ദമാം: കോവിഡ് മഹാമാരി വ്യാപനത്തിനു മുമ്പുള്ള 2019നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അല്‍ഹസയില്‍ പ്രാദേശിക, വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ അഞ്ചിരട്ടി വളര്‍ച്ച രേഖപ്പെടുത്തിയതായി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബ് പറഞ്ഞു. ഏഴാമത് അല്‍ഹസ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം 32 ലക്ഷത്തിലേറെ വിനോദസഞ്ചാരികള്‍ അല്‍ഹസ സന്ദര്‍ശിച്ചു. ഈ വിനോദസഞ്ചാരികള്‍ 330 കോടിയിലേറെ റിയാലാണ് ചെലവഴിച്ചത്. 2019നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തില്‍ നാലിരട്ടി വളര്‍ച്ച രേഖപ്പെടുത്തി.
അല്‍ഹസയില്‍ ലൈസന്‍സുള്ള ടൂറിസം സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 2023നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 52 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വര്‍ഷാവസാനത്തെ കണക്കുകൾ പ്രകാരം അല്‍ഹസയില്‍ ലൈസന്‍സുള്ള ഹോട്ടല്‍ മുറികളുടെ എണ്ണം 2,700 ആണ്. ടൂറിസം മന്ത്രാലയവും അനുബന്ധ വകുപ്പുകളും നടത്തിയ മികച്ച ശ്രമങ്ങളുടെ ഫലമായി അല്‍ഹസയിലെ ഹോട്ടൽ മേഖലയില്‍ കഴിഞ്ഞ വര്‍ഷം കുതിച്ചുചാട്ടമുണ്ടായി. ഹില്‍ട്ടണ്‍ അല്‍ഹസ, റാഡിസണ്‍ ബ്ലൂ, ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളടക്കം അല്‍ഹസയില്‍ നിരവധി പദ്ധതികള്‍ക്ക് ടൂറിസം വികസന ഫണ്ട് വഴി ധനസഹായം നല്‍കിയിട്ടുണ്ട്.
അല്‍ഹസയിലെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടൂറിസം മന്ത്രാലയം നിരവധി സംരംഭങ്ങളും വിവിധ ഇളവ്, പ്രോത്സാഹന പരിപാടികളും നടപ്പാക്കിയിട്ടുണ്ട്. മൊത്തം 300 കോടി റിയാലിന്റെ മൂല്യമുള്ള പദ്ധതികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. സ്വദേശി യുവതീയുവാക്കള്‍ക്ക് പരമാവധി പരിശീലന അവസരങ്ങള്‍ നല്‍കി ടൂറിസം മേഖലയില്‍ സ്വദേശികളെ പ്രാപ്തരാക്കാന്‍ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ട്. 2023 മുതല്‍ ഇതുവരെ അല്‍ഹസയില്‍ സ്വദേശികള്‍ക്ക് 5,300 ലേറെ പരിശീലന അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വർഷം മന്ത്രാലയം അനുവദിച്ച പരിശീലന അവസരങ്ങളെക്കാള്‍ 50 ശതമാനം കൂടുതലാണിതെന്നും അഹ്മദ് അല്‍ഖത്തീബ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ടൂറിസ്റ്റ് മേഖലാ സ്ഥാപനങ്ങളില്‍ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ 31,751 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളില്‍ ആകെ 51,413 പരിശോധനകളാണ് മന്ത്രാലയം നടത്തിയത്. 2024 ല്‍ ഉപയോക്താക്കളില്‍ നിന്ന് മന്ത്രാലയത്തിന് ലഭിച്ച 42,536 പരാതികള്‍ക്ക് റെക്കോര്‍ഡ് സമയത്തിനകം പരിഹാരം കണ്ടതായും ടൂറിസം മന്ത്രാലയം അറിയിച്ചു. ലൈസന്‍സ് ലഭിക്കുന്നതിനു മുമ്പായി പ്രവര്‍ത്തനം ആരംഭിക്കല്‍, ലൈസന്‍സ് വ്യവസ്ഥകളുടെ ലംഘനം, ശുചീകരണ, അറ്റകുറ്റപ്പണികളുടെ മോശം നിലവാരം, ടൂറിസം മന്ത്രാലയവുമായി സ്ഥാപന പ്രതിനിധികള്‍ നിശ്ചിത സമയത്തിനകം പ്രതികരിക്കാതിരിക്കല്‍ എന്നിവയാണ് ടൂറിസം സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തിയ പ്രധാന നിയമ ലംഘനങ്ങള്‍ എന്ന് മന്ത്രാലയം പറഞ്ഞു.