റിയാദ്- പതിനഞ്ച് രാജ്യങ്ങള്‍ കടന്ന് സൗദി അറേബ്യ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരനായ ഭിന്നശേഷി യുവാവിന് റിയാദ് ടാക്കിസ് സ്വീകരണം നൽകി. ഇലക്ട്രിക് മുച്ചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന 28 വയസുകാരനായ ബീഹാര്‍ ഗയ ജില്ലയിലെ തെക്കേരി സ്വദേശി മുഹമ്മദ് ഹാഷിം ഇമാമിനാണ് റിയാദ് ടാക്കിസ് സ്വീകരണം നൽകിയത്. കോർഡിനേറ്റർ ഷൈജു പച്ചയുടെ ആമുഖത്തോടെ തുടങ്ങിയ സ്വീകരണ ചടങ്ങിൽ റിയാദ് ടാക്കിസ് വൈസ് പ്രസിഡന്റ് ഷമീർ കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരി കായംകുളം സ്വാഗതം പറഞ്ഞു. സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ മുജീബ് കായംകുളവും ഉദ്ടഘാടനം ചെയ്തു. ട്രഷറർ അനസ് വള്ളികുന്നവും സെക്രട്ടറി ഹരി കായംകുളവും ചേർന്ന് ഹാഷിം ഇമാമിനെ പൊന്നാട അണിയിച്ചു.
സാജിത മൻസൂർ, സാമൂഹിക പ്രവർത്തകരായ അനിൽ ചിറക്കൽ, ശരീഖ് തൈക്കണ്ടി, ഉമറലി അക്ബർ, മാധ്യമ പ്രവർത്തകൻ ഷിബു ഉസ്മാൻ, ഉപദേശക സമിതി അംഗം നവാസ് ഒപ്പീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുൽഫി കൊച്ചു, അൻവർ സാദത്ത് ഇടുക്കി , സജീർ സമദ് , സിജു ബഷീർ , എൽദോ വയനാട് , നൗഷാദ് പള്ളത്ത് , നസീർ അൽഹൈർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു ,
അംഗങ്ങളായ ഷഫീഖ് വലിയ , റജീസ് ചൊക്ലി , നാസർ വലിയകത്ത് , ഇബ്രാഹിം , റിസ്വാൻ , വിജയൻ കായംകുളം , ബാദുഷ , സൈദ് , ഖൈസ് നിസാർ , മഹേഷ് ജയ് , രാജീവ് പണിക്കർ എന്നിവർ സന്നിഹിതരായിരുന്നു .
40,000 കിലോ മീറ്റര്‍ സഞ്ചരിച്ചാണ് അരക്കുതാഴെ ജന്മനാ ചലനം നഷ്ടപ്പെട്ട ഹാഷിം തന്റെ ഇച്ഛാശക്തിയും ആത്മധൈര്യവും കൊണ്ട് വിജയകരമായി യാത്ര തുടർന്ന് റിയാദിൽ എത്തിയത്. 195 രാജ്യങ്ങൾ സന്ദർശിക്കുകയാണ് ലക്ഷ്യം .
രണ്ടു വര്‍ഷമായി തുടരുന്ന യാത്രയില്‍ 20 ശതമാനം വിമാനത്തിലും ഇതര വാഹനങ്ങളിലുമാണ് സഞ്ചരിക്കുന്നത്. ബാക്കി 80 ശതമാനവും മുച്ചക്രവാഹനമാണ് ഹാഷിമിന് കൂട്ട്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 30 കിലോ മീറ്റര്‍ ദൂരം ഇലക്ട്രിക് വീല്‍ ചെയറില്‍ സഞ്ചരിക്കാന്‍ കഴിയും. മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുന്ന വേഗതയില്‍ എവിടെയും ബാറ്ററി റീചാര്‍ജ്ജ് ചെയ്യാനാവും. ഫുള്‍ ചാര്‍ജ്ജുളള അധിക ബാറ്ററി, ടയര്‍, അത്യാവശ്യം അറ്റകുറ്റപ്പണിക്കുളള സാമഗ്രികള്‍, വിശ്രമത്തിന് ആവശ്യമായ സാധനങ്ങളളെല്ലാം കരുതിയാണ് യാത്ര .
അപരിചിതരുടെ ട്രക്കിലും വീല്‍ ചെയര്‍ കയറ്റാന്‍ സൗകര്യമുളള വാഹനങ്ങളിലുമാണ് റോഡ് മാര്‍ഗം രാജ്യാതിര്‍ത്തികള്‍ കടക്കുക. നഗരങ്ങളില്‍ നിന്നു നഗരങ്ങളിലേക്കും വാഹനങ്ങളെ ആശ്രയിക്കും. ദമ്മാമില്‍ രണ്ടാഴ്ചത്തെ സന്ദർശനത്തിന് ശേഷമാണ് റിയാദിലെത്തിയത്. സൗജന്യമായി തരപ്പെടുത്തുന്ന യാത്രയില്‍ ഓരോ പ്രദേശത്ത് എത്തുമ്പോഴും സാമൂഹിക മാധ്യമങ്ങള്‍ വഴി താമസ സൗകര്യം അഭ്യര്‍ത്ഥിക്കും.
ലോകത്ത് ആദ്യമായാണ് അംഗപരിമിതനായ ഒരാള്‍ ഒറ്റയ്ക്ക് ലോക സഞ്ചാരം നടത്തുന്നത്. അംഗപരിമിതരുടെ ശാക്തീകരണമാണ് യാത്രയുടെ ലക്ഷ്യം. ഓരോ രാജ്യത്തെയും അംഗപരിമിതരെ അടുത്തറിയാനും അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനുമാണ് യാത്ര. മാത്രമല്ല, ഇവ വിശകലനം ചെയ്തു അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുക എന്നതും യാത്രയുടെ ലക്ഷ്യമാണ്. കന്യാകുമാരിയില്‍ നിന്നു സിയാച്ചിന്‍ വഴി ബംഗ്ലാദേശിലെത്തി. തുടര്‍ന്ന് മലേഷ്യ, തായ്‌ലന്റ്, കംബോഡിയ, വിയറ്റ്‌നാം, ചൈന, റഷ്യ, ഉസ്ബക്കിസ്ഥാന്‍, അസര്‍ബൈജാന്‍, ഒമാന്‍, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ പിന്നിട്ടാണ് ദമാമിൽ എത്തിയത്. സൗദിയിലെ വിവിധ പ്രവിശ്യകള്‍ സന്ദര്‍ശിക്കുമെന്നും ഹിഷാം പറഞ്ഞു.