പൊന്നാനി- പോര്‍ച്ചുഗീസ് പടയെ കേരളക്കരയില്‍ നിന്ന് തുരത്തിയോടിക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്ലാമിക പണ്ഡിതനും സൂഫീ വര്യനുമായ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന് രചിച്ചതും “തഹ്റീള്” എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നതുമായ “തഹ്റീള് അഹ്ലില്‍ ഈമാനി അലാ ജിഹാദി അബ്ദത്തിസ്സുല്ബാന്” എന്ന വിഖ്യാതമായ അറബി കാവ്യത്തിന്റെ മലയാള പരിഭാഷയും സംഗ്രഹവും പൊന്നാനിയിൽ പുറത്തിറങ്ങി. മൊത്തം 177 വരികളിലായി സാഹിത്യ മേന്മ തുളുമ്പി നിൽക്കുന്ന മഹാകാവ്യത്തിന്റെ പരിഭാഷയും സംഗ്രഹവും നിർവഹിച്ചത് പ്രാദേശിക ചരിത്രകാരനും അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ടി വി അബ്ദുറഹ്മാൻ ആണ്.
വിദേശികളുടെ മേൽക്കോയ്മക്ക് വഴങ്ങി കൊടുക്കരുതെന്നും വിശ്വാസം മുറുകെപ്പിടിച്ച് അവർക്കെതിരെ ജിഹാദ് നിർവഹിക്കണമെന്നുമുള്ള ശൈഖ് സൈനുദ്ധീൻ മഖ്ദൂം ഉയർത്തിയ ആഹ്വാനത്തിൽ ആവേശ ഭരിതരായി മാപ്പിളമാർ പടക്കളം നിറഞ്ഞത് പിന്നീടുകണ്ട ചരിത്രം. അധിനിവേശ ശക്തികളെ ആട്ടിയോടിക്കാൻ ജനങ്ങളെ പടക്കളത്തിലേക്ക് പ്രചോദിപ്പിച്ച “തഹ്റീള്” അറബി ഭാഷയിലുള്ള ആദ്യത്തെ പൊളിറ്റിക്കൽ മാനിഫെസ്റ്റോ ആയി വിലയിരുത്തപ്പെടുന്നുണ്ട്.
പോര്‍ച്ചുഗീസ് നാവികത്തലവന്‍ വാസ്കോഡ ഗാമയുടെ കേരളത്തിലേക്കുള്ള രണ്ടാമത്തെ വരവിന് ശേഷമാണെന്നാണ് ഈ കാവ്യം രചിച്ചതെന്നാണ് കരുതപ്പെടുന്നത്. സൈനുദ്ധീന്‍ മഖ്ദൂം എ ഡി 1521ൽ ഇഹലോകവാസം വെടിയുന്നതിന് മുമ്പായി തന്നെ മലബാറുകാർ പോർച്ചുഗീസുകാരിൽ നിന്ന് നാവിക ആധിപത്യം തിരിച്ചു പിടിച്ചെന്ന പോര്‍ച്ചുഗീസ് ജനറല്‍ കമാന്‍ഡർ അഫോന്‍സോ ഡി അല്ബുക്കര്ക്കെയുടെ വാക്കുകള്‍ കോളോണയല് കാലത്തെ മാപ്പിളമാരെ “തഹരീള്” എത്രത്തോളം സ്വാധീനിച്ചുവെന്ന് വെളിവാക്കുന്നതാണ്.


നാവിക സേനയിലെ ശക്തരായ കുഞ്ഞാലി മരയ്ക്കാര്‍മാരുടെ കുടുംബത്തെ പോരാട്ടവഴിയിൽ എത്തിച്ചതിലും സൈനുദ്ദീന്‍ മഖ്ദൂമിന്റെ രചനകൾക്ക് ഒരു പങ്കുണ്ട്. പൊന്നാനിയില്‍ ദര്‍സ് നടത്തിക്കൊണ്ടിരുന്ന കാലത്ത് മഖ്ദൂമിന്റെ ശിഷ്യനായിരുന്നു കുഞ്ഞാലി മരയക്കാര്‍. തന്റെ ഗുരുവില്‍ നിന്ന് നേടിയെടുത്തതായിരിക്കണം കുഞ്ഞാലിയുടെ പോരാട്ട വീര്യം.
“തഹ്റീള്” പ്രകാശന ചടങ്ങ് വീരേതിഹാസ പ്രസിദ്ധമായ പൊന്നാനി പ്രദേശത്തിന്റെ മഹിമ വിളിച്ചോതുന്നത് കൂടിയായി. ശൈഖ് സൈനുദ്ധീൻ മഖ്ദൂമിന്റെ കർമവേദിയായ പൊന്നാനി സ്വദേശി തന്നെയാണ് പരിഭാഷകൻ. പ്രകാശനം നിർവഹിച്ചതോ ഇപ്പോഴത്തെ പൊന്നാനി മഖ്ദൂം പദവി അലങ്കരിക്കുന്ന എം പി മുത്തുക്കോയ തങ്ങൾ. ആദ്യപ്രതി ഏറ്റുവാങ്ങിയതാകട്ടെ, ആധുനിക പൊന്നാനിയ്ക്ക് ലോകമെങ്ങും ഖ്യാതി വാങ്ങിക്കൊടുത്ത അക്ബർ ട്രാവൽസ് ഉടമ കെ വി അബ്ദുൽ നാസറും.
പൊന്നാനി വലിയ ജുമാഅത്ത് പള്ളി സെക്രട്ടറി വി സൈദ് മുഹമ്മദ് തങ്ങൾ അദ്ധക്ഷനായിരുന്നു, മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ, ഇമാം അബ്ദുല്ല ബാഖവി, അബ്ദുൽ വാസിഅ ബാഖവി, ഇ കെ സിദ്ധീഖ് ഹാജി, പികെ എം കുഞ്ഞി മുഹമ്മദ്, സി. റഹീം ഹാജി, ടി വി അഷ്റഫ്, അമ്മാട്ടി മുസ്ലിയാർ, താജ്മൽ സലീഖ്, മുഹമ്മദ് പൊന്നാനി എന്നിവർ സംബന്ധിച്ചു.







