കോഴിക്കോട് : ഇസ്ലാമിന്റെ അടിസ്ഥാന കര്‍മങ്ങളിലൊന്നായ സക്കാത്ത് അര്‍ഹരായവര്‍ക്ക് നല്‍കി ആത്മാവും ധനവും സംസ്‌കരിക്കാനാണ് ഇസ്ലാം നിര്‍ദേശിക്കുന്നതെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. നിബന്ധനകളും നിയമങ്ങളും പാലിച്ച് നിയമപ്രകാരം നല്‍കുമ്പോള്‍ മാത്രമാണ് സകാത്തിന്റെ ബാധ്യത വീടുന്നതെന്ന് വാര്‍ഷിക ജനറല്‍ ബോഡി പ്രമേയത്തില്‍ വ്യക്തമാക്കി. സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫണ്ട് സ്വരൂപിക്കാനുള്ള മാര്‍ഗമല്ല സകാത്ത്. സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അതിന് അവകാശവും അധികാരവുമില്ല.
കച്ചവടത്തിലും ചില ധനങ്ങളിലും വ്യത്യസ്ത കണക്കുകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി സകാത്ത് നിര്‍ബന്ധമാകുന്നു. എട്ട് വിഭാഗത്തിലുള്ള വ്യക്തികള്‍ക്ക് മാത്രം അത് നല്‍കാനാണ് ഖുര്‍ആനും നബിചര്യയും പഠിപ്പിച്ചിട്ടുള്ളത്. അതിന്റെ മുഴുവന്‍ നിയമങ്ങളും ലോകം അംഗീകരിച്ച നാല് മദ്ഹബിന്റെ ഇമാമുകളും കൃത്യമായി വിവരിച്ചിട്ടുണ്ട്. ഇതിന് വിരുദ്ധമായി ചിലര്‍ കമ്മറ്റികളുണ്ടാക്കി നിസ്വാര്‍ഥരായ ജനങ്ങളുടെ സകാത്ത് പിരിച്ച് ബേങ്കുകളില്‍ നിക്ഷേപിക്കുകയും പലിശ ഈടാക്കുകയും ചെയ്യുന്നു. അവകാശികള്‍ക്ക് അപ്പപ്പോള്‍ നല്‍കുന്നതിന് പകരം കമ്മറ്റിയുടെ കൈവശം സൂക്ഷിച്ച് അവകാശം ഹനിക്കുന്നുമുണ്ട്. പരസ്പരം പോരടിക്കുന്ന ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും അവരുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും മീഡിയകള്‍ക്കും സകാത്ത് ഉപയോഗിക്കുന്നതായി കൃത്യമായ തെളിവുകള്‍ സഹിതം ബോധ്യമായിട്ടുണ്ട്. ഇത്തരം കമ്മിറ്റികളിലൂടെ സക്കാത്ത് സമാഹരിക്കുന്നതും അവരെ സകാത് ഏല്‍പിക്കുന്നതും ഇസ്ലാമികമല്ല. സമൂഹം ഇത്തരക്കാരെ കരുതിയിരിക്കണമെന്നും സ്വന്തം ബാധ്യത പൂര്‍ണമായും കൃത്യമായി നിറവേറ്റിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ സക്കാത് ദായകര്‍ ബാധ്യസ്ഥരാണെന്നും സമസ്ത ജനറല്‍ ബോഡി യോഗം പ്രമേയത്തില്‍ വ്യക്തമാക്കി.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മപദ്ധതികള്‍ക്ക് യോഗം അന്തിമ രൂപം നല്‍കി
പ്രസിഡണ്ട് റഈസുല്‍ ഉലമാ ഇ.സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി പ്രാര്‍ത്ഥന നിര്‍വഹിച്ചു ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഒതുക്കുങ്ങല്‍ ഒ.കെ അബ്ദുര്‍റഷീദ് മുസ്ലിയാരെ പുതിയ മുശാവറ അംഗമായും ഇ. അബ്ദുല്ല അഹ്സനി ചെങ്ങാനി, അബ്ദുല്‍ ഗഫൂര്‍ ബാഖവി പെരുമുഖം, ഹസന്‍ ബാഖവി പല്ലാര്‍ എന്നിവരെ സ്ഥിരം ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.
സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പി എ ഹൈദറോസ് മുസ്ലിയാര്‍ കൊല്ലം, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. കോടമ്പുഴ ബാവ മുസ്ലിയാര്‍, കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, അബ്ദുറഹ്മാന്‍ ഫൈസി മാരായ മംഗലം, മൊയ്തീന്‍കുട്ടി ബാഖവി പൊന്മള, മുഹ്യുദ്ദീന്‍ കുട്ടി മുസ്ലിയാര്‍ താഴപ്ര, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, അബദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുറഹ്മാന്‍ ബാഖവി പരിയാരം, സി.മുഹമ്മദ് ഫൈസി, ഐ.എം.കെ ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുന്നാസര്‍ അഹ്സനി ഒളവട്ടൂര്‍, എം അബ്ദുറഹ്മാന്‍ സഖാഫി, പി.എസ്.കെ മൊയ്തു ബാഖവി, ത്വാഹ മുസ്ലിയാര്‍ കായംകുള, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ചര്‍ച്ചയില്‍ പങ്കെടുത്തു.