വത്തിക്കാൻ സിറ്റി- ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണെന്ന് വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു. പോപ്പിന് ശ്വാസ തടസ്സമുള്ളതായും വത്തിക്കാൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. ഫെബ്രുവരി 14 മുതൽ പോപ്പ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായതായി വത്തിക്കാൻ പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കി. അദ്ദേഹത്തിന് ദീർഘകാലമായി ആസ്ത്മ പോലുള്ള അസുഖങ്ങളുണ്ടായിരുന്നു. പരിശുദ്ധ പിതാവിന്റെ ആരോഗ്യനില സംബന്ധിച്ച് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും വത്തിക്കാൻ പറഞ്ഞു.
കുറച്ച് ദിവസങ്ങളായി ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് ഫെബ്രുവരി 14 ന് ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ അദ്ദേഹത്തിന് ന്യൂമോണിയ ബാധിക്കുകയും ചെയ്തു.
ശ്വാസതടസ്സം ഉണ്ടായതിനാൽ ശനിയാഴ്ച ഡോക്ടർമാർക്ക് കൂടുതൽ അളവിൽ ഓക്സിജന്റെ അളവ് നൽകേണ്ടി വരികയും ചെയ്തു. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവായതിനാൽ രക്തം കയറ്റുകയും ചെയ്തു. പരിശുദ്ധ പിതാവിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും പ്രസ്താവനയിൽ ആവർത്തിച്ചു.