ജിദ്ദ- തിരുവനന്തപുരം സ്വദേശി സംഗമം ജിദ്ദ യുടെ ഇരുപതാമത് വാർഷികാഘോഷം , അനന്തോത്സവം 2025 വിവിധ കലാ സാംസ്ക്കാരിക പരിപാടികളോടെ ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റ് അംഗണത്തിൽ അരങ്ങേറി. പ്രോഗ്രാം കൺവീനർ ഹാഷിം കല്ലമ്പലം പരിപാടികൾക്ക് തുടക്കം കുറിച്ചു. സിനിമ പിന്നണി ഗായകരരായ അക്ബർ ഖാനും അഞ്ചു ജോസഫും ഗാനാലാപനത്തിന്റെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങൾ കൊണ്ട് ആസ്വാദ്യകരമാക്കി.
സാംസ്ക്കാരിക സമ്മേളനം ഇന്ത്യൻ ഹജ്ജ് കോൺസുൽ മുഹമ്മദ് അബ്ദുൽ ജലീൽ ഉത്‌ഘാടനം ചെയ്തു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യാസിതമായ നിരവധി സാംസ്ക്കാരിക പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്ന മലയാളി സമൂഹത്തെ അദ്ദേഹം അനുമോദിച്ചു.
ചടങ്ങിൽ ജിദ്ദയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ മസൂദ് ബാലരാമപുരം നാസർ മെമ്മോറിയൽ അവാർഡും, പ്രശസ്ത എഴുത്തുകാരിയും സാംസ്ക്കാരിക പ്രവർത്തകയുമായ റജിയാ വീരൻ മഹേഷ് വേലായുധൻ സ്മാരക അവാർഡും ഏറ്റുവാങ്ങി. ടി.എസ്.എസ് സ്ഥാപക അംഗവും സാമൂഹ്യ പ്രവർത്തനവുമായ ഷജീർ കണിയാപുരം ടി.എസ്.എസ് എക്സികുട്ടീവ് അംഗം റഹീം പള്ളിക്കലിൻ്റെ മകനും യു.കെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൻ.ബി.എൽ ഇന്റർനാഷണൽ സി.ഇ.ഒയും യുവ സംരംഭകനുമായ മുഹമ്മദ് നബീലിനെയും ചടങ്ങിൽ ആദരിച്ചു.
പ്രസിഡണ്ട് തരുൺ രത്‌നാകരൻ അധ്യക്ഷ വഹിച്ച സാംസ്ക്കാരിക പരിപാടി ജനറൽ സെക്രട്ടറി ഷരീഫ് പള്ളിപ്പുറം സ്വാഗതവും ട്രഷറർ ഷാഹിൻ ഷാജഹാൻ നന്ദിയും രേഖപ്പെടുത്തി. കണ്ണിൽ കത്തിജ്വലിക്കുന്ന കനലുമായി കാലത്തോട് കലഹിച്ച കണ്ണകിയുടെ പുനരാഖ്യാനം ധന്യമാക്കികൊണ്ട് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന്റെ ഐതീഹ്യ ചരിത്രത്തിലൂടെ നീതാ ജിനു ചിട്ടപ്പെടുത്തി ഫിനോം ആർസ് അക്കാദമി അവതരിപ്പിച്ച കണ്ണകി എന്ന നൃത്തശിൽപ്പം അനന്തോത്സവത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു.
പുഷ്പ്പ സുരേഷ് നൃത്ത സംവിധാനം നിർവഹിച്ച് ഗുഡ് ഹോപ്പ് അക്കാഡമി അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസും ടി.എസ്.എസ് കലാകാരികൾ മൗഷ്മി ഷരീഫും ഐശ്വര്യ തരുണും ഫിനോം അക്കഡമിക്ക് വേണ്ടി സുബിൻ മാഷും ഒരുക്കിയ ഡാൻസ് പരിപാടികൾ കാഴ്ചക്കാരിൽ വ്യത്യസ്തമാർന്ന അനുഭവം സമ്മാനിച്ചു
കലാകൈരളിയുടെ നിറച്ചാർത്തുകൾ കൈയ്യൊപ്പ് ചാർത്തിയ അനന്തോത്സവം 2025 നജീബ് വെഞ്ഞാറമൂട്, ആമിന മുഹമ്മദ് , ആയിഷ മറിയം, മിൻസ ഫാത്തിമ, അസ്‌ന മുഹമ്മദ് , യാസീൻ ഷരീഫ് എന്നിവർ ചേർന്നവതരിപ്പിച്ചു . ടി.എസ്.എസ് എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾ നിയന്ത്രിച്ചു