മലപ്പുറം: മരം ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. മലപ്പുറം തുവ്വൂര്‍ സ്വദേശി ഷംസുദീന്‍ (54) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് അപകടം നടന്നത്. മരമില്ലിലേക്ക് ലോറിയില്‍ കൊണ്ടുവന്ന മരം ഇറക്കുകയായിരുന്നു ഷംസുദ്ദീനും മില്ലിലെ മറ്റുജീവനക്കാരും. ഇതിനിടെയാണ് അപകടമുണ്ടായത്.
ലോറിക്ക് മുകളിലായിരുന്നു ഷംസുദ്ദീന്‍ ഉണ്ടായിരുന്നത്. ഇതിനിടെ അപ്രതീക്ഷിതമായി ലോറിയില്‍ നിന്നും തടികള്‍ ഉരുണ്ട് താഴേക്ക് വീണു. ഇതിനൊപ്പം ഷംസുദ്ദീനും വീണു. വീഴ്ചയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ സാധിക്കാതെ കിടന്ന ഷംസുദ്ദീന്റെ ദേഹത്തേക്ക് ലോറിയില്‍നിന്നും മറ്റൊരു തടി വീഴുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലോറിയില്‍നിന്ന് മരം ഒന്നായി താഴേക്ക് പതിക്കുമ്പോള്‍ താഴെയുണ്ടായിരുന്നവര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിമാറുന്നത് ദൃശ്യത്തില്‍ കാണാം.