റിയാദ് – ഗാസ വെടിനിര്‍ത്തല്‍ കരാറും ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉക്രൈന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ നടത്തുന്ന ശ്രമങ്ങളും അടക്കമുള്ള കാര്യങ്ങള്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോയും വിശകലനം ചെയ്തു. റിയാദില്‍ വിദേശ മന്ത്രാലയ ആസ്ഥാനത്തു വെച്ചാണ് അമേരിക്കന്‍ വിദേശ മന്ത്രിയെ സൗദി വിദേശ മന്ത്രി സ്വീകരിച്ചത്.
സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങളും ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരി, രാഷ്ട്രീയ കാര്യങ്ങള്‍ക്കുള്ള വിദേശ മന്ത്രിയുടെ ഉപദേഷ്ടാവ് മിസ്അബ് ബിന്‍ മുഹമ്മദ് അല്‍ഫര്‍ഹാന്‍ രാജകുമാരന്‍, രാഷ്ട്രീയ കാര്യങ്ങള്‍ക്കുള്ള വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. സൗദ് അല്‍സാത്തി എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. ഇസ്രായില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മാര്‍ക്കോ റൂബിയോ റിയാദിലെത്തിയത്.
മൂന്നു വര്‍ഷത്തോളമായി തുടരുന്ന ഉക്രൈന്‍ യുദ്ധത്തിന് പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് ഇന്ന് റിയാദില്‍ നടക്കുന്ന അമേരിക്ക, റഷ്യ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാട്‌സും മധ്യപൗരസ്ത്യദേശത്തേക്കുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും ഇന്നലെ വൈകിട്ട് റിയാദിലെത്തി. അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്‌റോവ്, റഷ്യന്‍ പ്രസിഡന്റിന്റെ സഹായി യുറി ഉഷകോവ് റിയാദിലേക്ക് തിരിക്കുമെന്ന് ക്രെലിന്‍ അറിയിച്ചു. ഇരുവരും ഇന്നാണ് റിയാദിലെത്തുക.
അതിനിടെ, ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി നാളെ സൗദി അറേബ്യ സന്ദര്‍ശിക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്‍സി അറിയിച്ചു. ദീര്‍ഘകാലമായി ആസൂത്രണം ചെയ്ത ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി സെലെന്‍സ്‌കി ഭാര്യയോടൊപ്പം സൗദി അറേബ്യ സന്ദര്‍ശിക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്‍ഷ്യല്‍ വക്താവ് സെര്‍ഹി നിക്കിഫോറോവ് പറഞ്ഞു. സെലന്‍സ്‌കിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ഉക്രൈന്‍ ഗവണ്‍മെന്റ് സംഘം ഇന്നലെ റിയാദിലെത്തി. ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സൗദിയില്‍ നടക്കുന്ന അമേരിക്ക, റഷ്യ ചര്‍ച്ചകളില്‍ ഉക്രൈന്‍ പങ്കെടുക്കില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. സെലന്‍സ്‌കി ഇന്നലെ യു.എ.ഇയിലെത്തിയിട്ടുണ്ട്. സൗദി അറേബ്യക്കും യു.എ.ഇക്കും പുറമെ തുര്‍ക്കിയും ഉക്രൈന്‍ പ്രസിഡന്റ് സന്ദര്‍ശിക്കുന്നുണ്ട്.