് തീയണക്കാന്‍ ശ്രമിച്ച് ഓടിയെത്തിയ പരിസരവാസികളായ യുവാക്കള്‍ക്ക് ഫ്‌ളാറ്റില്‍ കുടുങ്ങിയ വൃദ്ധനെ രക്ഷിക്കാനായി.
സുരക്ഷാ വകുപ്പുകളും സിവില്‍ ഡിഫന്‍സ് യൂനിറ്റുകളും കുതിച്ചെത്തി സമീപത്തെ മറ്റു അപാര്‍ട്ട്‌മെന്റുകളിലേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി തീ നിയന്ത്രണവിധേയമാക്കി. അഗ്നിബാധയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഉത്തരവാദികളായവരെയും കണ്ടെത്താനായി പബ്ലിക് പ്രോസിക്യൂഷന്റെ മേല്‍നോട്ടത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്.