അപൂർവ്വതകളോടെ വിവിധ രംഗങ്ങളിൽ ശോഭിച്ച വ്യക്തിത്വമായിരുന്നു പ്രിയങ്കരനായ മമ്മുണ്ണി ഹാജി സാഹിബ്. രാഷ്ട്രീയത്തെ അദ്ദേഹം പൂർണമായും സാമൂഹിക സേവന രംഗമായിക്കണ്ട് നാടിനും ജനങ്ങൾക്കും വേണ്ടി ഏറ്റവും ഫലപ്രദമായ രീതിയിൽ വിനിയോഗിച്ചു. അദ്ദേഹം എം.എൽ.എ ആയിരുന്ന കാലത്താണ് ഈ എളിയവനും കേരള നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അവിടെ പ്രവർത്തിക്കുകയുമുണ്ടായത്. സഭക്കകത്തും പുറത്തും ഒരു എം.എൽ.എ എന്ന നിലയിൽ പൂർണ്ണ വിജയമായിരുന്നു മമ്മുണ്ണിഹാജി. സഭക്കകത്ത് നിയമനിർമ്മാണ സന്ദർഭങ്ങളിലും ചർച്ചാവേളകളിലും തന്റെ സ്വതസിദ്ധമായ രീതിയിൽ അദ്ദേഹം സജീവമായി ഇടപെടുകയും ശക്തമായി സംസാരിക്കുകയുമുണ്ടായ പല അവസരങ്ങളും ഓർത്തുപോകുന്നു.
അതുപോലെ തന്റെ മണ്ഡലത്തിലെ വികസന കാര്യങ്ങളിലും വളരെ വലിയ താല്പര്യമെടുത്ത അദ്ദേഹം അതിനുവേണ്ടി സദാ കർമ്മനിരതനായി പ്രവർത്തിച്ചു. വികസന പ്രവർത്തനത്തിന് വേണ്ടിയുള്ള ജനപ്രതിനിധിയുടെ കഠിനപ്രയത്നവും അതിനുവേണ്ടിയുള്ള അർപ്പണബോധവും മമ്മുണ്ണി ഹാജിയിൽ നിന്ന് പഠിക്കണം എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിൻ്റെ അക്കാലത്തെ പ്രവർത്തനങ്ങൾ.
മമ്മുണ്ണി ഹാജിയുമായി വളരെ അടുത്ത് ബന്ധപ്പെടാനും അദ്ദേഹമൊന്നിച്ച് പ്രവർത്തിക്കാനും സാധിച്ചതിൽ അഭിമാനവും കൃതാർത്ഥതയും തോന്നുന്നു. അവിസ്മരണീയവും നാടിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ സന്നിഗ്ധവുമായ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ ഈ വിനീതൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മമ്മുണ്ണി ഹാജി വഹിച്ച നേതൃപരവും വിവിധോന്മുഖവുമായ ഇടപെടലുകളും പ്രയത്നങ്ങളും എന്നും ഓർമ്മയിലുള്ളതാണ്. സമാദരണീയനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി വളരെ വലിയ അടുപ്പവും സ്നേഹബന്ധവുമാണ് മമ്മുണ്ണി ഹാജിക്ക് ഉണ്ടായിരുന്നത്. അതുപോലെ മുസ്ലിം ലീഗിൻ്റെയും യു.ഡി.എഫിൻ്റെയും സമുന്നതരായ നേതാക്കൾക്കെല്ലാം അദ്ദേഹത്തോട് വലിയ ഇഷ്ടവും അടുപ്പുമായിരുന്നു. ഗുരുവായൂർ തെരഞ്ഞെടുപ്പിൽ ബഹുമാനപ്പെട്ട ശ്രീ. കെ.കരുണാകരനും പ്രിയങ്കരനായ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും ഏറെ സുപ്രധാനമായ ഉത്തരവാദിത്തങ്ങൾ പലതും മമ്മുണ്ണി ഹാജിയെയായിരുന്നു ഏൽപ്പിക്കുകയുണ്ടായത്.
അതിനു മുമ്പും അതിനുശേഷവുമെല്ലാം അദ്ദേഹത്തോടും കുടുംബത്തോടും അടുത്ത് ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ട്. രോഗബാധിതനായ ശേഷവും പലപ്പോഴും അദ്ദേഹത്തെ കാണാൻ പോയി. ശാരീരികമായ അവശതയിലും അല്പസ്വല്പം മറവി വന്ന സന്ദർഭങ്ങളിൽ പോലും അദ്ദേഹം എന്നെ തിരിച്ചറിയുകയും എൻ്റെ സന്ദർശനത്തിൽ ഉള്ളുണർന്ന് സന്തോഷിക്കുകയും ചെയ്തതും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ്. നാടിനും ജനങ്ങൾക്കും പാർട്ടിക്കും വേണ്ടി മമ്മുണ്ണി ഹാജി ചെയ്ത സേവനങ്ങൾ എക്കാലത്തും ഓർക്കപ്പെടും.