ഗാസ – വെടിനിര്‍ത്തല്‍ കരാറിന്റെയും തടവുകാരെയും ബന്ദികളെയും പരസ്പരം കൈമാറാനുള്ള ഉടമ്പടിയുടെയും ഭാഗമായി ഹമാസ് ആറു ഇസ്രായിലി ബന്ദികളെ റെഡ് ക്രോസിന് കൈമാറി. 2023 ഒക്‌ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ ബന്ദികളായി പിടിച്ച എലിയാ മൈമോണ്‍ യിസ്ഹാക് കോഹന്‍ (27), ടാല്‍ ഷോഹാം (40), ഒമര്‍ ഷെം ടോവ് (22), ഒമര്‍ വെങ്കര്‍ട്ട് (23) എന്നിവരെയും ഒരു ദശാബ്ദം മുമ്പ് വ്യക്തമല്ലാത്ത സാഹചര്യങ്ങളില്‍ ഗാസയില്‍ പ്രവേശിച്ചതു മുതല്‍ ബന്ദികളാക്കപ്പെട്ട 36 കാരനായ ഹിശാം അല്‍സയ്യിനെയും 39 കാരനായ അവേര മെംഗിസ്റ്റുവിനെയുമാണ് ഹമാസ് വിട്ടയച്ച് റെഡ് ക്രോസിന് കൈമാറിയത്.

ഇതിനു പകരമായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ അടക്കം 602 ഫലസ്തീന്‍ തടവുകാരെ ഇസ്രായിലും വിട്ടയച്ചു. ഗാസയില്‍ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ വെച്ചാണ് ഇസ്രായിലി ബന്ദികളെ റെഡ് ക്രോസിന് ഹമാസ് കൈമാറിയത്. രണ്ടു പേരെ ദക്ഷിണ ഗാസയിലെ റഫയിലും മൂന്നു പേരെ മധ്യഗാസയിലെ നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിലും ഒരാളെ ഗാസ സിറ്റിയിലും വെച്ചാണ് കൈമാറിയത്. ഓഫര്‍, കെറ്റ്‌സിയോട്ട് ജയിലുകളില്‍ നിന്നാണ് പലസ്തീന്‍ തടവുകാരെ ഇസ്രായില്‍ വിട്ടയച്ചത്.
എലിയ കോഹന്‍, ഒമര്‍ ഷെം ടോവ്, ഒമര്‍ വെങ്കര്‍ട്ട് എന്നിവരെയാണ് നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പില്‍ വെച്ച് കൈമാറിയത്. മൂവരും ഇസ്രായില്‍ സൈനികരാണ്.
ടാല്‍ ഷോഹാമിനെയും അവേര മെംഗിസ്റ്റുവിനെയും റഫയില്‍ വെച്ച് റെഡ് ക്രോസ് പ്രതിനിധികള്‍ക്ക് കൈമാറി. ആറാമത്തെ ബന്ദിയായ ഹിശാം അല്‍സയ്യിദിനെയാണ് ഗാസ സിറ്റിയില്‍ വെച്ച് കൈമാറിയത്. ഗാസ സിറ്റിയിലെ ഫലസ്തീനികളെ ബഹുമാനിച്ചു കൊണ്ട് ചടങ്ങുകളൊന്നുമില്ലാതെയാണ് ഹിശാം അല്‍സയ്യിദിനെ ഹമാസ് കൈമാറിയത്. ജനുവരി 19 ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ശേഷം ഹമാസും ഇസ്രായിലും നടത്തിയ ബന്ദികളുടെയും തടവുകാരുടെയും ഏഴാമത്തെ കൈമാറ്റമാണിത്. വിട്ടയക്കല്‍ ചടങ്ങിനിടെ ബന്ദികളില്‍ ഒരാള്‍ രണ്ടു ഹമാസ് പോരാളികളുടെ ശിരസ്സുകളില്‍ ചുംബനം നല്‍കിയത് വേറിട്ട കാഴ്ചയായി. പ്രദേശത്ത് തടിച്ചുകൂടിയ പുരുഷാരവം ഇത് കണ്ട് ആര്‍പ്പുവിളിക്കുകയും കരഘോഷം മുഴക്കുകയും ചെയ്തു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 50 പേര്‍ ഉള്‍പ്പെടെ 602 പലസ്തീന്‍ തടവുകാരെയാണ് ഇസ്രായില്‍ വിട്ടയച്ചതെന്ന് ഫലസ്തീന്‍ പ്രിസണേഴ്സ് ക്ലബ് അറിയിച്ചു. ഇക്കൂട്ടത്തില്‍ 108 തടവുകാരെ ഫലസ്തീനില്‍ നിന്ന് നാടുകടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ക്ലബ്ബ് അറിയിച്ചു. ഗാസയില്‍ നിന്നുള്ള ഏറ്റവും പ്രായം കൂടിയ തടവുകാരനായ ദിയ അല്‍ആഗയും ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ സൈനിക പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഉക്രൈനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ എന്‍ജിനീയര്‍ ദിറാര്‍ അബൂസീസിയും ഇന്ന് മോചിതരായി. അക്കാലത്ത് ഇസ്രായിലിന്റെ മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സിയായ ഷബാക്കിന്റെ തലവനായ യോറം കോഹന്റെ നേതൃത്വത്തിലാണ് ഉക്രൈനില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ എന്‍ജിനീയര്‍ ദിറാര്‍ അബൂസീസിയെ ഇസ്രായിലിലേക്ക് തട്ടിക്കൊണ്ടുപോയത്. പതിനാലു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് എന്‍ജിനീയര്‍ ദിറാര്‍ അബൂസീസിക്ക് ഇന്ന് മോചനം ലഭിച്ചത്.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 50 തടവുകാരെയും ദീര്‍ഘകാല തടവ് ശിക്ഷ അനുഭവിക്കുന്ന 60 പേരെയും ഇസ്രായില്‍ വിട്ടയച്ച ശേഷം വീണ്ടും അറസ്റ്റ് ചെയ്ത വഫാ അല്‍അഹ്റാര്‍ ഗ്രൂപ്പില്‍ പെട്ട 47 തടവുകാരെയും 2023 ഒക്‌ടോബര്‍ ഏഴിനു ശേഷം ഗാസയില്‍ നിന്ന് അറസ്റ്റിലായ 445 തടവുകാരെയുമാണ് ഇസ്രായില്‍ ഇന്ന് വിട്ടയച്ചത്. വെടിനിര്‍ത്തല്‍ ആരംഭിച്ചതിനു ശേഷം 1,100 ലേറെ ഫലസ്തീന്‍ തടവുകാരെ ഇസ്രായിലും 22 ബന്ദികളെ ഹമാസും വിട്ടയച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നിന് അവസാനിക്കുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്രായില്‍ 1,900 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്ക
ണമെന്നും പകരമായി കൊല്ലപ്പെട്ട എട്ടു ബന്ദികളുടെ മൃതദേഹങ്ങള്‍ അടക്കം 33 ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.
യുദ്ധത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടും ഗാസ ഇപ്പോഴും തങ്ങള്‍ നിയന്ത്രിക്കുന്നുണ്ടെന്ന് കാണിക്കാന്‍ ഹമാസ് ശ്രമങ്ങള്‍ നടത്തുകയാണ്. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗാസ യുദ്ധത്തില്‍ 48,319 പേര്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗാസയുടെ വലിയൊരു ഭാഗം തകര്‍ന്ന് തരിപ്പണമായിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തെ കുറിച്ച് ഹമാസും ഇസ്രായിലും വൈകാതെ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. ശേഷിക്കുന്ന അറുപതോളം ഇസ്രായിലി ബന്ദികളെ വിട്ടയക്കുന്നതിനും ഇസ്രായില്‍ സൈന്യത്തെ ഗാസയില്‍ നിന്ന് പിന്‍വലിക്കുന്നതിനും ധാരണയിലെത്തുക എന്നതാണ് രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നതെന്ന് മധ്യസ്ഥര്‍ പറയുന്നു.
എന്നാല്‍ ഗാസയുടെ ഭാവിയെ കുറിച്ച അഭിപ്രായവ്യത്യാസങ്ങള്‍ രണ്ടാം ഘട്ട കരാറിലെത്താനുള്ള പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. ഗാസയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ച് അമേരിക്കന്‍ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.
അതേസമയം, വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തില്‍ സുസ്ഥിരമായ വെടിനിര്‍ത്തല്‍, ഗാസയില്‍ നിന്നുള്ള ഇസ്രായില്‍ സൈന്യത്തിന്റെ പിന്മാറ്റം, ഇസ്രായില്‍ ജയിലുകളിലെ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കല്‍ എന്നിവക്ക് പകരമായി ശേഷിക്കുന്ന മുഴുവന്‍ ബന്ദികളെയും ഒറ്റയടിക്ക് കൈമാറാന്‍ തയാറാണെന്ന് ഹമാസ് പറഞ്ഞു.
.