റിയാദ്: സൗദിയടക്കം വിവിധ രാജ്യങ്ങളിൽ വികസന ഗോപുരങ്ങൾ ഉയരുമ്പോൾ കേരളത്തിൽ വ്യാജസമാധികളാണ് ഉയരുന്നതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഒ.ഐ.സി.സി പാലക്കാട് ജില്ല റിയാദ് കമ്മിറ്റി സംഘടിപ്പിച്ച ‘പാലക്കാടന്‍ തേര്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വെള്ളത്തിന് പകരം മദ്യം നല്‍കുന്നു. ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയത് എന്റെ ശരിയായ തീരുമാനമായിരുന്നു. വിഷം ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്ന് സ്‌നേഹത്തിന്റെ കടയിലേക്ക് വന്നതില്‍ ഏറെ സന്തോഷമുണ്ട്. പി സി ജോര്‍ജ്ജ് ബിജെപിയിലെത്തിയതോടെ സയനൈഡ് ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയായി ബിജെപി മാറി. ബിജെപി വിട്ട് സിപിഎമ്മിലേക്കാണ് ഞാന്‍ പോയിരുന്നതെങ്കില്‍ വിയ്യൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറിയത് പോലെയാകുമായിരുന്നു എന്നും അദ്ദേഹം പരിഹസിച്ചു.
പാലക്കാട്ട് യുഡിഎഫിന്റെ വിജയത്തിന് ശേഷം ബിജെപിക്കും സിപിഎമ്മിനും പറയാനുള്ളത് ന്യൂനപക്ഷ വര്‍ഗീയ ശക്തികളുടെ വിജയമാണ് യുഡിഎഫിന്റെത് എന്നാണ്. എങ്കില്‍ എങ്ങനെയാണ് ആര്‍.എസ്.എസ് സംഘ കേന്ദ്രങ്ങളില്‍ പോലും രാഹുലിന് വോട്ട് കൂടിയത് എന്ന കാര്യം ഇവര്‍ എന്താണ് പറയാത്തത്. സിപിഎം ഒരു സമുദായത്തിന്റെ രണ്ട് പത്രത്തില്‍ പരസ്യം കൊടുത്ത് ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ മോഹിക്കുകയും അതുവഴി വര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ അതെല്ലാം മതേതരത്വ ജനാധിപത്യ വിശ്വാസികള്‍ പാടെ തള്ളിയ കാഴ്ചയാണ് നാം കണ്ടത്. പത്രത്തില്‍ പരസ്യം കൊടുത്തത് സിപിഎം ആണങ്കിലും പരസ്യം സ്‌പോണ്‍സര്‍ ചെയ്തത് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനാണന്നും അദ്ദേഹം പറഞ്ഞു.
പരിപാടി റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. ഒഐസിസി പാലക്കാട് ജില്ല പ്രസിഡന്റ് ഷിഹാബ് കരിമ്പാറ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍, കെഎംസിസി റിയാദ് പ്രസിഡന്റ് സിപി മുസ്തഫ, ഒഐസിസി ഭാരവാഹികളായ സലീം കളക്കര, നവാസ് വെള്ളിമാട്കുന്ന്, നൗഫല്‍ പാലക്കാടന്‍, പ്രമോദ് പൂപ്പാല, അമീര്‍ പട്ടണത്ത്, മൃദുല വിനീഷ്, രാജു പാപ്പുള്ളി, ഹകീം പട്ടാമ്പി, അനസ് മുസാഹ്മിയ, മാത്യൂസ് എറണാകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍ മണ്ണാര്‍ക്കാട് സ്വാഗതവും പ്രോഗാം കണ്‍വീനര്‍ സൈനുദ്ദീന്‍ കൊടക്കാടന്‍ ആമുഖ പ്രഭാഷണവും ജോയിന്‍ ട്രഷറര്‍ നിഹാസ് നന്ദിയും പറഞ്ഞു.
റിയാദ് ഒഐസിസി പാലാക്കാട് ജില്ലാ കമ്മിറ്റിയുടെ മികച്ച പ്രവര്‍ത്തക പുരസ്‌കാര ജേതാവ് അബുതാഹിര്‍, ബിസിനസ് എക്‌സലന്റ് അവാര്‍ഡ് നേടിയ അബ്ദുല്‍ അനീസ്, വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ കൂപ്പണ്‍ മത്സരത്തിലെ വിജയികള്‍ എന്നിവര്‍ക്കുള്ള സമ്മാനങ്ങളും ഫലകവും മുഖ്യാതിഥി സന്ദീപ് വാര്യര്‍ വിതരണം ചെയ്തു.
കൂപ്പണ്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ഫയര്‍ പ്ലറ്റ്‌സ് സമ്മാനമായ ഗോള്‍ഡ് കോയിന്‍ രാജുവിനും രണ്ടാം സമ്മാനമായ ബ്ലുലൈറ്റ് എയര്‍ കാര്‍ഗോ സമ്മാനിച്ച സൈക്കിള്‍ സിദ്ധീഖ് എ.ടിക്കും നൂറ കാര്‍ഗോയുടെ മൂന്നാം സമ്മാനമായ ഇലക്ട്രിക് ഓവന്‍ സിര്‍ജനും കെല്‍ക്കോ സമ്മാനമായ മെഗാ ബംപര്‍ ഭാഗ്യശാലിയായി സെന്‍ട്രല്‍ കമ്മിറ്റി മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരിക്കും ലഭിച്ചു. നിമിഷ നേരം കൊണ്ട് നിസാര്‍ കുരിക്കള്‍ കാന്‍വാസില്‍ വരച്ചെടുത്ത സന്ദീപ് വാര്യരുടെ മുഖചിത്രം ചടങ്ങില്‍ അദ്ദേഹത്തിന് കൈമാറി.
രശ്മി വിനോദ്, റംഷി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ നൃത്തപരിപാടികളും ഗാന വിരുന്നും അറങ്ങേറി. ബൈമി സുബിന്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഷഹീര്‍ കൊട്ടേകാട്ടില്‍, അനസ് കൂട്ടുപാത, മുഹമ്മദലി പെരുവമ്പ്, കരീം ആലത്തൂര്‍, ജോസ് കരിമ്പുഴ അന്‍സാര്‍ തൃത്താല, ഷാജഹാന്‍, സലിം, ബെന്നി പൊമ്പ്ര, ഫാസില്‍ പാലക്കാട്, ശ്യാം, ഹക്കിം ആലത്തൂര്‍, റഷീദ് പുലാപറ്റ, ജയന്‍ മുസാഹ്മിയ, അക്ബര്‍ മുസാഹ്മിയ, ഷംസീര്‍ പത്തിരിപ്പാല എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.